മനുഷ്യന്‍ ജോലി ചെയ്യുന്നതു തന്നെ അന്നത്തിനു വേണ്ടിയാണ്. വിശപ്പും ദാഹവും മാറ്റാന്‍ വേണ്ടി. തന്റെ അധ്വാനത്തിന്റെ കൂലി വിശപ്പു മാറ്റാന്‍ ഉപകരിച്ചില്ലെങ്കില്‍ പിന്നെന്തു ചെയ്യും. ജീന്‍വാല്‍ ജീനിന്റെ കഥ മുതല്‍ ഒരു നേരത്തെ ഭക്ഷണം എടുത്തതിന് തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റേതടക്കം എത്രയോ കഥകളാണ് നമ്മള്‍ കേട്ടിരിക്കുന്നത്. പഠിച്ചതും കണ്ടതും കേട്ടതുമായ കഥകള്‍ക്കപ്പുറം അതിലെല്ലാം ഒരു സത്യമുണ്ട്. വിശപ്പ് എന്ന സത്യം.
അങ്ങനെയുള്ള ‘ഒരു കഥ സൊല്ലട്ടുമാ’. വിശപ്പിനു മുമ്പില്‍ സ്വന്തം വ്യക്തിത്വവും, സത്യസന്ധതയും മാറ്റിവെയ്‌ക്കേണ്ടി വന്ന ഒരുപാവം KSRTC ജീവനക്കാരന്റെ കഥ. വായിച്ചു തീര്‍ക്കാന്‍ മറക്കരുത്. കാരണം, ഇത് നിങ്ങളുടെയും കൂടി കഥയാണ്. നിസ്സഹായരായിപ്പോയ ഒരുകൂട്ടം സര്‍ക്കാര്‍ ജീവനക്കാരുടെ നേരിന്റെ കനലെരിയുന്ന കഥ.
ആ സംഭവം പറയുമ്പോള്‍ അയാള്‍ കരയുകയായിരുന്നു, നിശബ്ദം. അയാള്‍ കരയുന്നുണ്ടെന്ന് മനസ്സിലാകാതിരിക്കാന്‍ ഉള്ളുരുകിയാണ് കരഞ്ഞത്. കുറ്റബോധവും, അരുതാത്തതെന്തോ ചെയ്തതിന്റെയും ഭാരം ഇറക്കിവെയ്ക്കാനെന്നോണമായിരുന്നു ആ തുറന്നു പറച്ചില്‍. ഒരു കാര്യം പറയാം. ആ മനുഷ്യനെ സഹായിക്കണ്ട, പക്ഷെ ശിക്ഷിക്കരുത്. അത്രയ്ക്കും മനസ്ഥാപമുണ്ട്. കഥ പറഞ്ഞു തുടങ്ങുമ്പോള്‍ മുതല്‍ കരയുകയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതു പോലും അതുകൊണ്ടാണ്. ആ കരച്ചില്‍ ഓരോ KSRTCക്കാരന്റെയും നെഞ്ചു പിടച്ചിലാണെന്ന് തിരിച്ചറിഞ്ഞു. സമാധാനപ്പെടുത്താന്‍ ശ്രമിച്ചു. കഴിഞ്ഞില്ല.
അയാള്‍ പറഞ്ഞ കഥ;
എറണാകുളം വൈറ്റില ഹബ്ബില്‍ നിന്നും മലയോര ജില്ലയിലേക്ക് പോകാന്‍ നില്‍ക്കുന്ന ഒരു KSRTC ഫാസ്റ്റ് പാസഞ്ചര്‍ ബസ്. വണ്ടി സ്റ്റാന്റില്‍ പിടിച്ചിരിക്കുന്നു. ബസില്‍ യാത്രക്കാര്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ തന്നെ. വണ്ടി പുറപ്പെടാന്‍ അനൗണ്‍സ്‌മെന്റ് എത്തി. റെസ്റ്റിംഗ് റൂമില്‍ നിന്നും ഡ്രൈവറും കണ്ടക്ടറും ബസില്‍ കയറി. വണ്ടിസ്റ്റാര്‍ട്ട് ചെയ്തിട്ടു. കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങി. ഡബിള്‍ബെല്ലടിച്ചതും വണ്ടി പതിയെ മൂവ്‌ചെയ്തു. അപ്പോഴാണ് ഡ്രൈവറുടെ അടുത്തേക്ക് മുഷിഞ്ഞ തുണിയുടുത്ത ഒരു ചെറുപ്പക്കാരന്‍ ഓടി വന്നത്. ചെറുപ്പക്കാരനെ കണ്ടപ്പോള്‍ ബസ് നിര്‍ത്തി. ഡ്രൈവര്‍ തലപുറത്തേക്കിട്ടു ചോദിച്ചു, ‘എന്താ’. ആ ചെറുപ്പക്കാരന്റെ കൈയ്യില്‍ ഒരു ചെറിയ പൊതിയുണ്ടായിരുന്നു. അത് ഡ്രൈവര്‍ക്കു നേരെ നീട്ടിയിട്ട് പറഞ്ഞു. ‘ സാര്‍, ഇത് ഹൃദ്ദ്രോഗികള്‍ കഴിക്കുന്ന മരുന്നാണ്. എന്റെ അച്ഛനു വേണ്ടി വാങ്ങിയതാണ്.
വണ്ടിക്കാശില്ല, നാട്ടില്‍ പോയി തിരിച്ചു വരാന്‍. ഈ മരുന്ന് ഒന്ന് കൊണ്ടു പോകാമോ?’. ഡ്രൈവര്‍ അപ്പോള്‍ പറഞ്ഞു ‘ പാഴ്‌സലൊക്കെ ലോജിസ്റ്റിക്‌സ് വഴിയാണ് അയയ്ക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊന്നും കൊണ്ടു പോകാറില്ല’. ചെറുപ്പക്കാരന്‍ കൈ കൂപ്പി തൊഴുതു ‘ കരുണ കാണിക്കണം, അച്ഛന്‍ അവിടെ കാത്തിരിക്കും. ഞാന്‍ ബസില്‍ കൊടുത്തു വിടാമെന്നും പറഞ്ഞു പോയി സാര്‍, സഹായിക്കണം’. ഒരു മനുഷ്യന്റെ ജീവന്റെ വിലയാണ് മരുന്നുകള്‍. അതും നീട്ടി സഹായം അഭ്യര്‍ത്ഥിക്കുന്ന പാവം ചെറുപ്പക്കാരനെ നിരാശപ്പെടുത്താനുമാവില്ല. മരുന്നുപൊതി വാങ്ങുമ്പോള്‍ അതിനൊപ്പം ആ ചെറുപ്പക്കാരന്‍ ഒരു നൂറുരൂപയും കൂടെ തന്നു. പക്ഷെ, അത് വാങ്ങാന്‍ മനസ്സനുവദിച്ചില്ല.
‘ഈ പൈസ വേണ്ട’ ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍, ചെറുപ്പക്കാരന്‍ വീണ്ടും കൈ കൂപ്പിക്കൊണ്ടു പറഞ്ഞു ‘ സര്‍ ഇതു വാങ്ങണം’. ‘വേണ്ട’ എന്നു പറഞ്ഞതിന്റെ ശക്തികുറഞ്ഞിരുന്നോ എന്നൊരു സംശയം തോന്നി. ശരിയാണ് അയാള്‍ നീട്ടിയ നൂറു രൂപനോട്ട് ഡ്രൈവര്‍ വാങ്ങി. സ്വന്തം പോക്കറ്റില്‍ അതിനേക്കാള്‍ കുറച്ചു കാശേ ഉണ്ടായിരുന്നുള്ളൂ എന്ന സത്യം ഓര്‍ത്തപ്പോഴാണ് അറിയാതെ നൂറു രൂപയിലേക്ക് കൈ നീണ്ടത്. മരുന്നും ഏല്‍പ്പിച്ച്, നന്ദിയും പറഞ്ഞ് ആ ചെറുപ്പക്കാരന്‍ വലിയ നഗരത്തിലെ അണമുറിയാത്ത തിരിക്കുകളില്‍ മുങ്ങി. വീണ്ടും ഡബിള്‍ബെല്‍ മുഴങ്ങിയതോടെ ഡെസ്റ്റിനേഷനിലേക്കുള്ള യാത്ര തുടങ്ങി.
വൈകിട്ട് ഭക്ഷണം കഴിക്കാന്‍ പൈസയില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് ദൈവത്തെപ്പോലെ മരുന്നുമായി ആ ചെറുപ്പക്കാരന്‍ വന്നത്. വീട്ടില്‍ നിന്നും ഡ്യൂട്ടിക്കിറങ്ങുമ്പോള്‍ പോക്കറ്റിലുണ്ടായിരുന്നത് 70 രൂപയണ്. രണ്ടാംഗഡു ശമ്പളം ഇതുവരെയും കിട്ടിയിട്ടില്ല. ഇന്നത്തെ ഡ്യൂട്ടിക്കാണെങ്കില്‍ സ്ഥിരം വരുന്ന കണ്ടക്ടറുമല്ല. അയാളാണ് സ്ഥിരമായി ഭക്ഷണം വാങ്ങി തരുന്നത്. ശമ്പളം കിട്ടുമ്പോള്‍ ഒരുമിച്ച് കാശ് അയാള്‍ക്കു കൊടുക്കും. അങ്ങനെ സ്വന്തം ഗതികേടിനെ ഡ്രൈവര്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചാണ് ജീവിക്കുന്നത്. പുറത്തു പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് ചോദിക്കും, ഒരു നേരം പട്ടിണിയിരുന്നാല്‍ ചത്തൊന്നും പോകില്ലല്ലോ എന്ന്. ശരിയാണ് ചത്തു പോകില്ല, പക്ഷെ, ഡ്രൈവിംഗ് അത്ര സുഖമുള്ള ഏര്‍പ്പാടല്ല.
പ്രത്യേകിച്ച് യാത്രക്കാരുള്ള ബസ് ഓടിക്കുന്നത്. അതും കൊടും വളവും, കുത്തിറക്കങ്ങളും ഉള്ളറോഡുകളില്‍. ശരീരം ക്ഷീണിക്കാനോ, ഉറങ്ങാനോ പാടില്ല. അതിന് നല്ല ഭക്ഷണം കൃത്യ സമയത്ത് കിട്ടണം. അതിന്റെ ഊര്‍ജ്ജത്തില്‍ വേണം ചക്രം തിരിക്കാനും, ബ്രേക്കു പിടിക്കാനുമൊക്കെ. പുതിയ കണ്ടക്ടറോട് ഭക്ഷണം വാങ്ങിത്തരാന്‍ എങ്ങനെ പറയും. ഡ്രൈവര്‍ ഓര്‍ത്തു. അപ്പോഴാണ് ദൈവദുതനെപ്പോലെ മരുന്നുകളുമായി ആ ചെറുപ്പക്കാരനെത്തിയത്. (ചെയ്തത് നൂറുശതമാനവും തെറ്റാണെന്ന് അറിയാമായിരുന്നിട്ടും ആ കാശ് വാങ്ങാന്‍ തോന്നിയത് ഗതികേടിന്റെ നെല്ലിപ്പലകയില്‍ ആയതു കൊണ്ടാണെന്നു പറഞ്ഞ് അയാള്‍ കരയുകയായിരുന്നു.)
മണിക്കൂറുകളുടെ ഓട്ടത്തില്‍ ബസ് മലയോര ജില്ലയില്‍ കടന്നു. വളവുകള്‍ക്കും തിരിവുകള്‍ക്കുമൊടുവില്‍ ബസ് കാത്തു നില്‍ക്കുന്ന വയസ്സായ ഒരു മനുഷ്യന്റെ മുമ്പില്‍ നിര്‍ത്തി. മെലിഞ്ഞുണങ്ങിയ, കറുത്തൊരു മനുഷ്യന്‍. ഷര്‍ട്ട് ഇട്ടിട്ടില്ല, ഉടുത്തിരിക്കുന്നത് വെള്ളയെന്നു തോന്നിക്കുന്ന മുണ്ടു മാത്രം. കൊടും തണുപ്പില്‍ നിന്നും രക്ഷയ്ക്കായി കൈയ്യിലൊരു കുട മാത്രമുണ്ട്. ബസിന്റെ ഹെഡ് ലൈറ്റില്‍ കണ്ട ആ വയസ്സായ മനുഷ്യന്‍ ഡ്രൈവറുടെ അടുത്തു വന്ന് മകന്‍ തന്നുവിട്ട മരുന്ന് ആവശ്യപ്പെട്ടു. അതെടുത്ത് അയാളുടെ കൈയ്യില്‍ കൊടുക്കുമ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. എങ്കിലും ആര്‍ക്കാണ് ഈ മരുന്നെന്നു ചോദിച്ചപ്പോള്‍, എനിക്കാണെന്നും കുറച്ചു ദിവസമായി മരുന്നു തീര്‍ന്നിട്ടെന്നും ആ വയസ്സന്‍ പറഞ്ഞു. മകനാണ് മരുന്ന് തന്നു വിട്ടതെന്നും പറഞ്ഞു.
സ്‌റ്റോപ്പില്ലാത്ത ഇടത്താണ് ബസ് നിര്‍ത്തിയത്. അതുകൊണ്ടു തന്നെ കണ്ടക്ടര്‍ ഡബിള്‍ബെല്ലടിക്കാന്‍ തുടങ്ങി. ആ മനുഷ്യന്‍ പോകാനൊരുങ്ങിയപ്പോള്‍ പെട്ടെന്ന്, പോക്കറ്റില്‍ നിന്നും നൂറുരൂപയെടുത്ത് അയാള്‍ക്കു നീട്ടി. ഇതു വാങ്ങിച്ചോളൂ, മകന്‍ തന്നുവിട്ടതാണെന്നും പറഞ്ഞു. എന്നാല്‍, അത് വാങ്ങാന്‍ നില്‍ക്കാതെ ആ വയസ്സായ മനുഷ്യന്‍ നന്ദിയും പറഞ്ഞ് തേയില തോട്ടത്തിലൂടെ മുകളിലേക്കു കയറിപ്പോയി. കുറ്റബോധവും, വിഷമവും വേദനയും വിശപ്പുമെല്ലാം കലര്‍ന്ന ഒരു മരവിപ്പാണ് അപ്പോഴുണ്ടായത്. തന്റെ ഗതികേടുകൊണ്ട് അരുതാത്തത് ചെയ്തു പോയല്ലോ എന്നൊരു തോന്നല്‍. പിന്നീടങ്ങോട്ടുള്ള ദൂരമത്രയും അതേക്കുറിച്ചായിരുന്നു ചിന്തയും. ഡെസ്റ്റിനേഷനില്‍ എത്തിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കണ്ടക്ടര്‍ വിളിച്ചു.
ഭക്ഷണത്തിന്റെ കാശ് കണ്ടക്ടര്‍ കൊടുത്തേളാം എന്നു പറഞ്ഞെങ്കിലും, ആ നൂറുരൂപ കണ്ടക്ടറെ ഏല്‍പ്പിച്ചിട്ട് ബാക്കി കൊടുത്താല്‍ മതിയെന്നു പറയുകയായിരുന്നു. തിരികെ എറണാകുളത്തേക്കു മടങ്ങുമ്പോള്‍ വഴിയരികില്‍ ആ വയസ്സായ മനുഷ്യനെ നോക്കിയിരുന്നു. എവിടെയും കണ്ടില്ല. വൈറ്റിലയില്‍ എത്തുന്നതു വരെ മനസ്സിനെ അലട്ടിയതും അതായിരുന്നു. അപ്പോഴും പോക്കറ്റില്‍ 70 രൂപ ഉണ്ടായിരുന്നു. വിശപ്പിന്റെ വിലയറിയുന്നതു കൊണ്ടുതന്നെ ആ കാശ് ചിലവാക്കാതെ സൂക്ഷിച്ചു.
പിറ്റേന്നും ജോലിക്കു പോകുമ്പോള്‍ കൈയ്യിലുള്ളത് 70 രൂപയാണെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോ?. കഴിഞ്ഞ പത്തിരുപത് കൊല്ലമായി ഓരാളില്‍ നിന്നും ഒരു രൂപ പോലും അനധികൃതമായി കൈ നീട്ടി വിങ്ങിയിട്ടില്ല. പക്ഷെ, ഇന്ന് വാങ്ങേണ്ടി വന്നു. അത് മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. KSRTC ജീവനക്കാരുടെ ഗതികേടിന്റെ പാഠമാണിത്. (ഇത്രയും പറഞ്ഞു കഴിഞ്ഞതോടെ അയാള്‍ വിതുമ്പിപ്പോയി.) ഒരു KSRTC ജീവനക്കാരന്റെ വിശപ്പ് അറിയേണ്ടത് ആരാണ്.
കുടുംബത്തിന്റെ അവസ്ഥ എന്താണെന്ന് ചിന്തിക്കേണ്ടത് ആരാണ്. എങ്ങനെയാണ് ജീവിക്കുന്നതെന്ന് അന്വേഷിക്കുന്നതാരാണ്. ഇത് ഒരു ജീവനക്കാരന്റെ മാത്രം പ്രശ്‌നമല്ല. ഇതുപോലുള്ള ആയിരം കഥകളുണ്ട്. അതെല്ലാം കേള്‍ക്കാന്‍ മനസ്സുള്ളവരുണ്ടെങ്കില്‍ പറയാന്‍ അവരും തയ്യാറാകും. പക്ഷെ, ആരും കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മരണത്തിനു കീഴങ്ങിയാലോ എന്ന ചിന്തയാകും പിന്നീടുണ്ടാകുന്നത്. KSRTC ജീവനക്കാരുടെ ആത്മഹത്യകള്‍ ഇപ്പോള്‍ എല്ലാ പരിധിയും വിട്ടു കഴിഞ്ഞു.
(മുന്നറിയിപ്പ്: അത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല)