കാക്കേ കാക്കേ കൂടെവിടെ..? തന്റെ കൈയിലെ നെയ്യപ്പം കാക്കകൾ കൊത്തി കൊണ്ട് പോവാതെ സൂക്ഷിക്കാൻ പറ്റാത്തത് അയ്യപ്പന്റെ കുഴപ്പവും അശ്രദ്ധയും കൊണ്ട് മാത്രമല്ല, കാക്കകൾ അത്രമേൽ സൂത്രശാലികളും സാമർത്ഥ്യക്കാരും ആയതു കൊണ്ടാണ്. തൊട്ടരികിൽ വരെ വന്നിരിക്കാൻ കാക്കയെപ്പോലെ ധൈര്യമുള്ള ഏതു പക്ഷിയുണ്ട് നാട്ടിൽ ? ഒന്ന് തൊടാൻ പോയാൽ തലയ്ക്ക് നല്ല മേട്ടം കൊടുത്ത് നായയെപ്പോലും ഓടിക്കും ഇവർ. കോർവസ് ജീനസിൽപ്പെട്ട ഈ പക്ഷികുടുംബം മദ്ധ്യേഷ്യയിൽ പരിണമിച്ച് ഉണ്ടായി പിന്നീട് ലോകം മുഴുവൻ പരന്നു. മനുഷ്യർ കൂട്ടമായി ജീവിക്കാൻ തുടങ്ങിയ കാലം മുതൽ ഇവരിൽ ചില സ്പീഷിസുകൾ അവർക്കൊപ്പം കൂടി. ശരീര വലിപ്പവുമായി തട്ടിക്കുമ്പോൾ ഏറെ വലിയ തലച്ചോറാണിവർക്കുള്ളത്. ബുദ്ധി ശക്തിയിൽ ആൾക്കുരങ്ങുകളോട് മത്സരിക്കും. എന്താലേ ഇവനെ ആണോ എന്നും ഇങ്ങനെ ഛീ പോ കാക്കേ എന്നും പറഞ്ഞ് ഓടിച്ചിരുന്നത്.?
ഒരു നെയ്യപ്പം ചുട്ടാൽ ഉടനേ അതിൻ്റെ മണം പിടിച്ച് കാക്കകളുടെ സകല ഗ്രൂപ്പിലും വിളമ്പും…
പിന്നേ പറയണ്ടല്ലോ നമ്മടെ നെയ്യപ്പം കുഴിയപ്പമാവും…
തിന്നുകയാണെങ്കിൽ സാരമില്ല, വൃത്തികേടാക്കും അതാണു് സ്ഥിരം പണി. സകല വെയ്സ്റ്റും മാന്തി കൊത്തിപ്പറിച്ച് നമ്മുടെ മുൻപിലെത്തിക്കും, നമ്മടെ തലയിൽ സാധിക്കും, എന്നാൽ സഹികെട്ട് ഒരു കാക്കയെ എറിഞ്ഞാലോ?
നല്ല കഥയായി സകല കാക്കകളും ഒരുമിച്ചുവന്നു ആക്രമിക്കും..കാക്കകൾ സംഘടിതരാണ് ,സെക്കൻ്റുകൾ കൊണ്ടാണ് സകല കാക്കകൾക്കും വിവരം കിട്ടുന്നത്. സംശയം ഉണ്ടെങ്കിൽ ഒരു അരിമണി ഇട്ട് കൊടുക്കൂ.. കിട്ടുന്നതിന് മുന്നേ അവൻ ആദ്യം ഒരു ശബ്ദം ഉണ്ടാക്കും എന്നിട്ടേ അത് തൊടാൻ വരൂ.. അപ്പോഴേക്ക് മറ്റുള്ളവർ എത്തി കാണും.
നമ്മോട് ശത്രുതയിലാണെങ്കിലും കാക്കകൾ നമ്മെ ഫോളോ ചെയ്തുകൊണ്ടേയിരിക്കും..
അതാണ് കാക്കകളുടെ പ്രത്യേകത..
എല്ലാം സഹിക്കാം വൃത്തികെട്ട ശബ്ദം അതാണ അസഹനീയം…
പലയിനം കാക്കകൾ പരസ്പര ശത്രുതയിലാണെങ്കിലും പൊതു ശത്രുവിന് നേരെ അവരൊരുമിക്കും. ശത്രു തീർന്നാൽ അവർ പരസ്പരം പോരാടുകയും ചെയ്യും…
കാക്കകൾ പെരുകിയതിനാൽ പല രാജ്യങ്ങളും ഇന്ന് അങ്കലാപ്പിലാണ്.
അവർ കാക്കകളെ തുരത്താൻ മാർഗങ്ങൾ തേടുകയാണ്. ഇവ സാമൂഹ്യ ജീവിതം ഇഷ്ടപ്പെടുന്നവരാണ്. എന്തും തിന്നും , അഴുകിയ ശവം മുതൽ പുൽച്ചാടി, മണ്ണിര, എലി, തവള, ഒച്ച് , മറ്റ് പക്ഷികളുടെ മുട്ട വരെ. ധാന്യങ്ങളും പഴങ്ങളും വിടില്ല. കൃഷിയിടങ്ങളിൽ കാക്കകളെ പേടിപ്പിച്ചോടിക്കാൻ കോലങ്ങൾ കുത്തിവെയ്ക്കുന്ന രീതി വളരെ പണ്ട് മുതലേ ഉണ്ടായിരുന്നു. കപ്പൽ സഞ്ചാരങ്ങൾ ആരംഭിച്ചതോടെ ഭൂഖണ്ഡങ്ങൾ കടന്ന് എല്ലായിടങ്ങളിലും കാക്ക സ്പീഷീസുകൾ എത്തി. ഏതും തിന്ന് അതിജീവിക്കാനുള്ള കഴിവും സാമർത്ഥ്യവും ശത്രുക്കളുടെ കുറവും കൊണ്ട് കാക്ക എത്തിയ സ്ഥലത്തൊക്കെ സാമ്രാജ്യം സ്ഥാപിച്ചു. ശല്യക്കാരായ പൊതുവെ കാക്കകളെ കണക്കാക്കുന്ന ഏതെങ്കിലും മാലിന്യങ്ങൾ കൊത്തി തിന്ന് വൃത്തിയാക്കുന്നതിൽ ഇവർ ഒന്നാം സ്ഥാനക്കാരാണ് . ആവശ്യം കഴിഞ്ഞുള്ള ഭക്ഷണം തന്ത്രപരമായി ഒളിവിടങ്ങളിൽ സൂക്ഷിച്ചു വെക്കുന്ന ശീലമുണ്ട്.