ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന ഓഡിറ്റ് വിവരങ്ങൾ പുറത്ത്. സഹകരണ സംഘത്തിന്റെ ചിട്ടിയിൽ വലിയ ക്രമക്കേടുകളാണ് നടന്നത്. ചിട്ടി കുടിശ്ശിക വരുത്തിയ ആൾക്ക് അതിന്റെ പലിശ ഈടാക്കാതെ അടച്ചുതീർക്കാൻ അവസരമൊരുക്കിയതായാണ് കണ്ടെത്തൽ. അംബിക ദേവി ഓഡിറ്റ് നടക്കുന്ന സമയം മുതൽ ഭരണസമിതി അംഗമാണ്.
കുടിശ്ശികയുണ്ടായ ആൾക്ക് ഉണ്ടായിരുന്ന സ്ഥിരനിക്ഷേപം പിൻവലിച്ച സമയത്ത് അതിന് 11 ശതമാനം പലിശ കൊടുത്ത് സംഘത്തിന് നഷ്ടമുണ്ടാക്കിയതായും ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ചിട്ടി കുടിശ്ശിക വരുത്തിയ ആൾ സ്ഥിര നിക്ഷേപം ഈടായി വെച്ചിരുന്നതാണ്. എന്നാൽ, അയാൾക്ക് സ്ഥിരനിക്ഷേപം പലിശസഹിതം പിൻവലിക്കാൻ അവസരമൊരുക്കുകയും അതുപയോഗിച്ച് കുടിശ്ശികയില്ലാതെ ചിട്ടി അടച്ചുതീർക്കാൻ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു.
ഇതേ ആൾത്തന്നെ ചിട്ടി പൂർത്തിയായപ്പോൾ ആ പണം പലിശസഹിതം വാങ്ങുകയും ചെയ്തു. ഈ ക്രമക്കേട് സഹകരണ സംഘം പ്രസിഡന്റായ ജയകുമാറിന്റെ അറിവോടും സമ്മതത്തോടുമായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഓഡിറ്റിൽ കണ്ടെത്തിയത്. ഇതുപോലെ പലർക്കും ചിട്ടിയിൽ ക്രമക്കേടിന് അനുവാദം നൽകിയിട്ടുണ്ട്. സി ക്ലാസ് മെമ്പർമാർക്ക് മാത്രമേ സംഘത്തിൽ ചിട്ടിയിൽ ചേരാൻ സാധിക്കുകയുള്ളൂ. അങ്ങനെ അല്ലാത്തവർക്കും ചിട്ടിയിൽ ചേരാനും ക്രമക്കേട് നടത്താനും അനുവാദം നൽകിയെന്നാണ് കണ്ടെത്തൽ. അംഗമല്ലാത്തവരുടെ പേരിൽ ചിട്ടി ചേർന്നതും പിടിച്ചതും യഥാർഥ ആളുകളാണോ എന്ന കാര്യത്തിലും വ്യക്തതക്കുറവുണ്ട്.
സംഘം നടത്തിവരുന്ന പല ചിട്ടികളിലും മുടങ്ങിക്കിടക്കുന്നവയിൽ വരവും ചിലവും രേഖപ്പെടുത്തി കണക്ക് അവസാനിപ്പിക്കുന്ന ദിവസങ്ങളിൽ സംഘം പ്രസിഡന്റ് ജയകുമാറിന്റെ അക്കൗണ്ടിലേക്ക് പണം വരവുവെച്ചതായി രേഖകളുണ്ട്. ഇത്തരത്തിൽ ബോഗസ് എൻട്രി നടത്തുന്ന ചിട്ടി അക്കൗണ്ടുകൾക്ക് പലതിനും അഡ്രസ്സോ അപേക്ഷാ രേഖകളോ ജാമ്യ-കടപ്പത്ര വിവരങ്ങളോ സൂക്ഷിച്ചിട്ടില്ല.
ജയകുമാറിന്റെ ഭാര്യ അംബികാ ദേവിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴും സമാനമായ ക്രമക്കേടുകൾ കണ്ടെത്തി. മറ്റൊരു അംഗത്തിന്റെ അക്കൗണ്ട് വരവും ചെലവും രേഖപ്പെടുത്തി കണക്ക് അവസാനിപ്പിക്കവേ ഇയാളുടെ അക്കൗണ്ടിൽനിന്ന് അംബികാ ദേവിയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. ഇത് ക്രമക്കേട് നടന്നുവെന്നതിന്റെ തെളിവാണ്.
ചിട്ടിപിടിച്ചവർ ആ തുക പൂർണമായും അടച്ചുതീർക്കാതിരുന്നിട്ടുപോലും അത്തരക്കാരുടെ യാതൊരു വിവരങ്ങളും ലഡ്ജറിലോ രേഖകളിലോ ഇല്ലെന്ന് കണ്ടെത്തയിട്ടുണ്ട്. ഇങ്ങനെ സുരേഷ് അണിയൂർ എന്നയാൾ 1,79,765 രൂപ അംബികാ ദേവിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. ഇത് ചിട്ടിപിടിച്ച തുകയാണെന്ന് രേഖകളിൽനിന്ന് വ്യക്തമാണ്. എന്നാൽ, ഇയാൾ ഓഡിറ്റ് കാലയളവിൽ പിന്നീടൊരിക്കലും ചിട്ടിക്കുടിശ്ശിക അടച്ച് തീർത്തിട്ടില്ല. ഇയാളുടെ വിവരങ്ങൾ രേഖകളിലുമില്ല.
അതേസമയം, സുരേഷിന്റെ കൈയിൽനിന്ന് വന്ന തുക ഉപയോഗിച്ച് ജയകുമാറിന്റെ അളിയൻ രാമചന്ദ്രൻ നായരുടെ വായ്പ അംബികാ ദേവി അടച്ചുതീർക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ച് നിക്ഷേപകരിൽനിന്ന് ലഭിച്ച പണം ജയകുമാറും ഭാര്യയും ചേർന്ന് വകമാറ്റി ഉപയോഗിച്ചുവെന്ന് വ്യക്തമാണ്. അംബിക സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗം കൂടിയാണ് എന്നത് ക്രമക്കേടിന്റെ ഗൗരവം വർധിപ്പിക്കുന്നു.