Thiruvananthapuram

നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി മടക്കം ; ധീരജവാന്‍ വിഷ്ണുവിന് അന്ത്യാഞ്ജലി

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ നന്ദിയോട് പൊട്ടന്‍ചിറ അനിഴത്തില്‍ വിഷ്ണുവിന്റെ (35) ഭൗതികശരീരം ഒരു നോക്കുകാണാനായി ആയിരങ്ങളാണ് വീട്ടിലെത്തിയത്. ‘പനോരമ’ എന്ന വീട്ടില്‍ വന്‍ജനാവലിയാണ് വിഷ്ണുവിനെ കാത്തുനിന്നത്. വിഷ്ണു പുതുതായി പണി കഴിപ്പിച്ച വീട്ടില്‍ ഭൗതിക ശരീരം എത്തിച്ചപ്പോള്‍ എല്ലാവരുടേയും കണ്ണു നിറഞ്ഞു. പഠിക്കുമ്പോള്‍ തന്നെ പട്ടാളക്കാരനാകണം എന്നായിരുന്നു വിഷ്ണു ആഗ്രഹിച്ചിരുന്നത്.

ആ ദൃഢനിശ്ചയമാണ് വിഷ്ണുവിനെ പട്ടാളക്കാരനാക്കിയത്. സ്വന്തമായ വീടെന്ന സ്വപ്നവും പൂര്‍ത്തിയാക്കി. ‘പനോരമ’ എന്നാണു വീട്ടിനു പേരിട്ടത്. ഒരു മുറി പട്ടാള ജീവിതത്തിന്റെ ഓര്‍മകള്‍ക്കായി പ്രത്യേകമായി ക്രമീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അടുത്ത തവണ അവധിക്കെത്തുമ്പോള്‍ അതു സജ്ജീകരിക്കാനായിരുന്നു തീരുമാനം. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ശേഷമാണ് ഒന്നരമാസം മുന്‍പ് ജോലി സ്ഥലത്തേക്ക് പോയത്. ഇളയെ മകനെ എഴുത്തിനിരുത്തുകയും ചെയ്തു. വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് വിഷ്ണുവിന്റെ മടക്കം. ഉച്ചയോടെ പാലോട് കരിമണ്‍കോട് ശാന്തികുടീരം പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

മന്ത്രിമാരായ വി ശിവന്‍കുട്ടി, ജെ ചിഞ്ചുറാണി, എംഎല്‍എമാര്‍, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍, നാട്ടുകാര്‍ അടക്കം വലിയ ജനാവലി വിഷ്ണുവിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി എത്തി. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികശരീരം രാവിലെ താന്നിമൂട് ചുണ്ടകരിക്കകത്തെ വീട്ടിലേക്കാണ് ആദ്യം എത്തിച്ചത്. തുടര്‍ന്നു പൊട്ടന്‍ചിറയിലെ കുടുംബവീട്ടില്‍ എത്തിച്ചു. പൊതു ദര്‍ശനത്തിനു ശേഷം 10 മണിയോടെ വിലാപയാത്രയായി പുറപ്പെട്ടു. നന്ദിയോട് ജംക്ഷനിലും വിഷ്ണു പഠിച്ച എസ്‌കെവി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനം നടത്തി. തുടര്‍ന്നായിരുന്നു പാലോട് കരിമണ്‍കോട് ശാന്തികുടീരം പൊതുശ്മശാനത്തില്‍ സംസ്‌കാരം.

Latest News