ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം. മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു.
വെള്ളിയാഴ്ച നടന്ന ജില്ല സെക്രട്ടേറിയറ്റിൽ ആരും മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നില്ല. അതിൽനിന്ന് വിഭിന്നമായ സമീപനമാണ് ജില്ല കമ്മിറ്റി അംഗങ്ങളിൽ നിന്നുണ്ടായത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനമുണ്ടായി. പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല.
ഹരിപ്പാടും കായംകുളത്തും സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതിനു കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും പരാമർശമുണ്ടായി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും വിമർശിച്ചും അംഗങ്ങൾ രംഗത്തെത്തി. തെരഞ്ഞെടുപ്പ് സമയത്ത് ആദ്യം കണ്ടപ്പോൾ സഹായിക്കാമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നുവെന്ന് ആലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എ.എം. ആരിഫ് പറഞ്ഞു. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇ.ഡിയുടെ പേരുപറഞ്ഞ് ബി.ജെ.പി വെള്ളാപ്പള്ളിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും ആരിഫ് പറഞ്ഞു.
പാർട്ടിക്ക് അകത്തെ വിഭാഗീയതാണ് ഹരിപ്പാടും കായംകുളത്തും മൂന്നാം സ്ഥാനത്ത് എത്താൻ കാരണം, കുട്ടനാട്ടിലെ വിഷയം പരിഹരിക്കൻ ജില്ല സെക്രട്ടറി ആർ. നാസർ ഇടപെട്ടില്ല എന്നിങ്ങനെയുള്ള വിമർശനങ്ങളും ജില്ല കമ്മിറ്റിയിൽ ഉയർന്നു. ഇതിനിടെ ജി. സുധാകരന്റെ മോദി പ്രശംസയിലും വിമർശനം ഉയർന്നു. ജി. സുധാകരന്റെ പേര് പറയാതെയായിരുന്നു വിമർശനം.