Movie News

കല്‍ക്കി 2898 എഡിയുടെ പ്രീബുക്കിംഗ് 200 കോടിയിലേക്കോ!?

പ്രഭാസും ദീപിക പദുക്കോണും അഭിനയിച്ച കല്‍ക്കി 2898 എഡി തിയറ്ററുകളില്‍ എത്തുന്നതിന് മുമ്പുതന്നെ വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്. ബുക്കിംഗ് ഓപ്പണായ ആദ്യ ദിനത്തില്‍ തന്നെ ചിത്രം 10 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു. ആദ്യ ദിന കളക്ഷന്‍ 37 കോടി രൂപയായിരുന്നു. 2024ലെ ഇതുവരെയുളളതില്‍ ഏറ്റവും കൂടിയ പ്രീ ബുക്കിംഗ് തുകയാണിത്. പ്രീ ബുക്കിംഗില്‍ 200 കോടി കൈവരിച്ചാല്‍ ആര്‍ആര്‍ആര്‍, ബാഹുബലി 2 എന്നീ സിനിമകള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായിരിക്കും ഇത്.

ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് സിനിമ നിരൂപകര്‍ പറയുന്നത്. കൂടാതെ പ്രീ ബുക്കിങ് തുക 200 കോടി രൂപ കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് അഡ്വാന്‍സ് ബുക്കിംഗില്‍ 31 കോടിയിലധികം രൂപയാണ് നേടിയത്. 2ഡി പതിപ്പിന് 17.6 കോടിയും 3ഡി പതിപ്പിന് 13.8 കോടിയും ലഭിച്ചു. തെലുങ്കില്‍ ഐമാക്‌സ് 3ഡി പതിപ്പ് 10 ലക്ഷം രൂപ കളക്ഷന്‍ നേടി. ബോളിവുഡ് പതിപ്പ് നേടിയത് 4 കോടി രൂപയും നേടി. പ്രീ ബുക്കിംഗില്‍ നിന്ന് 20.23 കോടി കളക്ഷന്‍ നേടിയ തെലങ്കാനയാണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 66 ശതമാനം ഒക്യുപെന്‍സിയില്‍ 2,437 ഷോകളുണ്ട്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘കല്‍ക്കി2898എഡി’ യുടെ റിലീസ് ജൂണ്‍ 27നാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. പ്രഭാസ്,അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, കമല്‍ഹാസന്‍ തുടങ്ങിയവര്‍ എല്ലാം ചിത്രത്തിന്റെ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്.

ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസറിന് വലിയ സ്വീകാര്യത പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു.’കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കല്‍ക്കി 2898 എഡി’ പറയുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. അതിജീവനത്തിനായ് പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്ത തെലുങ്ക് സംവിധായകനാണ് നാഗ് അശ്വിന്‍. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്.