ഭൂമിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട് ഒമാന്റെ തലസ്ഥാനമായ മസ്കത്ത്. പ്രശസ്ത ട്രാവൽ എഴുത്തുകാരിയും ജപ്പാൻ സ്പെഷ്യലിസ്റ്റുമായ റെബേക്ക ഹാലെറ്റ് നടത്തിയ സർവേയിലാണ് അംഗീകാരം. മൈക്രോസോഫ്റ്റിന്റെ ജനപ്രിയ വെബ് പോർട്ടലായ mns.com ഈ കാര്യം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.
ലോകത്തുടനീളമുള്ള നഗരങ്ങളിൽ പലതും സംസ്കാരത്തോട് ബന്ധപ്പെട്ടിരിക്കുമ്പോൾ ചിലത് മനോഹര ഗ്രാമീണ സൗന്ദര്യത്തോട് മത്സരിക്കുന്നുവെന്ന് റെബേക്ക ചൂണ്ടിക്കാണിച്ചു. ഒമാൻ കടലിനോട് ചേർന്ന് ഏകദേശം 40 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒരു തിളങ്ങുന്ന നഗരമായാണ് മസ്കത്തിനെ വിശേഷിപ്പിക്കുന്നത്. അൽ ആലം പാലസ്, റോയൽ ഓപ്പറ ഹൗസ് മസ്കറ്റ് (ROHM) പോലെയുള്ള ആധുനിക കെട്ടിടങ്ങൾക്കൊപ്പം ചരിത്രപ്രാധാന്യമുള്ള മുത്റ സൂക്ക് വർണാഭമായ അങ്ങാടിയും നിലകൊള്ളുന്നു.
അതേസമയം പരമ്പരാഗത അറേബ്യൻ വാസ്തുവിദ്യ ഉപയോഗിച്ചുള്ള ഭിത്തികളുമായി ഓൾഡ് മസ്കത്ത് നഗരത്തിന് പ്രൗഢി നൽകുന്നു. മസ്കത്തിന്റെ കിരീടത്തിലെ ആഭരണം സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കാണ്. സ്വർണം, ടർക്കിഷ് രത്നക്കല്ല്, വെള്ള മാർബിൾ എന്നിവ കൊണ്ടാണ് ഈ കെട്ടിടം നിർമിച്ചത്.