കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനു തലേന്ന് വടകര മണ്ഡലത്തിൽ ‘കാഫിർ’ പരാമർശമുൾപ്പെട്ട വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് മതസ്പർധയും ധ്രുവീകരണവും ലക്ഷ്യമിട്ടാണെന്നും പിന്നിൽ ആരെന്നു കണ്ടെത്തുന്നതിൽ പൊലീസിനു വീഴ്ചയുണ്ടെന്നും എംഎസ്എഫ് നേതാവ് പി.കെ മുഹമ്മദ് കാസിം ഹൈക്കോടതിയിൽ ആരോപിച്ചു. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു മുഹമ്മദ് കാസിം നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
‘യൂത്ത് ലീഗ് നിടുമ്പ്രമണ്ണ’ എന്ന വ്യാജ വാട്സാപ് ഗ്രൂപ്പുണ്ടാക്കി തന്റെ പേരിൽ സന്ദേശം കൃത്രിമമായി ചമച്ചതാണ്. വിവാദ സന്ദേശത്തിനു പിന്നിൽ താനല്ലെന്നു പൊലീസിനു വ്യക്തമായിട്ടും കേസിൽ പ്രതിയായി തുടരുകയാണ്. പ്രതിസ്ഥാനത്തു നിന്നു തന്നെ ഒഴിവാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടില്ല. സത്യം കണ്ടെത്തുന്നതിൽ അന്വേഷകരുടെ ഭാഗത്തു വീഴ്ചയുണ്ട്.