അനുപമമായ കലാചാതുര്യത്തിന്റെ കേദാരമാണ് ഹൊയ്സാല ക്ഷേത്രങ്ങൾ . അംഗോപാംഗം കവിത വിരിയുന്ന വിസ്മയം…എത്ര കണ്ടാലും, എത്ര ആസ്വദിച്ചാലും മതിവരാത്ത, അറിയും തോറും അത്ഭുതം തരുന്ന അംഗോപാംഗ സൗകുമാര്യം. നൂറുവർഷമെടുത്തു നിർമിച്ചതാണു ബേലൂരിലെ ക്ഷേത്രങ്ങൾ. അതുകൊണ്ടുതന്നെ ലോകത്തിലെ അദ്ഭുതസൃഷ്ടിയായി ഈ കൽസ്മാരകങ്ങൾ നിലകൊള്ളുന്നു. കർണാടകയിലെ ബേലൂരിലും ഹാലേബിഡുവിലുമാണ് കൽ ക്ഷേത്രങ്ങൾ. ഹൊയ്സാല രാജവംശത്തിന്റെ ശേഷിപ്പുകളാണിവ. കല്ലില്‍ ഉളികൊണ്ടു തീര്‍ത്ത കവിതകള്‍ക്കു താഴെ അവര്‍ സ്വന്തം പേരുകള്‍ കോറിയിട്ടു. നിരവധി ക്ഷേത്രങ്ങള്‍. അമൃതപുര, സോമനാഥപുര, അരലഗുപ്പെ, ബസരാലു, അര്‍സികരെ, ബേലൂര്‍, ബെലവാടി, ദൊഡ്ഡഗഡ്ഡാവാലി, ഹലെബീഡു, ഹാരനഹള്ളി, ഹൊസഹോലലു, ജവഗല്ലു, കൊറവാങ്കള, മൊസാലെ, നുഗ്ഗെഹള്ളി. മിക്കവയും വൈഷ്ണവ ക്ഷേത്രങ്ങള്‍.
അതിൽ ബേലൂരിലെയും ഹാലെബിഡുവിലെയും ക്ഷേത്രങ്ങളാണു പ്രസിദ്ധമായത്. ഹൊയ്സാല രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായ വേലാപുരിയാണ് ബേലൂർ ആയത്. അവിടെയാണ് ചെന്നകേശവ ക്ഷേത്രം . ചോളസാമ്രാജ്യത്തിനുമേൽ നേടിയ വിജയാഘോഷത്തിന്റെ ഭാഗമായാണ് രാജാവായ വിഷ്ണുവർധൻ ക്ഷേത്രസമുച്ചയം നിർമിക്കുന്നത്. സുന്ദരനായ കേശവൻ എന്നർഥമാണ് പേരിനുള്ളത്. വിഷ്ണുവാണ് പ്രതിഷ്ഠ. വലിയ ഗോപുരം കഴിഞ്ഞാൽ കല്ലുപാകിയ തറ. കല്ലുകൊണ്ടുതന്നെ ചുറ്റുമതിൽ. മുന്നിൽ ഒരു കൽത്താമരപോലെ ക്ഷേത്രം. കയറിച്ചെല്ലുമ്പോൾ രതീദേവിയും മൻമഥനും വേർപിരിഞ്ഞുനിൽക്കുന്ന ശിൽപം കാണാം. ആഗ്രഹങ്ങളെ പുറത്തുവച്ചിട്ടു വന്നാൽ മതിയെന്നാണത്രേ അതിനർഥം.
ഹൊയ്സാല രാജ്യത്തിന്റെ ഒരു കേന്ദ്രമായിരുന്നു ചെന്നകേശവ ക്ഷേത്രം, വിഷ്ണുവർദ്ധന രാജാവിന്റെ സൈനിക നേട്ടങ്ങളുമായി ഇതിന് അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാജാവ് പടിഞ്ഞാറൻ ചാലൂക്യരുമായി യുദ്ധം ചെയ്യുകയും ചോളരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടാണ് ഏറ്റവും മികച്ച വാസ്തുശില്പികളെയും കലാകാരന്മാരെയും കൊണ്ട് വന്ന് ഈ ക്ഷേത്രം നിർമ്മിച്ചത്. മൂന്നു തലമുറകളിലായി പണിത ഈ ക്ഷേത്രം പൂർത്തിയാക്കാൻ ഏകദേശം 103 വർഷങ്ങളെടുത്തു. യുദ്ധത്തിൽനിരവധി തവണ ഈ ക്ഷേത്രത്തിനു നാശമുണ്ടാകുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തെങ്കിലും ആവർത്തിച്ച് പുനർനിർമ്മിക്കപ്പെട്ടു. ഹസ്സൻ പട്ടണത്തിൽ നിന്ന് 35 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 200 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
ഗർഭഗൃഹവും നവരംഗമണ്ഡപവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. നാൽപ്പത്തിരണ്ടു സുന്ദരികളുടെ ശിൽപ്പങ്ങളാണ് മേൽക്കൂരയ്ക്കു തൊട്ടുകീഴിൽ. കണ്ണാടി നോക്കുന്നവർ, വേട്ടയാടുന്നവർ തുടങ്ങി വീണമീട്ടുന്നവർ വരെ അതിലുണ്ട്. കാപ്പിരികളുടെപോലെ മുടിയുള്ളവരും ഏറെ. ചെന്നകേശവ ക്ഷേത്രത്തിന്റെ ഇടതുവശത്തായി രംഗനായകി ക്ഷേത്രം കാണാം.താൻ യുദ്ധത്തിൽ മരിച്ചു പോയാൽ വിവാഹം കഴിക്കുന്ന സ്ത്രീ വിധവയായി കഴിയേണ്ടി വരുമെന്ന കാരണത്താൽ വിവാഹമേ വേണ്ടെന്നു വെച്ച വിഷ്ണു വർദ്ധനെ അദ്ദേഹത്തിന്റെ അമ്മ അതീവ സുന്ദരിയും നർത്തകിയുമായ ശന്തളാദേവിയെ കണ്ടു ഇഷ്ടപ്പെട്ട് , മകന് അനുരൂപയായ വധു ഇവൾ തന്നെയെന്നു നിശ്ചയിച്ചു. അവർക്ക് കൊട്ടാരത്തിൽ നൃത്തം ചെയ്യാനുള്ള അവസരവും കൊടുത്തു. നൃത്തം കണ്ടു മോഹിച്ച വിഷ്ണു വർദ്ധൻ അവരെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണു വാമൊഴി. ശന്തളാദേവിയാണ് ചെന്നകേശവ ക്ഷേത്രത്തിനു സമീപം കപ്പേ ചെന്നിഗരായ ക്ഷേത്രം സൗമ്യനായകി, രംഗനായകി, ശ്രീദേവി, ഭൂദേവി എന്നീ ക്ഷേത്രങ്ങൾ പണിയിച്ചത്.
ക്ഷേത്ര സമുച്ചയത്തിലെ ആകർഷണങ്ങളിൽ രണ്ട് അലങ്കരിച്ച തൂണുകൾ ഉൾപ്പെടുന്നു, ഒന്ന് ഗരുഡന്റെയും, ഒന്ന് വിളക്കിന്റെയും രൂപമാണ് അതിൽ . ആദ്യത്തേത് വിജയനഗർ കാലഘട്ടത്തിൽ നിർമ്മിച്ചതാണ്, രണ്ടാമത്തേത് ഹൊയ്സാല കാലഘട്ടത്തിലാണ്. ശ്രീകോവിലിനുള്ളിൽ അഞ്ചുതൂണുകൾ. രാജപത്നിയായ ശന്തളാദേവിയുടെ രൂപം ഒന്നിൽ കൊത്തിവച്ചിട്ടുണ്ട്. ലക്ഷണമൊത്ത സുന്ദരികളെയാണ് ഈ തൂണുകളിൽ കാണുക. കണ്ണുകൾ മീൻപോലെ, വദനം ചന്ദ്രബിംബം, അരക്കെട്ട് സിംഹത്തെപ്പോലെ, താമരയിതൾ കാൽപാദം, പാദത്തിലെ നീളം കൂടിയ രണ്ടാംവിരൽ ഇങ്ങനെയാണത്രേ ആ ലക്ഷണങ്ങൾ. ആ ശിൽപ്പങ്ങൾ കണ്ടാൽ ഈ ലക്ഷണങ്ങളൊക്കെ ഒക്കുമെന്നു തോന്നും. പന്ത്രണ്ടാം നൂറ്റാണ്ടിലെ നൃത്ത ജീവിതരീതികളും, നർത്തകികളും സംഗീതജ്ഞരും, രാമായണം, മഹാഭാരതം, പുരാണങ്ങളിലുള്ള ഹിന്ദു രചനകൾ തുടങ്ങിയവയെക്കുറിച്ചുമുള്ള ചിത്രങ്ങൾ ക്ഷേത്ര കലാസൃഷ്ടികൾ ആയി ചിത്രീകരിച്ചിട്ടുണ്ട്. ശൈവിസം, ശക്തിസം, ജൈനമതത്തിൽ നിന്നുള്ള ജിനയുടെ പ്രതിമകളും, ബുദ്ധമതത്തിൽനിന്നും ബുദ്ധനും എന്നിവയിലെ നിരവധി തീമുകളും ഈ വൈഷ്ണവ ക്ഷേത്രത്തിൽ ഉൾപ്പെടുന്നു. അടിത്തറയിൽ 640 ആനകളുണ്ട്. നക്ഷത്ര ആകൃതിയിലാണ് അടിത്തറ. ക്ഷേത്രാങ്കണത്തിലെ ഒറ്റക്കൽത്തൂണാണ് അടുത്ത വിസ്മയം. താഴെ മൂന്നുഭാഗങ്ങൾ മാത്രമേ മുട്ടിയിട്ടുള്ളൂ. ഒരു തൂവാല അതിനടിയിലൂടെ വലിച്ചെടുക്കാം.