മലയാള സിനിമയ്ക്ക് എന്നെന്നും പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് ജയഭാരതി. ഒരു കാലത്ത് സൂപ്പര്‍ നായികയായി നിറഞ്ഞ് നിന്നിരുന്ന നടിയാണ് ജയഭാരതി. സത്യന്, മധു, നസീര്‍, സോമന്, വിന്‍സന്റ് എന്നിങ്ങനെ ഒരു കാലഘട്ടത്തിലെ സൂപ്പര്‍താരങ്ങളുടെയൊക്കെ നായികയായിരുന്നു ജയഭാരതി.നടിയെ കുറിച്ചും അവര്‍ ജീവനേകിയ കഥാപാത്രങ്ങളെ കുറിച്ചും പറയുകയാണ് എഴുത്തുകാരി ശാരദക്കുട്ടി ടീച്ചര്‍. കണ്ണില്‍ ഇങ്ങനെ ലഹരി നിറയ്ക്കാന്‍ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കുമെന്നാമ് നടിയ്ക്ക് ജന്മദിനാശംസകള് അറിയിച്ച് ശാരദക്കുട്ടി ടീച്ചര്‍. ചോദിക്കുന്നത്.’ചെറിയ തമിഴ് ചായ്വുള്ള മലയാളത്തിലാണെങ്കിലും ജയഭാരതി താനഭിനയിച്ച എല്ലാ ചിത്രങ്ങള്‍ക്കും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തു. ആ ശബ്ദവും ഉച്ചാരണ രീതിയും ചിരിയും കുറുമ്പും തുള്ളലും നാണവുമെല്ലാം അക്കാലത്തെ മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ചു.
ഒരേ കാലത്ത് നായികയായും പ്രതി നായികയായും ദേവതയായും ‘വെപ്പാട്ടി’യായും കാബറെ നര്‍ത്തകിയായും രതി രൂപിണിയായും ക്ലാസിക്കല്‍ നര്‍ത്തകിയായും പതിവ്രതയായും ‘കളങ്കിത’യായും ഒരേ ഉശിരോടെയും ഉണര്‍വ്വോടെയും അഭിനയിച്ചു. പ്രതിഛായാ നഷ്ടം ഭയന്നില്ല. തിരക്കോട് തിരക്കായിരുന്നു. ജയഭാരതി തിരശ്ശീലയിലെത്തിയാല്‍ ഒരാര്‍പ്പാണ് പിന്നെ. അക്കാലത്തെ ആണുങ്ങളുടെ ഹൃദയമിടിപ്പായിരുന്ന നായിക.ഗാനരംഗങ്ങളിലെ ജയഭാരതിയെ ശ്രദ്ധിച്ചിരിക്കുന്നത് എന്തൊരു ഗംഭീര കാഴ്ചാനുഭവമാണ്. അക്കാലത്ത് പാടി അഭിനയിക്കുന്ന നടികളിലൊന്നും കാണാത്ത ഒരു പ്രത്യേകതയാണ് ജയഭാരതിയുടെ പാട്ടു രംഗങ്ങളില്‍ കാണാനാവുക.പാടുന്ന ഗായികയേക്കാള്‍ കൃത്യമായിരുന്നു ജയഭാരതിയുടെ ചുണ്ടനക്കങ്ങള്‍. അത് ഒരിടത്തും അമിതമാവുകയോ അഭംഗിയാവുകയോ ഇല്ല. വളരെ കൃത്യമായ അനുപാതമാണ് എല്ലാറ്റിനും. ഇത് ബോധപൂര്‍വ്വം ഭാഷ അറിഞ്ഞു ചെയ്യുന്ന ഒരു പരിശ്രമമാണെന്നു കരുതാനാവില്ല.
കാറ്റു വന്നൂ കള്ളനെ പോലെ, താലിക്കുരുത്തോല പീലിക്കുരുത്തോല, പോലെയുള്ള ചടുല ഗതിയിലുള്ള പാട്ടുകള്‍ പാടുമ്പോള്‍ ചുണ്ടുകള്‍ വര്‍ത്തുളമാക്കുകയും എ, ഇ എന്നീ താലവ്യാക്ഷരങ്ങള്‍ക്ക് ചുണ്ടിനെ നിവര്‍ത്തിക്കൊണ്ട് വ്യക്തത നല്‍കുകയും ചെയ്യുന്നത് കാണാനായി ഞാനത് പലതവണ നോക്കിയിരുന്നിട്ടുണ്ട്.അതുപോലെ തന്നെ മാനത്തെ മഴമുകില്‍ മാലകളെ പാടുന്ന നായികയെ നോക്കിയിരുന്നാല്‍ മതിയാവില്ല. ‘മുല്ലപ്പൂ ബാണനെ പോല്‍ മെയ്യഴകുള്ളോരെന്‍’ പാടുന്ന സമയത്തെ ചുണ്ടുകള്‍ നായികമാര്‍ ഗാനരംഗങ്ങളില്‍ പാലിക്കേണ്ട ഉച്ചാരണ മാതൃകയെന്ന നിലയില്‍ കണ്ടിരുന്നു പോകും.മാധുരിയുടെ ശബ്ദത്തിന്റെ ത്രസിപ്പും തുറസ്സും ജയഭാരതിയുടേതുമായി ഏറെ ഇണങ്ങി നിന്നു. അതിനൊരു അടക്കമില്ലായ്മയുടെ അഴകുണ്ട്. ഷീലക്ക് സുശീല, ശാരദക്ക് ജാനകി, ജയഭാരതിക്ക് മാധുരി – എന്തൊരിണക്കമായിരുന്നു.
എത്രയെത്ര ചിത്രങ്ങള്‍. ഈയിടെ സന്ധ്യ മയങ്ങുന്നേരം എന്ന ചിത്രത്തിലെ ജയഭാരതിയുടെ ചന്തവും അഭിനയത്തിലെ ഒതുക്കവും മിതത്വവും കണ്ട് വീണ്ടും അവരെ ഞാനാഗ്രഹിച്ചു. സംഘര്‍ഷഭരിതമായ രംഗങ്ങളില്‍ ഗോപിക്കൊപ്പമോ അതിനും മേലെയോ അവര്‍ പെര്‍ഫോം ചെയ്തു. ഭരതനൊപ്പം ചേര്‍ന്നാല്‍ അവര്‍ അപ്രതീക്ഷിത അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിച്ച അവസാന ചിത്രം.മധു, സോമന്, രാഘവന് എന്നീ മൂന്നാണുങ്ങളുടെ പെണ്ണായ അശ്വതിയായിരുന്നു വാടകക്കൊരു ഹൃദയത്തിലെ ജയഭാരതി. അക്കാലത്തെ സൂപ്പര്‍ താരവും അവരായിരുന്നുവല്ലോ. ടൈറ്റിലുകള്‍ കാണിക്കുമ്പോള്‍ ജയഭാരതി എന്ന വലിയ ഒറ്റപ്പേരിനു താഴെ മാത്രമാണ് ബാക്കിയുള്ള താരങ്ങള്‍ മുഴുവന്‍ നിരന്നത്.കണ്ണില്‍ ഇങ്ങനെ ലഹരി നിറയ്ക്കാന്‍ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കും? അവരുടെ ശരീര അളവുകളായിരുന്നില്ല മുഖം തന്നെയായിരുന്നു വികാരോദ്ദീപകമായിരുന്നത്.സത്യന്- ജയഭാരതി, മധു – ജയഭാരതി, നസീര്‍ -ജയഭാരതി, സോമന് – ജയഭാരതി, വിന്‍സന്റ് – ജയഭാരതി, മോഹന്‍ -ജയഭാരതി ഒരു കാലത്തെ പ്രിയതാര ജോഡികള്‍.ജയഭാരതിക്ക് ഇന്ന് 70 വയസ്സ്. കലമാനിന്റെ മിഴിയുള്ള ആ കള്ളിത്തത്തമ്മക്ക്, മലയാളത്തിന്റെ ജയഭാരതിക്ക് പിറന്നാളാശംസകള്‍..’ നേര്‍ന്ന് കൊണ്ടാണ് ശാരദക്കുട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്.