ഭരണാധികാരികള്‍ ജനങ്ങളില്‍ നിന്നും എന്താണോ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്, അത് തുറന്നു കാട്ടുന്നതാണ് മാധ്യമങ്ങളുടെ ധര്‍മ്മം. അതില്‍ രാജ്യസുരക്ഷയോ, വ്യക്തി സ്വാതന്ത്ര്യമോ ഉള്‍പ്പെടാന്‍ പാടില്ലെന്നുമാത്രം. ഈ തത്വം ഉയര്‍ത്തിപ്പിടിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയ വിക്കീലീക്ക്‌സ് എന്ന ന്യൂസ് വെബ്‌സൈറ്റിന്റെ സ്ഥാപകനെ അഞ്ചുവര്‍ഷമാണ് അമേരിക്ക കല്‍ത്തുറുങ്കില്‍ അടച്ചത്. ഇപ്പോഴിതാ വാര്‍ത്തകളുടെ സത്യസന്ധയുമായി സന്ധിയില്ലാ സമരം ചെയ്ത് വിജയിച്ച വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. പതിനാല് വര്‍ഷം നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ് അസാന്‍ജിന് സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നത്.
ലണ്ടന്‍ ബെല്‍മാര്‍ഷ് ജയിലില്‍ അഞ്ചുവര്‍ഷം തടവില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം പ്രത്യേക വിമാനത്തില്‍ പസിഫിക് മേഖലയിലെ യുഎസ് കോമണ്‍വെല്‍ത്തായ നോര്‍ത്തേണ്‍ മരിയാന ദ്വീപിലെ സൈപനിലെത്തി. അവിടുത്തെ കോടതിയില്‍ മൂന്നുമണിക്കൂര്‍ നീണ്ട വിചാരണ. തുടര്‍ന്ന് അസാന്‍ജ് സ്വതന്ത്രനായതായി കോടതി പ്രഖ്യാപിക്കുന്നു. ജന്മനാടായ ഓസ്ട്രേലിയയിലേക്ക് പോകാന്‍ അനുമതിയും നല്‍കി. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം സമ്മതിക്കാന്‍ അമേരിക്കയുമായുള്ള ധാരണപ്രകാരം അസാന്‍ജ് തയാറായി. തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞ 62 മാസം ശിക്ഷാകാലയളവായി കണക്കാക്കി കോടതി ഉത്തരവിട്ടു. 175 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന 18 കേസാണ് അമേരിക്ക അസാന്‍ജിനുമേല്‍ ചുമത്തിയിരുന്നത്. കാന്‍ബറ വിമാനത്താവളത്തില്‍ എത്തിയ അസാന്‍ജിന് കുടുംബം വികാരപ്രകടനങ്ങളോടെയാണ് വരവേല്‍പ്പ് നല്‍കിയത്.
ഭാര്യ സ്റ്റെല്ലയെ ആലിംഗനം ചെയ്തും അച്ഛന്‍ ജോണ്‍ ഷിപ്റ്റനെ ചുംബിച്ചും അസാന്‍ജ് സന്തോഷം പ്രകടിപ്പിച്ചു. അസാന്‍ജിന്റെ രണ്ട് മക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ ദൂരെനിന്ന് അഭിവാദ്യം ചെയ്‌തെങ്കിലും സ്റ്റെല്ല നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസാന്‍ജ് പങ്കെടുത്തില്ല. ചെറിയ ജയില്‍മുറിയില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലാണ് അസാന്‍ജ്. അദ്ദേഹത്തിന് സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടാന്‍ സമയം വേണ്ടിവരുമെന്ന് സ്റ്റെല്ല മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 2022ല്‍ ബെല്‍മാര്‍ഷ് ജയിലില്‍ വച്ചായിരുന്നു അസാന്‍ജിന്റെയും സ്റ്റെല്ലയുടെയും വിവാഹം നടന്നത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഫോണില്‍വിളിച്ച് അസാന്‍ജ് നന്ദി അറിയിക്കുകയും ചെയ്തു.
അസാന്‍ജുമായി അമേരിക്ക എത്തിയ ധാരണ മാധ്യമപ്രവര്‍ത്തനത്തെ കുറ്റകരമാക്കുന്നതും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുന്നതുമാണെന്ന് അസാന്‍ജിന്റെ അഭിഭാഷകന്‍ ജെന്നിഫര്‍ റോബിന്‍സണ്‍ മാധ്യമങ്ങളോടു പറഞ്ഞു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി വിവരങ്ങള്‍ ശേഖരിക്കുന്നതും വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും ശിക്ഷിക്കപ്പെടാവുന്ന കുറ്റമായി മാറിയിരിക്കുയാണെന്നുമാണ് അസാന്‍ജിന്റെ തടവുമായി ബന്ധപ്പെട്ടു മനസ്സിലാക്കേണ്ടതെന്നും അവര്‍ പറഞ്ഞു. അമേരിക്കയുടെ ചെയ്തികളും കൊടും ക്രൂരതകളും വിക്കിലീക്‌സ് ലോകത്തോട് വിളിച്ചുപറഞ്ഞതിന് പകരം കൊടുക്കേണ്ടി വന്നത് കേസിന്റെ വഴിയേ 14 വര്‍ഷവും, തടവറയില്‍ അഞ്ചു വര്‍ഷവുമാണ്.
സര്‍ക്കാരുകള്‍ക്കെതിരെ ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ രേഖകള്‍ സഹിതം പ്രസിദ്ധീകരിക്കുകയായിരുന്നു വിക്കീലീക്ക്‌സിന്റെ പ്രധാന ലക്ഷ്യം. അമേരിക്കയെ അക്ഷരാര്‍ഥത്തില്‍ നടുക്കിയ വെളിപ്പെടുത്തല്‍ നടത്തുന്നത് 2010 ഏപ്രിലിലാണ്. 2007ല്‍ ബാഗ്ദാദില്‍ അപ്പാച്ചെ ഹെലികോപ്ടറില്‍ നിന്ന് വെടിയുതിര്‍ത്ത് റോയിട്ടേഴ്സിന്റെ രണ്ട് റിപ്പോര്‍ട്ടര്‍മാരടക്കം 11 പേരെ അമേരിക്കന്‍ സൈനികര്‍ കൊല്ലുന്ന വീഡിയോ പുറത്തു വിട്ടു. അമേരിക്കന്‍ സര്‍ക്കാരിന്റെ കരണത്തേറ്റ വലയി പ്രഹരമായിരുന്നു ആ വീഡിയോ. അര മിനിട്ട് ദൈര്‍ഘ്യമുള്ള ആ വീഡിയോ അമേരിക്കയെ നാണംകെടുത്തുക തന്നെ ചെയ്തു. ലോകപൊലീസ് ചമയുന്നവര്‍ക്ക് മറുപടിയില്ലാത്ത പ്രഹരം. ഇറാഖിലെയും അഫ്ഗാനിലെയും അമേരിക്കന്‍ പാതകങ്ങള്‍ സംബന്ധിച്ച മൂന്നുലക്ഷത്തോളം വരുന്ന രഹസ്യ രേഖകള്‍ പിന്നീട് പുറത്തുവിട്ടു.
അമേരിക്കന്‍ സൈന്യത്തിന്റെ മുന്‍ ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാനിങ് ചോര്‍ത്തി നല്‍കിയ രേഖകളായിരുന്നു ഇവ. ഈ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ അസാന്‍ജിനെതിരെ 2010ല്‍ സ്വീഡനില്‍ ലൈംഗികാരോപണക്കേസുണ്ടായി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈ സമയം ലണ്ടനില്‍ അഭയം തേടിയ അസാന്‍ജിനെ സ്വീഡന് കൈമാറാന്‍ നടപടി തുടങ്ങി. ഇതോടെ 2012ല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി. റാഫേല്‍ കൊറെയ്യ സര്‍ക്കാര്‍ അസാന്‍ജിന് അഭയം നല്‍കി. എന്നാല്‍, അടുത്തുവന്ന സര്‍ക്കാര്‍ 2019ല്‍ അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചു. തുടര്‍ന്ന് അമേരിക്കയുടെ അഭ്യര്‍ഥനപ്രകാരം ഇക്വഡോര്‍ എംബസിയില്‍ ബ്രിട്ടീഷ് പൊലീസ് കയറി അസാന്‍ജിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഇതോടെ 2019ല്‍ത്തന്നെ ലൈംഗികാരോപണക്കേസ് സ്വീഡന്‍ പിന്‍വലിക്കുകയും ചെയ്തു. അസാന്‍ജിനെ കുരുക്കാന്‍ അമേരിക്ക നടത്തിയ ട്രാപ്പായിരുന്നു സ്വീഡനിലെ ലൈംഗികാരോപണക്കേസെന്ന് ഇതോടെ തെളിയുകയും ചെയ്തു.
ആരാണ് ജൂലിയന്‍ അസാന്‍ജ് ?
ഓസ്‌ത്രേലിയന്‍ പ്രസാധകനും ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റുമാണ് ജൂലിയന്‍ പോള്‍ അസാന്‍ജ്. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ കൂടിയായ അസാന്‍ജ് വിക്കിലീക്സ് എന്ന വെബ്‌സൈറ്റിന്റെ പത്രാധിപരുമാണ്. 2006 ലാണ് അസാന്‍ജ് വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. വിക്കിലീക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസാന്‍ജിന് മൂന്ന് മാധ്യമ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2011 ഫെബ്രുവരിയില്‍ സിഡ്നി സമാധാനപുരസ്‌കാരമായ ഗോള്‍ഡ് മെഡല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാന്‍ജ് ലോകശ്രദ്ധ നേടുന്നത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവര്‍ത്തനങ്ങളും ഇങ്ങനെ പുറത്തുവന്നു. 2010 ന്റെ അവസാനം 3 ലക്ഷത്തില്‍ അധികം പേജുകള്‍ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അമേരിക്കയുടെ കണ്ണിലെ കരടായി അസാന്‍ജ് മാറി.
എല്ലാ രാജ്യങ്ങളിലുമുള്ള അമേരിക്കന്‍ എംബസികള്‍ വഴി ചാര പ്രവര്‍ത്തനം നടന്നിരുന്നു എന്നതും, സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയില്‍ അമേരിക്കന്‍ നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നുമുള്ള വെളിപ്പെടുത്തലുകള്‍ അമേരിക്കന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രതിരോധത്തിലാക്കി. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമര്‍ശങ്ങള്‍ പുറത്തു വരികയും ചെയ്തു. കേബിള്‍ഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ അസാന്‍ജിനെ ശത്രു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അദ്ദേഹത്തെ പിടികൂടാന്‍ അമേരിക്ക ശ്രമങ്ങള്‍ തുടങ്ങി. അദ്ദേഹത്തെ സഹായിച്ചതായി കരുതുന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ ‘ശത്രുവിന് വിവരം നല്‍കല്‍’ എന്ന ഗുരുതരമായ കുറ്റം ചുമത്തി.
മുന്‍ അമേരിക്കന്‍ സൈനികന്‍ ബ്രാഡ്ലി മാനിങ്് അസാന്‍ജിന് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന കുറ്റത്തിന്മേല്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്. കോള്‍ഗേറ്റ് വിവാദം ലോകത്തുണ്ടാക്കിയത് സമ്മിശ്ര പ്രതികരണമായിരുന്നു. അദ്ദേഹത്തിനെ വീര നായകനായി കാണുകയും, പ്രശംസിക്കുകയും ചെയ്യുന്ന ഒട്ടനവധി പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നോട്ടു വന്നപ്പോഴും, പല ഭരണകൂടങ്ങളും, വന്‍ കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും അദ്ദേഹത്തിന്റേയും വിക്കിലീക്‌സിന്റേയും ശ്രമങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അമേരിക്ക, ആസ്‌ട്രേലിയ, ചൈന തുടങ്ങി ഒട്ടനവധി രാജ്യങ്ങള്‍ വിക്കിലീക്‌സിന് നിയന്ത്രണങ്ങളും നിരോധനവും ഏര്‍പ്പെടുത്താന്‍ തയ്യാറായി.
ഫേസ്ബുക്ക്, ഓണ്‍ലൈന്‍ സാമ്പത്തിക സ്ഥാപനങ്ങളായ വിസ, മാസ്റ്റര്‍കാര്‍ഡ്, ആമസോണ്‍, ആപ്പിള്‍ ഐ.എന്‍.സി തുടങ്ങിയവ വിക്കിലീക്‌സിനെതിരെ സേവന നിരോധനം നടത്തി. ഇത് വിപുലമായ പ്രതിഷേധങ്ങള്‍ക്കും വിക്കിലീക്‌സിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഹാക്കര്‍ ഗ്രൂപ്പുകളുടെ പ്രതികാര നടപടികള്‍ക്കും കാരണമായി. 2010 നവംബര്‍30ന് അസാന്‍ജിനെതിരെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഇന്റെര്‍പോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ഭീഷണി മൂലം പല രാജ്യങ്ങളിലായി മാറി മാറി താമസിച്ച അസാന്‍ജ് ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും സെന്‍സര്‍ഷിപ്പിനെക്കുറിച്ചും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചും അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കുകയും ചെയ്തു. കുരുക്ക് മുറുകിയതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ കോടതിയില്‍ കീഴടങ്ങിയ അസാന്‍ജിനെ തടവിലാക്കി.