കീവ്: യുക്രൈനിയന്‍ നഗരത്തില്‍ മിസൈല്‍ ആക്രമണം നടത്തി റഷ്യ. സെന്‍ട്രല്‍ യുക്രൈനിയന്‍ നഗരമായ ഡിനിപ്രോയിലെ ഒമ്പത് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ നാല് നിലകളും തകര്‍ന്നു. കെട്ടിടത്തില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി ഇഹോര്‍ ക്ലൈമെന്‍കോ മുന്നറിയിപ്പ് നല്‍കി. ആക്രമണം നടന്ന കെട്ടിടത്തിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്തു വിട്ടിട്ടുണ്ട്.
പരിക്കേറ്റവരില്‍ 7 മാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടെന്നുളള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. റഷ്യയുടെ പതിവ് വ്യോമാക്രമണങ്ങള്‍ തടയാന്‍ സൈന്യത്തെ സഹായിക്കുന്നതിന്, വ്യോമ പ്രതിരോധത്തിന്റെ വിതരണം വര്‍ധിപ്പിക്കാന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഉക്രെയ്‌നിന്റെ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യന്‍ സേനയുമായി ഏറ്റവും കൂടുതല്‍ പോരാട്ടം നടക്കുന്ന രാജ്യത്തിന്റെ കിഴക്ക് ഭാഗത്തായാണ് ഡിനിപ്രോ സ്ഥിതിചെയ്യുന്നത്. 2022 ഫെബ്രുവരിയില്‍ റഷ്യ ആരംഭിച്ച അധിനിവേശം ഇപ്പോളും തുടരുന്നു. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ പതിവായി നടക്കുകയും ചെയ്യുന്നു. എന്നാല്‍ റഷ്യ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകളാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നത്.
2022 ഫെബ്രുവരി 24 നായിരുന്നു റഷ്യ – യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത്. അന്താരാഷ്ട്രതലത്തില്‍ ആക്രമണാത്മക നടപടിയായി ഇത് കണക്കാക്കപ്പെടുന്നു. ഈ അധിനിവേശം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിക്ക് കാരണമായി. 4.1 ദശലക്ഷത്തിലധികം ഉക്രേനിയക്കാര്‍ രാജ്യം വിട്ടു. ആഗോള ഭക്ഷ്യക്ഷാമത്തിനും ഇത് കാരണമായി.