History

അറിവിനേയും സംസ്കാരത്തേയും ആജന്മ ശത്രുക്കളായി കണ്ടവർ; തക്ഷശില തകർക്കപ്പെടുന്നു!!

ലോകം വിജയിക്കാന്‍ ഇറങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഭാരതത്തില്‍ എത്തി തന്‍റെ സ്വപ്നം പാതിയില്‍ ഉപേക്ഷിച്ച് തിരിച്ച് മടങ്ങേണ്ടി വന്നു എന്നാണ് ചരിത്രം പറയുന്നത്. എന്നാൽ തക്ഷശിലയിലെ പ്രാചീന സര്‍വ്വകലാശാല നശിപ്പിച്ചത് അലക്സാണ്ടറാണോ…?പ്രാചീന തക്ഷശില സര്‍വ്വകലാശാലയെ തകര്‍ത്തത് അലക്സാണ്ടറാണെന്നും അലക്സാണ്ടര്‍ ഭാരതത്തില്‍ നിന്ന് മടങ്ങിയത് ചാണക്യനോടും ചന്ദ്രഗുപ്തനോടും തോറ്റിട്ടാണ് എന്നുമുള്ള വാദങ്ങള്‍ ഉന്നയിക്കുന്നു. ഇതിന്റെ സത്യാവസ്ഥ അറിയണ്ടേ..

ഇക്ഷ്വാകു വംശത്തിൻറ പിന്തുടർച്ചയായി,സൂര്യവംശത്തിൻറ കിരീടാവകാശിയായി ശ്രീരാമചന്ദ്രൻ അയോധ്യ ഭരിക്കുന്ന കാലം.കേകയ രാജാവായ യുധാജിത്തിൻറ അഭ്യർത്ഥന പ്രകാരം ഒരു ദിവസം കുലഗുരുവായ ഗാർഗ്ഗ്യമുനി അയോധ്യയിലെത്തി ശ്രീരാമനെ സന്ദർശിച്ചു.അദ്ദേഹം ആഗമനോദ്ദേശ്യം അറിയിച്ചു..”രാമാ,അമ്മാവനായ യുധാജിത്തു പറഞ്ഞയച്ചതു കേട്ടാലും.സിന്ധു നദിയുടെ തീരത്ത് ഇരുഭാഗങ്ങളിലുമായി നന്മയേറിയതും ഫലമൂലാദികൾ നിറഞ്ഞതുമായ മനോഹരമായൊരു ഗന്ധർവ്വാരണ്യമുണ്ട്.ശൈലൂഷ പുത്രൻമാരായ പരസഹസ്റം ഗന്ധർവ്വൻമാർ ആ പ്രദേശത്ത് സകലായുധ സജ്ജരായി യുദ്ധത്തിനു തയ്യാറായി നിൽക്കുകയാണ്.ആ ഗന്ധർവ്വസേനയെ തോൽപ്പിച്ച് മഹാബാഹുവായ അങ്ങ് അവിടെ നഗരങ്ങൾ സ്ഥാപിച്ചാലും..”

ഗാർഗ്ഗ്യൻറ വാക്കുകള്‍ കേട്ടു അങ്ങനെയാകട്ടെ എന്നു പറഞ്ഞ ശ്രീരാമൻ തൻറ സഹോദരൻ ഭരതൻറ പുത്രൻമാരെ ചൂണ്ടിക്കൊണ്ടു പറഞ്ഞു..”മഹാമുനേ,ഈ നിൽക്കുന്ന ഭരതപുത്രൻമാർ തക്ഷനും,പുഷ്കലനും ആ നാടു ഭരിക്കും..ഇവർക്കുവേണ്ടി ഭരതൻ ഗന്ധർവ്വൻമാരെ തോൽപ്പിച്ച് അവിടെ നഗരങ്ങൾ സ്ഥാപിക്കും”..

 

തുടര്‍ന്ന് ഭരതൻറ നേതൃത്വത്തിൽ അയോധ്യയിലെയും കേകയത്തിലെയും സൈന്യം സിന്ധു നദിക്കരയിലെത്തി ഗന്ധർവ്വരുമായി ഏറ്റുമുട്ടി.ഘോരമായ യുദ്ധത്തിനു ശേഷം ഭരതൻ ഗന്ധർവ്വരെയെല്ലാം സംഹരിച്ചു.അവിടെ രണ്ടു നഗരികൾ പണിതു,തക്ഷനായി തക്ഷശിലയും പുഷ്കലനായി പുഷ്കലാവതവും..

വാൽമീകി രാമായണം ഉത്തരകാണ്ഡത്തിലെ കഥയാണിത്.പുരാതന ഭാരതത്തിലെ പ്രധാന നഗരങ്ങളിലൊന്നായിരുന്ന തക്ഷശിലയുടെ ഉദ്ഭവവത്തെക്കുറിച്ചുള്ള ഐതിഹ്യം ഈ രാമായണം കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

ഇതൊക്കെ ഐതിഹ്യം,ചരിത്രപരമായ രേഖകളൊന്നും ഇതിനില്ല. തക്ഷശില എന്ന പേര് ശിലാഖണ്ഡങ്ങളുടെ നഗരം എന്ന അർത്ഥത്തിൽ വന്നതാകാമെന്ന് ചില ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു.

തക്ഷശിലയെ കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല.ലോകത്തെ പ്രാചീന സർവ്വകലാശാലകളിൽ പ്രമുഖ സ്ഥാനത്തുണ്ടായിരുന്ന തക്ഷശില വിശ്വവിദ്യാപീഠമായിരിക്കും ആ പേരുകേൾക്കുമ്പോൾ ഓർമ്മ വരിക.എന്നാൽ പ്രാചീന ഭാരതത്തിലെ ഏറ്റവും സമ്പന്നമായ നാല് നഗരങ്ങളിൽ ഒന്നുകൂടിയായിരുന്നു തക്ഷശില. കാശിയിലെ ശക,കലിംഗത്തിലെ പിംഗല,പാണ്ഡുക എന്നിവയായിരുന്നു മറ്റ് മൂന്നെണ്ണം.

 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സിന്ധു നദിക്കും ഝലം നദിക്കും ഇടയിലായിരുന്നു തക്ഷശില നഗരത്തിൻറ സ്ഥാനം.ഇന്നത്തെ പാക് പഞ്ചാബിൽ റാവൽപിണ്ഡി നഗരത്തിന് ഏതാനും കി.മീറ്റർ വടക്കുമാറിയാണിത്.പശ്ചിമ ഏഷ്യയെയും മധ്യേഷ്യയെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ വാണിജ്യപാതകളുടെ സംഗമസ്ഥാനം കൂടിയാണിത്.പണ്ടുകാലത്ത് സിന്ധു നദി കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് വരുന്നവർ കാണുന്ന ആദ്യ പ്രധാന ഭാരതീയ നഗരം.

പ്രാചീന മഹാജനപദങ്ങളിലൊന്നായ ഗാന്ധാരത്തിൻറ ഭാഗമായിരുന്നു അനേകകാലത്തോളം തക്ഷശില.പുരുഷപുരവും,പുഷ്കലാവതിയും,തക്ഷശിലയും ഗാന്ധാരത്തിലെ പ്രധാന നഗരങ്ങളായിരുന്നു എന്ന് പല സാഹിത്യ കൃതികളിലും കാണാം.തക്ഷശില വിജ്ഞാന കേന്ദ്രവും ഗാന്ധാരത്തിൻറ തലസ്ഥാനവുമായിരുന്നു എന്നും ചില ബൗദ്ധകൃതികളിൽ പരാമർശമുണ്ട്.

തക്ഷശില സ്ഥിതിചെയ്യുന്നത് തന്ത്രപ്രധാനമായ ഒരു ഭാഗത്താകയാൽ പിന്നീട് പല വിദേശ ആക്രമണങ്ങൾക്കും വിധേയമാവേണ്ടി വന്നിട്ടുണ്ട്.പേർഷ്യൻ സാമ്രാജ്യത്തിൻറ പ്രതാപകാലത്ത് BCE 515 ൽ ദാരിയസ് ചക്രവർത്തി ഗാന്ധാരം പിടിച്ചടക്കിയതായി പറയപ്പെടുന്നു.പുഷ്കലശക്തി എന്നൊരു രാജാവായിരുന്നു അന്ന് ഗാന്ധാരാധിപതി.ഷിന്ദുക്കുഷ് മുറിച്ചുകടന്ന ദാരിയസ് ഗാന്ധാരം കീഴടക്കുകയും പിന്നീട് സിന്ധു തടത്തിലേക്ക് മാർച്ച് ചെയ്കയുമുണ്ടായത്രെ.സൈലാക്സ് എന്നൊരു ഗ്രീക്കുകാരനെ സിന്ധു നദിയെകുറിച്ച് പഠിക്കാനായി അന്ന് ദാരിയസ ചുമതലപ്പെടുത്തുകയുണ്ടായി.സിന്ധു നദി എങ്ങോട്ടാണ് ് എന്ന് കണ്ടെത്തി റിപ്പോർട്ട് നൽകാനായിരുന്നു ചുമതല.സൈസാക്സിൻറ നേതൃത്വത്തിൽ സിന്ധു പര്യവേഷണ സംഘം നദിയുടെ താഴ്ഭാഗത്തേക്ക് ഒരു നാവികയാത്ര നടത്തുകയുണ്ടായി. സിന്ധുവിലൂടെ അറബിക്കടലിൽ എത്തിച്ചേർന്ന അവർ പടിഞ്ഞാറോട്ട് യാത്ര തുടരുകയും ചെങ്കടൽ വഴി സൂയസ് വരെ(ചെങ്കടലിൻറ അറ്റം) എത്തിച്ചേരുകയുമുണ്ടായി.പതിമൂന്ന് മാസം കൊണ്ടത്രെ ഈ യാത്ര പൂർത്തിയായത്.

 

ദാരിയസ് പിന്നീട് ഗാന്ധാരവും, കാംബോജവും പിടിച്ചടക്കുകയും ഇവിടം പേർഷ്യൻ സാമ്രാജ്യത്തിൻറ ഒരു പ്രവിശ്യ(സത്രപി)ആക്കി മാറ്റുകയുമുണ്ടായി.ഗാന്ധാത്തിൻറ ഭാഗമായിരുന്ന തക്ഷശിലയും പേർഷ്യൻ സാമ്രാജ്യത്തിൻറ ഭാഗമായതായി കരുതപ്പെടുന്നു.

BCE 380 ഓടെ പേർഷ്യൻ സാമ്രാജ്യം ദുർബലപ്പെടുകയും അനേകം ചെറിയ രാജ്യങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.BC 326 ൽ അലക്സാണ്ടറിൻറ ആക്രമണ കാലത്ത്,പഴയ ഗാന്ധാരത്തിൻറയും കാംബോജത്തിൻറയും സ്ഥാനത്ത് ഒരു ഡസനോളം ചെറിയ രാജ്യങ്ങളാണ് ഉണ്ടായിരുന്നത്.അന്ന് തക്ഷശില ഭരിച്ചിരുന്ന അംബി അലക്സാണ്ടറിൻറ മേൽക്കോഴ്മ അംഗീകരിച്ചതിനാൽ യവനാക്രമണങ്ങളിൽ നിന്ന് ഒഴിവായി.

തക്ഷശില പിന്നീട് മൗര്യ സാമ്രാജ്യത്തിൻറ ഭാഗമായി.മൗര്യർക്കുശേഷം ഇൻഡോ-ഗ്രീക്കുകാർ,സിതി്യർ,പാർത്ഥിയൻമാർ തുടങ്ങിയവരെല്ലാം ഈ പ്രദേശങ്ങൾ നിയന്ത്രത്തിലാക്കിയിട്ടുണ്ട്.തുടർന്ന് വളരെക്കാലം കുശാനരുടെ ഭരണത്തിലായിരുന്നു.ഇൻഡോ-ഗ്രീക്കുകാരുടെ കാലത്ത് പ്രാചീന തക്ഷശിലയുടെ മറുകരയിൽ ‘സിർകപ്എന്ന പേരിൽ പുതിയൊരു നഗരം പണികഴിപ്പിക്കുകയുണ്ടായി.കുഷാന രാജാവായ കനിഷ്കൻറ കാലത്ത് ‘സിർസുക്’എന്ന മൂന്നാമതൊരു നഗരവും ഇവിടെ നിർമ്മിക്കപ്പെട്ടു.ക്രിസ്ത്വബ്ദം അഞ്ചാം നൂറ്റാണ്ടിൻറ അവസാനം വരെ ഒരു സമ്പന്ന നഗരമായും,വിജ്ഞാന കേന്ദ്രമായും തക്ഷശില നിലകൊണ്ടു.

 

തക്ഷശില ഇന്ന് സ്മരിക്കപ്പെടുന്നത് ഏറെക്കുറെ അവിടെ നിലനിന്നിരുന്ന പ്രാചീന സർവ്വകലാശാലയുടെ പേരിലായിരിക്കും.ലോകത്തിലെ ആദ്യ സർവ്വകലാശാലകളിൽ ഒന്നാണ് തക്ഷശില വിശ്വവിദ്യാപീഠം.തക്ഷശിലയെ സർവ്വകലാശാല എന്നു വിളിക്കാമോ എന്ന് സംശയിക്കുന്നവരുണ്ടാവും. എന്നാൽ ഇന്നത്തെ നിയമങ്ങളും മാനദണ്ഡങ്ങും വെച്ച് പ്രാചീന വിശ്വവിദ്യാപീഠത്തെ വിലയിരുത്തുന്നതിൽ അർത്ഥമില്ല.

തക്ഷശില വിദ്യാപീഠം എന്നാണ് സ്ഥാപിക്കപ്പെട്ടത് എന്നതിന് വ്യക്തമായ രേഖകളില്ല.ചില സാഹിത്യകൃതികളിലെ സൂചനവച്ച് BCE 8ാംനൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്നതായി കരുതുന്നവരുണ്ട്.BC 1000 ത്തിനു മുൻപുതന്നെ വിദ്യാപീഠം നിലവിലുണ്ടായിരുന്നതായി വിശ്വസിക്കുന്നവരുണ്ടെങ്കിലും വ്യക്തമായ രേഖകളില്ല.മഹാഭാരതം വ്യാസ ശിശ്യനായ വൈശമ്പായനൻ ജനമേജയനോട് പറഞ്ഞുകൊടുക്കുന്നത് ഇവിടെ വച്ചാണെന്ന് കഥയുണ്ട്.

 

ഇന്ന് ഷധേരി എന്നറിയപ്പെടുന്ന ഭീർ കുന്നുകളിലായാണ് വിദ്യാപീഠത്തിൻറ സ്ഥാനം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി ധാരാളം വിജ്ഞാനദാഹികൾ ഇവിടെ എത്തിച്ചേർന്നിരുന്നു.

തക്ഷശിലയിലെ പാഠ്യ വിഷയങ്ങളെ കുറിച്ച് പല കൃതികളിലും പരാമർശമുണ്ട്.നാല് വേദങ്ങൾ,ഉപവേദങ്ങളായ ആയുർവേദം,ധനുർവേദം,ഗന്ധർവ്വ വേദം(സംഗീതം),സാഹിത്യം,വ്യാകരണം,തർക്കം,ജ്യോതിശാസ്ത്രം,ചിത്രകല,പ്രതിമാ നനിർമ്മാണം,ഗൃഹശിൽപ്പം, തുടങ്ങി അറുപത്തിനാലോളം വിഷയങ്ങൾ ഇവിടെ പഠിപ്പിച്ചിരുന്നുവത്രെ.തക്ഷശിലയെകുറിച്ചുള്ള പരാമർശങ്ങളിൽ ഇവിടെ പക്ഷിമൃഗാദികളുടെ ഭാഷ മനസ്സിലാക്കുന്ന വിധം വരെ പഠിപ്പിക്കപ്പെട്ടിരുന്നു എന്ന് പറയുന്നത് ഇന്ന് നമുക്ക് വിശ്വസിക്കാൻ പ്രയാസമാവും.ഇവിടുത്തെ സംഗീതജ്ഞരുടെ ഗാനാലാപനത്തിൽ ക്രൂര വന്യമൃഗങ്ങൾ പോലും മയങ്ങിപ്പോയിരുന്നുപോൽ.

പ്രത്യേക വിഷയങ്ങൾക്ക് പ്രത്യേക കലാശാലകൾ തന്നെ ഇവിടെ ഉണ്ടായിരുന്നു.ഓരോ വിഷയത്തിനും അഗാധ പാണ്ഡിത്യമുള്ള ആചാര്യൻമാരാണുണ്ടായിരുന്നത്.പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയായവർക്ക് ഹയർ സ്റ്റഡി എന്ന നിലയിലായിരുന്നു വിദ്യാപീഠത്തിൽ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.കുറഞ്ഞ പ്രായപരിധി 16 വയസ്സായിരുന്നു.പ്രവേശനത്തിന് നിശ്ചിത യോഗ്യത അനിവാര്യമായിരുന്നു.

 

രണ്ടു തരത്തിലുള്ള വിദ്യാർത്ഥികളായിരുന്നു ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്.ഗുരു ശുശ്രൂഷ ചെയ്തുകൊണ്ട് പഠിക്കുന്നവരും (ധർമ്മേന്തവാസികൾ) ഗുരുദക്ഷിണ കൊടുത്തു പഠിക്കുന്നവരും(ആചാര്യ ഭാഗദായകർ).

അനേകം പ്രശസ്തർ തക്ഷശിലയിൽ വിദ്യ അഭ്യസിക്കുകയും അവിടുത്തെ ആചാര്യൻമാരായിരിക്കുകയും ചെയ്തിട്ടുണ്ട്.സംസ്കൃത വൈയാകരണനായ പാണിനി അതിലൊരാളാണ്.അഷ്ടാദ്ധ്യായി എന്ന സമഗ്രമായ സംസ്കൃത വ്യാകരണ ഗ്രന്ഥത്തിൻറ കർത്താവാണദ്ദേഹം.ഇദ്ദേഹത്തിൻറ കാലഘട്ടം BCE 4ആം നൂറ്റാണ്ടിനും 7ാംനൂറ്റാണ്ടിനും ഇടയിലാണെന്നാണ് കരുതപ്പെടുന്നത്.

ആയുർവ്വേദ ആചാര്യനും ശസ്ത്രക്രിയാ വിദഗ്ദനുമായ ജീവകൻ ആത്രേയ മഹർഷിയുടെ ശിഷ്യനായി ഏഴുവർഷത്തോളം തക്ഷശിലയിൽ കഴിയുകയുണ്ടായി.അദ്ദേഹം മഗധയിലെ ബിംബിസാര രാജാവിൻറ കൊട്ടാരം വൈദ്യനും ബുദ്ധൻറ സമകാലീനനുമാണ്.

ചരകസംഹിതയുടെ കർത്താവായ ചരകൻ,മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻ,അദ്ദേഹത്തിൻറ ഗുരു കൂടിയായ ആചാര്യ ചാണക്യ എന്നിവരെല്ലാം തക്ഷശില സംഭാവന ചെയ്ത മഹാപ്രതിഭകളാണ്.

പഞ്ചതന്ത്രം കഥകളിലൂടെ സമൂഹ മനശാസ്ത്രവും രാജധർമ്മവും നയതന്ത്ര തത്വങ്ങളും അവതരിപ്പിച്ച വിഷ്ണുശർമ്മനും തക്ഷശിലയുടെ പടിയിറങ്ങി വന്നയാൾ തന്നെ.ഇങ്ങനെ കാലം നമിക്കുന്ന എത്രയോ മഹത്തുക്കൾക്കാണ് ആ വിശ്വവിദ്യാപീഠം ജന്മം നൽകിയത്..

 

ധനുർവിദ്യയിലും മറ്റും അസാമാന്യ പാടവം നേടാനായി ഭാരതത്തിലെയും വിദേശങ്ങളിലെയും ധാരാളം രാജാക്കൻമാർ തക്ഷശിലയിൽ വന്നെത്തിയിരുന്നു.

 

മാറാരോഗങ്ങൾക്കു പോലും ഇവിടെ ചികിത്സ ലഭ്യമായിരുന്നതായി പറയപ്പെടുന്നു.അശ്വഘോഷൻറ സൂത്രാലങ്കാരത്തിൽ വിവരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്.ഒരിക്കൽ ചൈനയിലെ ഒരു രാജകുമാരന് അസാധാരണമായ നേത്രരോഗം പിടിപെട്ടു.ചൈനയിലെ ചികിത്സകൊണ്ടൊന്നും ഫലം കാണാഞ്ഞതിനാൽ രാജകുമാരനെ തക്ഷശിലയിൽ കൊണ്ടുവന്നു.അവിടെ ഏതാനും ദിവസത്തെ ചികിത്സകൊണ്ട് രോഗം പൂർണ്ണമായും ഭേദമായി.രാജകുമാരൻ പെട്ടെന്ന് തിരിച്ചു പോവാതെ അവിടെ വൈദ്യ വിദ്യാർത്ഥിയായി കഴിയുകയുണ്ടായി.

തക്ഷശിലയുടെ പരിസരപ്രദേശങ്ങൾ മുഴുവൻ ഔഷധസസ്യങ്ങൾ നിറഞ്ഞതായിരുന്നുവത്രെ.ഇതിനെ കുറിച്ചുമുണ്ട് ഒരു കഥ..ജീവകൻ തക്ഷശിലയിലെ വിദ്യാർത്ഥിയായി കഴിയുന്ന കാലം.വിദ്യാപീഠത്തിൻറ ഒരു യോജന ചുറ്റളവിൽ എവിടെനിന്നെങ്കിലും ഔഷധഗുണമില്ലാത്ത എന്തെങ്കിലും ചെടിയോ പുല്ലോ പറിച്ചുകൊണ്ടുവരുവാൻ അദ്ദേഹത്തിൻറ ഗുരുനാഥൻ ഒരിക്കൽ നിർദ്ദേശിച്ചു.ജീവകൻ ഏതാനും ദിവസം ആ പ്രദേശമാകെ അരിച്ചുപെറുക്കിയിട്ടും ഫലം നിരാശയായിരുന്നുവത്രെ.അങ്ങിനെ ഒരു ചെടിയും കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.(എല്ലാ ചെടികളും ഔഷധ ഗുണമുള്ളതാണ് എന്ന ഒരു വ്യാഖ്യാനവും ചിലർ ഈ കഥയ്ക്ക് കൊടുക്കാറുണ്ട്)

 

തക്ഷശില സ്ഥിതിചെയ്യുന്നത് തന്ത്രപ്രധാനമായ ഒരു സ്ഥാനത്താകയാൽ വിദേശ ആക്രമണങ്ങൾക്ക് പലപ്പോഴും വശംവദമാവേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞു.തക്ഷശില വിശ്വവിദ്യാപീഠവും പലപ്പോഴും ആശങ്കയുടെ നിഴലിലായിരുന്നിട്ടുണ്ട്.അലക്സാണ്ടരിൻറ ആക്രമണകാലത്ത് അംബി എന്നൊരു രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്.അലക്സാണ്ടറിനോട് ഏറ്റുമുട്ടിയാൽ തൻറ രാജ്യവും വിശ്വവിഖ്യാതമായ വിദ്യാപീഠവും നശിപ്പിക്കപ്പെടുമെന്ന് മനസ്സിലാക്കിയ അംബി വളരെ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്..മുപ്പത് ആനക്ക് ചുമക്കാൻ പറ്റുന്നത്ര കാഴ്ചദ്രവ്യങ്ങൾ,200 വെള്ളിക്കട്ട,700 കുതിരകൾ,3000 കാളകൾ,10,000 ആടുകൾ എന്നിവ അലക്സാണ്ടറിനു കാഴ്ചവച്ച് അദ്ദേഹം അലക്സാണ്ടറിൻറ മേൽക്കോഴ്മ അംഗീകരിച്ചു.അങ്ങിനെ യവനാക്രമണത്തിൽ നിന്നും ഒഴിവായി.

തക്ഷശില പിന്നീട് മൗര്യ സാമ്രാജ്യത്തിൻറ ഭാഗമായി.ബിന്ദുസാര മഹാരാജാവി ൻറ കാലത്ത് തക്ഷശിലയിൽ ഒരു കലാപമുണ്ടായപ്പോൾ അത് അടിച്ചമർത്താനായി അദ്ദേഹം പുത്രനായ അശോകനെ നിയോഗിച്ചിരുന്നു.തക്ഷശിലയിലെത്തിയ അശോകൻ കുറെക്കാലം അവിടെ ഉപരാജാവായി കഴിയുകയുണ്ടായി.പിന്നീട് അശോകൻറ ഭരണകാലത്ത് ധാരാളം ബുദ്ധഭിക്ഷുക്കളെ അവിടെ താമസിപ്പിച്ചു.നിരവധി കെട്ടിടങ്ങളും സ്തൂപങ്ങളും അശോകൻ പണികഴിപ്പിച്ചു.ക്രമേണ ഇവിടം ഒരു പ്രധാന ബൗദ്ധ പഠനകേന്ദ്രം കൂടിയായി മാറി.

മൗര്യ സാമ്രാജ്യം ശിഥിലമായതിനു ശേഷം തക്ഷശില അടക്കമുള്ള ഗാന്ധാര പ്രദേശങ്ങൾ പല വിദേശ ശക്തികളുടെയും നിയന്ത്രണത്തിലായിട്ടുണ്ട്.ഇൻഡോ-ഗ്രീക്കുകാർ,സിതിയർ,പാർഥിയൻമാർ,കുഷാനർ തുടങ്ങിവരെല്ലാം ഇവിടം ഭരിച്ചിട്ടുണ്ട്.കുശാന ഭരണത്തിൽ ബുദ്ധമതവും വിജ്ഞാനകേന്ദ്രങ്ങളും വളരെയേറെ പ്രോൽസാഹിപ്പിക്കപ്പെട്ടിരുന്നു.

 

അപകടകാരികളായ പല വർഗ്ഗക്കാരും ഇവിടെയെത്തിയപ്പോൾ സാംസ്കാരികമായി ഉയർച്ച പ്രാപിക്കുകയുണ്ടായി.അവരെല്ലാം തക്ഷശിലപോലുള്ള വിജ്ഞാന കേന്ദ്രങ്ങൾക്കു മുൻപാകെ ശിരസ്സു നമിക്കുകയാണുണ്ടായത്.എന്നാൽ അറിവിനെയും സംസ്കാരത്തെയും ആജന്മ ശത്രുക്കളായി കണ്ട മറ്റൊരു കൂട്ടർ ലോകത്തിനു വിളക്കായി നിന്ന ആ വിശ്വവിദ്യാപീഠത്തെ ശരിക്കും നശിപ്പിച്ചുകളഞ്ഞു.അവരാണ് ഹൂണൻമാർ.

തക്ഷശില തകർക്കപ്പെടുന്നു..

വിശാലമായ മധ്യേഷ്യൻ-സ്റ്റെപ്പി പ്രദേശങ്ങളിൽ വിവിധ കാലഘട്ടങ്ങളിലായി വിവിധ ജനവർഗ്ഗങ്ങൾ ഉയർന്നു വരികയും ലോകമാകെ കൊടുങ്കാറ്റു കണക്കെ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.ആ കൂട്ടത്തിൽ ഏറ്റവും അപകടകാരികളായ ഒരു ജനവിഭാഗമായിരുന്നു ഹൂണൻമാർ.മധ്യ പശ്ചിമ ഏഷ്യൻ പ്രദേശങ്ങളും യൂറോപ്പും തകർത്തു തരിപ്പണമാക്കിയ ഇവരിൽ ഒരു വിഭാഗം ക്രിസ്ത്വബ്ദം 5ാംനൂറ്റാണ്ടിൻറ ഒടുവിൽ തോരമാനൻറ നേതൃത്വത്തിൽ ഖൈബർ ചുരവും കടന്ന് ഇന്ത്യയിലെത്തി .സിന്ധു തടങ്ങളിൽ അധിവാസമുറപ്പിച്ച ഇവരെ വേണ്ടത്ര പ്രതിരോധിക്കാൻ അന്ന് ദുർബലമായിക്കൊണ്ടിരുന്ന ഗുപ്ത സാമ്രാജ്യത്തിനു കഴിഞ്ഞില്ല.സ്കന്ദഗുപ്തൻറ മരണശേഷം ഇവർ ഉത്തരേന്ത്യയിൽ ആഞ്ഞടിച്ചു.തോരമാനൻറ പുത്രൻ മിഹിരകുലൻറ നേതൃത്വത്തിൽ പൈശാചികത താണ്ഡവമാടുകയായിരുന്നു.ലക്ഷക്കണക്കിന് ജനങ്ങൾ കൂട്ടക്കുരുതിക്ക് ഇരയായതായി പറയപ്പെടുന്നു.നഗരങ്ങൾ നിലം പതിച്ചു.ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങളും വിജ്ഞാന കേന്ദ്രങ്ങളുമാണ് തകർക്കപ്പെട്ടത്.ദൗർഭാഗ്യവശാൽ തക്ഷശിലയും അതിൽനിന്ന് ഒഴിവായില്ല.മിഹിരകുലനും അനുയായികളും വളരെ പ്രയാസപ്പെട്ട് തക്ഷശിലയിലെ നിർമ്മിതികളെല്ലാം തച്ചുടച്ച് തരിപ്പണമാക്കി.വൻ കൂട്ടക്കുരുതി തന്നെ നടന്നു.എണ്ണിയാലൊടുങ്ങാത്ത വിശിഷ്ട ഗ്രന്ഥങ്ങളാണ് നശിപ്പിക്കപ്പെട്ടത്.

പിന്നീട് മാൾവയിലെ യശോധർമ്മ രാജാവും നരസിംഹ ഗുപ്തനും ചേർന്ന് ഹൂണൻമാരെ നിശ്ശേഷം പരാജയപ്പെടുത്തിയെങ്കിലും കുറഞ്ഞകാലം കൊണ്ട് അവർ ഇന്ത്യൻ സംസ്കാരത്തിന് ഏൽപ്പിച്ച ആഘാതം അളന്നു തിട്ടപ്പെടുത്താൻ പ്രയാസമാണ്.ഏഴാം നൂറ്റാണ്ടിൽ തക്ഷശില സന്ദർശിച്ച ഹുയാങ്ങ് സാങ്,അവിടെ വിശ്വവിദ്യാപീഠത്തിൻറ വെറും നഷ്ടാവശിഷ്ടങ്ങൾ മാത്രം കണ്ട് വിലപിക്കുന്നുണ്ട്.

പുരാവസ്തു ഗവേഷകർ തക്ഷശിലയിൽ നടത്തിയ ഉദ്ഖനനങ്ങളിൽ നിരവധി ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.മൂന്ന് നഗരങ്ങളുടെ അവശിഷ്ടങ്ങൾ,ഒട്ടേറെ മന്ദിരങ്ങളുടെയും ബുദ്ധ സ്തൂപങ്ങളുടെയും അവശിഷ്ടങ്ങൾ എന്നിവയെല്ലാം കണ്ടെടുത്തവയിൽപെടും.തക്ഷശിലയിൽ നിന്ന് ഖനനം ചെയ്തെടുത്ത വസ്തുക്കൾ അവിടുത്ത ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.യുനസ്കോ 1980ൽ ഇവിടം ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി .ഇന്ന് തക്സില എന്നുകൂടി അറിയപ്പെടുന്ന തക്ഷശില ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.