പാമ്പിൻവിഷം ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സ്വന്തം മരണംകൊണ്ട് തെളിയിച്ച അമേരിക്കൻ ഹെർപ്പറ്റോളജിസ്റ്റ് കാൾ പാറ്റേഴ്‌സൺ ഷിമിറ്റിനെ പറ്റി കേട്ടിട്ടുണ്ടോ . പാമ്പിന്‍വിഷം ശരീരത്തില്‍ കയറിയിട്ടും ചികിത്സപോലും തേടാന്‍ തയ്യാറാവാതെ ആ വിഷം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് രേഖപ്പെടുത്തിവെക്കുകയായിരുന്നു അദ്ദേഹം. ഏതാണ്ട് സമാന രീതിയിൽ സ്വന്തം ശരീരത്തില്‍ പാമ്പിന്‍വിഷം കുത്തിവെച്ച് അതിനെതിരെ പ്രതിരോധശേഷി നേടിയ ഒരാളായിരുന്നു അമേരിക്കക്കാരനായിരുന്ന പ്രൊഫസര്‍ ബില്‍ ഹാസ്റ്റ്. മുയല്‍, കുതിര, കുരങ്ങ് ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ ചെറിയ അളവില്‍ പാമ്പിന്‍ വിഷം കുത്തിവെച്ച്, അവയിലുണ്ടാകുന്ന ആന്റിബോഡികള്‍ രക്തത്തില്‍നിന്ന് വേര്‍തിരിച്ച് ഉണ്ടാക്കുന്ന മരുന്നാണ് എ.എസ്.വി. മനുഷ്യര്‍ക്ക് പാമ്പിന്‍വിഷബാധ ഏറ്റാല്‍ ആന്റിബോഡികള്‍ ഉണ്ടാകാന്‍ സമയമെടുക്കും. അപ്പോഴേക്കും വിഷം നമ്മുടെ പല അവയവങ്ങളെയും ബാധിച്ചിട്ടുമുണ്ടാകും. അതേസമയം എത്രയും വേഗം ‘റെഡിമേഡ് ആന്റിബോഡികള്‍’ നല്‍കിയാല്‍ ഈ സമയനഷ്ടം നമുക്ക് പരിഹരിക്കാം. അവ പാമ്പിന്‍ വിഷമെന്ന പ്രോട്ടീനെ നിര്‍വീര്യമാക്കിക്കോളും.
അപൂര്‍വമായി ചിലര്‍ക്ക് കുതിരയുടെ രക്തകോശങ്ങള്‍ അലര്‍ജിയുണ്ടാക്കിയേക്കാം. ഈ അലര്‍ജി ചിലപ്പോള്‍ ഹൃദയമിടിപ്പ് നിന്നുപോകുന്ന തരത്തിലുള്ള അവസ്ഥ ഉണ്ടാക്കിയേക്കാം. ഇത്തരമൊരവസ്ഥയെ മറികടക്കാന്‍ മനുഷ്യരില്‍ തന്നെ പാമ്പിന്‍വിഷം അല്പാല്പമായി കുത്തിവെച്ച് അതിനെതിരെ ആന്റിബോഡി ഉണ്ടാക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തിൽ പ്രതിവിഷം കുത്തി വച്ച ആളാണ് ബില്‍ ഹാസ്റ്റ്. 1910 ഡിസംബര്‍ 30 നാണ് അദ്ദേഹം ജനിച്ചത്. 11 വയസ്സായപ്പോള്‍ മുതല്‍ പാമ്പുകളോട് അദ്ദേഹത്തിന് വല്ലാതെ താത്പര്യം തോന്നിത്തുടങ്ങി. 15 വയസ്സുമുതല്‍ വിഷപ്പാമ്പുകളെ പിടികൂടി അവയുടെ വിഷം എടുത്തു തുടങ്ങി. 16 വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പാമ്പുപഠനത്തിനുവേണ്ടി അവസാനിപ്പിക്കുകയും ചെയ്തു. 19 വയസ്സായപ്പോള്‍ അദ്ദേഹം ഒരു പാമ്പാട്ടിയുടെ ഒപ്പം കൂടി.
സ്വന്തം വീട്ടില്‍ മടങ്ങിയെത്തുകയും പൊതുജനങ്ങള്‍ക്കുവേണ്ടി പാമ്പുപ്രദര്‍ശനങ്ങള്‍ ആരംഭിക്കുകയും ചെയ്തു . ഫ്‌ളോറിഡയില്‍ ഒരു സ്‌നെയ്ക് പാർകും തുടങ്ങി. 1947 ല്‍ സെര്‍പന്റേറിയം തുറക്കുകയും 1965 ആയപ്പോഴേക്കും 500 പാമ്പുകളുള്ള വലിയൊരു സെര്‍പന്റേറിയമായി അത് വളരുകയും ചെയ്തു. അവിടെ ദിവസവും എഴുപതു മുതല്‍ നൂറു തവണ വരെ പാമ്പുകളുടെ വിഷം എടുത്തു. ഓരോ തവണയും പണം നല്കുന്ന സന്ദര്‍ശകര്‍ക്ക് മുന്നിലായിരുന്നു അദ്ദേഹം വെറുംകൈകൊണ്ട് വിഷപ്പാമ്പുകളെ പിടിച്ച് വിഷം എടുത്തുകൊണ്ടിരുന്നത്. പിന്നീട് വിഷത്തിലെ മാലിന്യം നീക്കി സ്വയം ഇന്‍ജക്റ്റ് ചെയ്ത് വിഷത്തിനെതിരെ പ്രതിരോധശേഷി നേടി. അങ്ങനെ പ്രതിരോധശേഷിയുള്ള രക്തം ദാനം ചെയ്ത്, പാമ്പുകടിയേറ്റ ഇരുപതിലധികം ആള്‍ക്കാരുടെ ജീവന്‍ അദ്ദേഹം രക്ഷപ്പെടുത്തി. ഇങ്ങനെ പാമ്പുവിഷത്തിനെതിരെ സ്വയം പ്രതിരോധ ശേഷി നേടുന്നതിന് മിത്രിഡേറ്റിസം എന്നാണ് പറയുക.
മിത്രിഡേറ്റസ് എന്ന, വിഷഭയം കാരണം സ്വയം വിഷത്തിനെതിരെ പ്രതിരോധശേഷി നേടാന്‍ പ്രയത്‌നിച്ച പഴയൊരു രാജാവില്‍ നിന്നാണ് ആ പേരിന്റെ ഉദ്ഭവം.നൂറ്റിയെഴുപത്തിരണ്ടു തവണ അദ്ദേഹത്തിന് വിവിധവിഷപ്പാമ്പുകളുടെ കടിയേറ്റിരുന്നു. 1984 ല്‍ അബദ്ധത്തില്‍ സെര്‍പന്റേറിയത്തിലെ മുതലക്കുളത്തില്‍ വീണ് മുതലയുടെ കടിയേറ്റ് ഒരു ആണ്‍കുട്ടി മരിച്ചതോടെ, ആ മുതലയെ വെടിവെച്ചുകൊന്ന് അദ്ദേഹം സെര്‍പന്റേറിയം അടച്ചുപൂട്ടി. എങ്കിലും, പാമ്പുകടിയേറ്റ് കുറച്ചൊന്നു വികൃതമായ വിരലുകളുമായി, പാമ്പുവിഷം തന്നെ നൂറുവയസ്സുവരെ ജീവിപ്പിക്കുമെന്ന് ഉറപ്പ് പറഞ്ഞുകൊണ്ട് ജീവിച്ച അദ്ദേഹം അവസാനം 2010 ഡിസംബറില്‍ 100 വയസ്സ് പൂര്‍ത്തിയാക്കുകയും 2011 ജൂണ്‍ 15 ന് മരിക്കുകയും ചെയ്തു.