സഞ്ചാരികള്‍, പ്രത്യേകിച്ച് ആനപ്രേമികള്‍ ഒരിക്കലും മിസ്സ് ആക്കരുതാത്ത ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് തൃശൂര്‍ ജില്ലയിലെ പുന്നത്തൂര്‍കോട്ട. 60-ല്‍ അധികം ആനകളുള്ള പുന്നത്തൂര്‍ക്കോട്ട ഒരു പച്ചപ്പ് നിറഞ്ഞ ആന സങ്കേതമാണ്. പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആനക്കോട്ട, രാജ്യത്തെ ഏറ്റവും വലിയ ആന സങ്കേതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും നിരവധി സഞ്ചാരികളാണ് ഇവിടെ വന്നുപോകുന്നത്. സന്ദര്‍ശകര്‍ക്ക് ആനകളുമായി ചങ്ങാത്തം കൂടാനും ആനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ എടുക്കാനും സാധിക്കുന്ന മനോഹരമായ ഒരു സ്ഥലമാണിവിടം.
വികൃതിയായ ആനക്കുട്ടികളുടെ കളിചിരികള്‍ കാണാന്‍ സാധിക്കുന്ന ഒരിടമാണ് പുന്നത്തൂര്‍ കോട്ട. രോഗബാധിതരായ ആനകളെ പരമ്പരാഗത രീതിയില്‍ എങ്ങനെ ചികിത്സിക്കുന്നുവെന്ന് കാണാനുള്ള അവസരവും ഇവിടെ ലഭിക്കുന്നു. വിവിധ ആചാരപരമായ ചടങ്ങുകള്‍ക്കായി ആനകള്‍ക്ക് നല്‍കുന്ന പരിശീലനവും ഇവിടെയെത്തിയാല്‍ കാണാം. കൂടാതെ ചുറ്റുമുള്ള പച്ചപ്പ്, കാഴ്ചയെ കൂടുതല്‍ മനോഹരമാക്കുന്നു. കേരളത്തെ ചിലപ്പോള്‍ ആനകളുടെ നാട് എന്നും വിളിക്കാറുണ്ട്. ആനക്കോട്ട അതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. പുന്നത്തൂര്‍ കോട്ട എന്നാല്‍ ആനക്കോട്ട എന്നാണറിയപ്പെടുന്നത്. വലിപ്പവും ആനകളുടെ എണ്ണവും കാരണമാണ് ഇത്തരത്തിലൊരു പേര് ലഭിച്ചത്. ഒരു പ്രാദേശിക ഭരണാധികാരിയുടെ കൊട്ടാരമായിരുന്നു പുന്നത്തൂര്‍ കോട്ട. എന്നാല്‍ പിന്നീട് ഇത് ആനത്താവളമാക്കി മാറ്റുകയായിരുന്നു. ആനകളെ പാര്‍പ്പിക്കുന്നത് കൊട്ടാരവളപ്പിലാണ്.
11.5 ഏക്കറില്‍ പരന്നുകിടക്കുന്ന ആനക്കോട്ട ഇന്ത്യയിലെ ഏറ്റവും വലിയ ആന സങ്കേതങ്ങളില്‍ ഒന്നാണ്. 60-ലധികം ആനകളാണിവിടെയുളളത്. 3 കിലോമീറ്റര്‍ അകലെയുള്ള പ്രശസ്തമായ ഗുരവൂര്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു. പുന്നത്തൂര്‍ കോട്ടയുടെ കോമ്പൗണ്ടില്‍ ഒരു നാലുകെട്ടും കാണാം. പരമ്പരാഗത രീതിയില്‍ പണിഞ്ഞിരിക്കുന്ന ഈ കോട്ടയില്‍ വിശാലമായ ഒരു നടുമുറ്റവും ഉണ്ട്. ഭഗവാന്‍ ശിവനും ഭഗവതിക്കും സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെ ഉണ്ട്. കൂടാതെ പാപ്പാന്‍മാര്‍ക്കുള്ള പരിശീലന സ്‌കൂളും കോമ്പൗണ്ടില്‍ കാണാന്‍ സാധിക്കും. പ്രശസ്ത മലയാള സിനിമയായ ‘ ഒരു വടക്കന്‍ വീരഗാഥ ‘യിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഈ ലൊക്കേഷനിലാണ്. 9.00 AM മുതല്‍ 5.00 PM വരെയാണ് സന്ദര്‍ശന സമയം. ആളൊന്നിന് 20.00 രൂപയാണ് പ്രവേശന ഫീസ്. കോംപ്ലക്സിനുള്ളില്‍ ക്യാമറ ഉപയോഗിക്കുന്നതിന് 25 രൂപയാണ് അധികമായി ഈടാക്കുന്നത്.