Sports

ഗയാനയില്‍ മഴ മാറി; ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ഗയാന: ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. നേരത്തേ ഇന്ത്യന്‍ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം വൈകുകയായിരുന്നു. മഴയുടെ ഭീഷണി പൂര്‍ണമായും വിട്ടിട്ടില്ല.

ഏറെ ആകാംഷയോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം ആരാധാകര്‍ കാത്തിരിക്കുന്നത്. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇതിനൊരു മധുരപ്രതികാരമാകുമോ ഇന്ന് ഇന്ത്യയുടെ ലക്ഷ്യമെന്ന് കണ്ടറിയണം.

മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്. എന്തെങ്കിലും കാരണത്താല്‍ മത്സരം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും.

ഇന്ത്യ-ഇംഗ്ലണ്ട് സെമിയിലെ വിജയികള്‍ 29ന് കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തിയിരിക്കുന്നത്.