തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
ആന്ധ്രാ തീരം മുതൽ കേരളതീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാലവർഷക്കാറ്റിന്റേയും സ്വാധീന ഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.
അതേസമയം, ശക്തമായ മഴ കണക്കിലെടുത്ത് വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ മുന്നാർ ഉൾപ്പെടെയുള്ള മേഖലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്. തമിഴ്നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത മാറ്റി നിർത്തി ആനച്ചാൽ വഴി പോകാൻ നിർദേശമുണ്ട്. കല്ലാർ കുട്ടി, പാംബ്ല, മൂന്നാർ ഹെഡ് വർക്ക് ഡാം എന്നിവയുടെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ തീരങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്.
വയനാട് ജില്ലയിൽ ഖനനത്തിന് കലക്ടർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഇന്നും നാളെയും ഖനനവോ മണ്ണെടുപ്പോ പാടില്ല. വിനോ ദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടും. പുഴയിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങരുതെന്നും കലക്ടർ മുന്നറിയിപ്പ് നൽകി. ഇന്നലെ വൈകുന്നേരത്തെ കനത്ത മഴയെ തുടർന്ന് മലപ്പുറം പെരുമ്പടപ്പ് വില്ലേജിൽ ഒരു ഭുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.