ന്യൂഡൽഹി: തെലങ്കാനയിലെ വാറങ്കലിൽവെച്ച് ബെർത്ത് പൊട്ടിവീണ് ഒരാൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവെ. ബെർത്തിന്റെ ചങ്ങല ശരിയായി ഇടാത്തതിനാലാണ് അപകടമുണ്ടായതെന്നും ബെർത്തിന് മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്നും റെയിൽവെ വ്യക്തമാക്കി. മലപ്പുറം മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഡൽഹിയിലേക്കുള്ള യാത്രക്കിടെ എറണാകുളം-ഹസ്രത് നിസാമുദീൻ മില്ലേനിയം എക്‌സ്‌പ്രസിലാണ് അപകടം. എസ് -6 കോച്ചിൽ താഴത്തെ ബെർത്തിലെ 57-ാം നമ്പർ സീറ്റിലായിരുന്നു അലിഖാൻ. മധ്യ ബെർത്തിലെ യാത്രക്കാരൻ ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് തേഡ് എ.സി കോച്ചിലേക്ക് മാറി. മധ്യ ബെർത്തിലെ സീറ്റിന്റെ ചങ്ങല ശരിയായി ഇടാതിരുന്നതിനാൽ സീറ്റ് താഴേക്ക് പതിക്കുകയായിരുന്നെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.
ബെര്‍ത്ത് പൊട്ടി താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെര്‍ത്ത് പതിച്ചതിനെത്തുടര്‍ന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ അലിഖാനെ തെലങ്കാനയിലെ രാമഗുണ്ടത്തെ ആശുപത്രിയിലും പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രിക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.