ഗസ്സ : ഗസ്സയിൽ ക്രൂരതകൾ തുടർന്ന് ഇസ്രായേൽ സൈന്യം. 66 വയസുള്ള ഫലസ്തീൻ വനിതക്ക് നേരെ നായയെ അഴിച്ചുവിട്ട് അവരെ കടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അൽ ജസീറയാണ് ഞെട്ടിക്കുന്ന വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ജബലിയ അഭയാർഥി ക്യാമ്പിലെ വീട്ടിൽ വെച്ചാണ് ക്രൂരമായ സംഭവമുണ്ടായത്. ഇസ്രായേൽ സൈനികർ വയോധികക്ക് നേരെ അഴിച്ചുവിട്ട നായയുടെ ദേഹത്തുണ്ടായിരുന്നു കാമറയിലാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ദൗലത്ത് അബ്ദുല്ല അൽ തനാനിയെന്ന വനിതക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു ഇതിന് തയാറാകാതിരുന്നതോടെ നായയെ അഴിച്ചു വിടുകയായിരുന്നുവെന്ന് ദൗലത്ത് അബ്ദുല്ല പറഞ്ഞു. നായ തന്നെ കടിക്കുകയും കിടക്കയിൽ നിന്നും താഴേക്ക് വലിച്ചിറക്കി വീടിന്റെ ഡോറിന് സമീപത്തേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്ന് അവർ പറഞ്ഞു.
നായയുടെ ആക്രമണത്തിൽ തനിക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ, ആശുപത്രികളോ മറ്റ് സംവിധാനങ്ങളോ കാര്യമായി ഇല്ലാത്തതിനാൽ മതിയായ ചികിത്സ നടത്താൻ തനിക്ക് നിർവാഹമില്ലെന്നും ദൗലത്ത് പറഞ്ഞു.
https://twitter.com/AJEnglish/status/1806130326395117971