നടൻ ജയറാമിന്റെ മകനാണ് കാളിദാസ് ജയറാം. ചെറുപ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തി. താര കുടുംബത്തിൽ നിന്നാണ് എത്തിയത് എങ്കിലും സ്വന്തം കഴിവുകൊണ്ടാണ് കാളിദാസ് പിടിച്ചുനിന്നത്. മലയാളത്തിലും തമിഴിലും എല്ലാം നായകനായി ഒരുപോലെ തിളങ്ങാൻ കാളിദാസന് സാധിച്ചു. ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന രായൻ എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ കാളിദാസ് ജയറാമും ഉണ്ട്.
തുടക്കത്തിൽ കാളിദാസ് അഭിനയിച്ച ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് തന്നിലെ ആക്ടറിനെ വലിയ രീതിയിൽ മാറ്റിയെടുക്കാൻ കാളിദാസ് ശ്രദ്ധിച്ചിട്ടുണ്ട്. മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങളൊന്നും കാമ്പില്ലാത്തതായി തോന്നി. എന്നാൽ തമിഴിൽ പതിയെ മികച്ച വേഷങ്ങൾ കാളിദാസിന് ലഭിച്ചു. പാവ കഥൈകൾ, നച്ചത്തിരം നഗർഗിരത്, പോർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ഒരു പക്കാ കഥൈ എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചിട്ടില്ല. അതിനു വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കേണ്ടിയിരുന്ന ചിത്രമായിരുന്നെന്ന് കാളിദാസ് പറഞ്ഞു. ആറ് വർഷം മുന്നേ ചെയ്ത് വെച്ച ചിത്രമായിരുന്നു അത്. ഒരു പക്ഷേ ഷൂട്ട് ചെയ്ത സമയത്ത് റിലീസ് ചെയ്തിരുന്നുവെങ്കിൽ സിനിമക്ക് ഗുണം ചെയ്തേനെ.
പാ പാണ്ടിക്ക് ശേഷം ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് രായൻ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിഥി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. എസ്. ജെ സൂര്യ, സെൽവരാഘവൻ, പ്രകാശ് രാജ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ചിത്രം ജൂലൈ 26 ന് തിയേറ്ററിലെത്തും.
ഇപ്പോഴിതാ രായൻ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു കാളിദാസ്.
“എന്റെ കരിയറിൽ വളരെ പ്രധാനപ്പെട്ട സമയത്താണ് രായൻ സിനിമ വരുന്നത്. എന്നിലെ അഭിനേതാവിനെ മെച്ചപ്പെടുത്താൻ രായൻ ഒരു കാരണമായിട്ടുണ്ട്. എനിക്ക് ഒരുപാട് പ്രിയപ്പെട്ട ചിത്രമാണിത്.” രായൻ ചിത്രത്തെ കുറിച്ച് കാളിദാസ് പറഞ്ഞു.
“ധനുഷിന്റെ സിനിമകളെല്ലാം ആദ്യ ദിവസം തന്നെ തിയേറ്ററിൽ പോയി കണ്ട ഒരു പയ്യനാണ് ഞാൻ. അത്രക്കും അദ്ദേഹത്തിന്റെ സിനിമകളോട് വല്ലാത്ത ഇഷ്ടമുണ്ട്. അങ്ങനെയുള്ള ഞാൻ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അവസരം വരുമ്പോൾ പോവാതിരിക്കുമോ? മാത്രമല്ല ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹോദരനായാണ് അഭിനയിച്ചത്. സിനിമ വളരെ നന്നായി വന്നിട്ടുണ്ട്.”
രായന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയപ്പോൾ തൊട്ട് ആരാധകരുടെ ചോദ്യം കാളിദാസ് ഈ ചിത്രത്തിൽ മരിക്കുമോ എന്നായിരുന്നു. അതിനു പിന്നാലെ നിരവധി ട്രോളുകളും വന്നു. ഇതിനു മുന്നേ വിക്രം, പാവ കഥൈകൾ, തുടങ്ങിയ സിനിമകളിൽ താരം മരിക്കുന്നുണ്ട്. “ഞാൻ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റർ ആവുന്നുണ്ടെന്ന കാര്യം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്”. കാളിദാസ് പറഞ്ഞത്.
ലോകേഷ് സംവിധാനം ചെയ്യുന്ന ഷോട്ട് ഫിലിമിലും കാളിദാസ് അഭിനയിക്കുന്നുണ്ട്. ഒപ്പം അർജുൻ ദാസും പ്രധാന വേഷത്തിലുണ്ട്. കാളിദാസ് നേരത്തെ ലോകേഷ് യൂണിവേഴ്സിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ഷോട്ട് ഫിലിം തീർത്തും വ്യത്യസ്ഥമാണ്.