ജര്‍മന്‍ റെയില്‍വേ സംരംഭത്തില്‍ മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ക്കായി ജര്‍മ്മന്‍ പ്രതിനിധി സംഘം കേരളത്തിലെത്തി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഡോയ്ച് ബാന്‍ എന്നത് ജര്‍മ്മന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഒരു റെയില്‍വേ സംരംഭമാണ്. നിലവില്‍ 9,000 കിലോമീറ്ററോളം അവരുടെ റെയില്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇത് 2030ഓടെ പൂര്‍ത്തിയാകേണ്ടതുമാണ്.
ഇതിനായി നിലവില്‍ മെക്കാനിക്കല്‍, സിവില്‍ മേഖലകളില്‍ നിന്നുള്ള ഐ ടി ഐ, എഞ്ചിനീയറിംഗ് , പോളിടെക്നിക് എന്നി സാങ്കേതിക വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളുടെ വലിയതോതിലുള്ള ആവശ്യകത ജര്‍മ്മനിക്കുണ്ട്. ആയത് പരിഹരിക്കുന്നതിനായി ഡോയ്ച് ബാനിന് അനുയോജ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി, നൈപുണ്യ വികസനവും, ഓണ്‍ ദ ജോബ് ട്രെയിനിങ് എന്നിവ സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്സ് വഴി നടപ്പിലാക്കാന്‍ സാധിക്കുമോ എന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് മന്ത്രി വി ശിവന്‍കുട്ടിയെ കണ്ടത്.
കേരള സര്‍ക്കാരും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി ഇതിനോടകം തന്നെ ആരോഗ്യ മേഖലയില്‍ ‘ട്രിപ്പിള്‍ വിന്‍’ എന്ന പേരില്‍ ഒരു പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
തുടര്‍ന്ന് ജര്‍മനിയില്‍ നിയമനത്തിന് ശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി 2 ലെവല്‍ പരിശീലനവും ലഭിക്കും. സംസ്ഥാന നൈപുണ്യ വികസന മിഷനെന്ന നിലയില്‍ അന്താരാഷ്ട്ര മൊബിലിറ്റി സുഗമമാക്കുക എന്ന ലക്ഷ്യവും കെയ്സില്‍ അര്‍പ്പിതമാണ്. ആയതിലേക്കായി ട്രിപ്പിള്‍ വിന്‍ മോഡലിന് സമാനമായ ഒരു ചട്ടക്കൂട് ജര്‍മ്മന്‍ റെയില്‍വേയിലേക്കുള്ള ‘എഞ്ചിനീയറിംഗ്/ ITI/ പോളിടെക്നിക് പ്രൊഫഷണലുകള്‍ക്ക് വേണ്ടി കൂടി തയ്യാറാക്കാന്‍ സാധിച്ചാല്‍ ആയത് കേരളത്തിലെ സാങ്കേതിക യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് ഒരു മുതല്‍കൂട്ടാവും.