Kerala

നിക്ഷേപ തുകയെല്ലാം മുക്കി സംഘം പ്രസിഡന്റിന്റെ വമ്പന്‍ കൊള്ള; വായ്പ തുക വീതിച്ച് നല്‍കിയത് ബന്ധുക്കള്‍ക്ക്, 17 കോടിയുടെ നിക്ഷേപ തുക എങ്ങോട്ട് പോയന്ന് അറിയാതെ ബാങ്ക് ജീവനക്കാര്‍- Sreekariyam Chempazhanthy Agricultural Improvement Co-operative Society Scam

ഒരു വായ്പ അടച്ചുതീര്‍ക്കും മുന്‍പേ ചട്ടങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി ആ വ്യക്തിയ്ക്കു തന്നെ രണ്ടാം വായ്പ നല്‍കുക, ജാമ്യവ്യവസ്ഥകള്‍ ഒന്നും പാലിക്കാതെ സ്വന്തക്കാര്‍ക്ക് പല പേരില്‍ വായ്പകള്‍ നല്‍കുക ഇങ്ങനെ ക്രമക്കേടുകളുടെ കൂമ്പാരമാണ് ശ്രീകാര്യം ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം. എല്ലാ തട്ടിപ്പുകള്‍ക്കും മേല്‍നോട്ടം വഹിച്ചത് ശ്രീകാര്യം ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന്റെ പ്രസിഡന്റ് അണിയൂര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ ഒരു കൊള്ള സംഘം. ഒടുവില്‍ നിക്ഷേപിച്ച കാശ് തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ബിജുകുമാര്‍ വേണ്ടി വന്നു തട്ടിപ്പ് സംഘം ഭരിക്കുന്ന ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ ബാങ്കിന്റെ ക്രമക്കേടുകളും തിരിമറികളും കമ്പളിപ്പിക്കലും പുറത്തു കൊണ്ടു വരാന്‍. ബിജുകുമാര്‍ മരണത്തിനുത്തരവാദി ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് ജയകുമാറാണെന്ന് കുറിപ്പെഴുതിയാണ് ആത്മഹത്യ.

നാട്ടുകാരില്‍ നിന്നും നിക്ഷേപമായും, ചിട്ടികളിലും ഉള്‍പ്പടെ കോടിക്കണക്കിന് പണം നിക്ഷേപിച്ചശേഷം അതു തിരികെ നല്‍കാന്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വമ്പന്‍ തട്ടിപ്പാണ് ശ്രീകാര്യം ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തില്‍ നടത്തിയിരിക്കുന്നത്. കണ്ടല സഹകരണ ബാങ്കിനു സമാനമായി തട്ടിപ്പ് നടത്തിയിട്ടും അണിയൂര്‍ ജയകുമാറിനെതിരെ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. കോണ്‍ഗ്രസ് ഭരണ സമിതി ഭരിക്കുന്ന സഹകരണ സംഘമാണെങ്കിലും സഹകരണ വകുപ്പില്‍ നിന്നും അണിയൂര്‍ ജയകുമാറിന് വഴിവിട്ട സഹായം ലഭ്യമായതായാണ് വിവരങ്ങള്‍. സംഭവം വിവാദമായതോടെ ഡിസിസി അംഗവും സഹകരണ സംഘം പ്രസിഡന്റുമായ അണിയൂര്‍ ജയനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്ത് കോണ്‍ഗ്രസിന്‍രെ സ്ഥിരം പരിപാടി തുടര്‍ന്നു. സംഘം പ്രസിഡന്റിന്റെ ഭാര്യയും, സഹോദരിയും മറ്റു ബന്ധുക്കള്‍ക്കും തട്ടിപ്പിന് കൂട്ടു നിന്നതായി കണ്ടെത്തിയ സഹകരണ രജിസ്ട്രാര്‍ വിശദമായ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന് നല്‍കി കഴിഞ്ഞു.

 

സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തില്‍ 17 കോടിയുടെ ക്രമക്കേട് നടന്നതായാണ് വിവരം. ബാങ്ക് പ്രസിഡന്റ് അണിയൂര്‍ ജയകുമാറിന്റെ മൗനാനുവാദത്തോടെയും അടുത്ത ബന്ധുക്കളുടെ പേരില്‍ ലോണ്‍ അനുവദിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും ആരോപണമുണ്ട്. വിവിധ ബ്രാഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അനുമതി നല്‍കിയത്. ബിജുകുമാറിന്‍രെ മരണത്തോടെ നിരവധി പേരാണ് സഹകരണ സംഘത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അഞ്ചു പരാതികളാണ് സഹകരണ രജിസ്ട്രാര്‍ക്കു നല്‍കിയിരിക്കുന്നത്. ചെമ്പഴന്തി നബില്‍ മന്‍സിലില്‍ സുധീറിനു സംഘത്തില്‍ നിക്ഷേപിച്ച 23 ലക്ഷവും ചെമ്പഴന്തി ത്രിദീപത്തില്‍ സജീവ് കുമാറിന്റെ 15 ലക്ഷവും തിരികെ നല്‍കിയിട്ടില്ല. ചെമ്പഴന്തി സ്വദേശിയായ കോമളന്റെ സുഹൃത്തിന്റെ ലോണിന്റെ ജാമ്യത്തിനായി നല്‍കിയ വസ്തുവിന്റെ ആധാരം പണം അടച്ചുതീര്‍ത്തിട്ടും നല്‍കുന്നില്ലെന്നും പരാതിയുണ്ട്. മൂന്നുപേര്‍ക്ക് ചിട്ടി കിട്ടിയിട്ടും പണം നല്‍കുന്നില്ലെന്നും പരാതി ലഭിച്ചിട്ടുണ്ട് ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസം ഘത്തില്‍ 17 കോടി രൂപയുടെ ബാധ്യതയുള്ളതായാണ് വിവരം. 2018-19 വര്‍ഷത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

 

കേസെടുക്കാതെ പൊലീസും

സഹകരണ സംഘം പ്രസിഡന്റ് വഞ്ചിച്ചെന്ന് കുറിപ്പെഴുതി വെച്ച് നിക്ഷേപകന്‍ ബിജുകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സംഘം പ്രസിഡന്റ് അണിയൂര്‍ ജയകുമാര്‍ കബളിപ്പിച്ചുവെന്നും അതുകൊണ്ടാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നും കാട്ടി കുടുംബം കഴക്കൂട്ടം പോലീസിനും പരാതി നല്‍കിയിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കേസെടുക്കുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്. അസ്വാഭാവിക മരണത്തിന് മാത്രമാണ് ഇതു വരെ കേസെടുത്തിട്ടുള്ളത്.

സഹകരണ വകുപ്പില്‍നിന്നു സംഘത്തിന് വഴിവിട്ട സഹായം

ചെമ്പഴന്തി ഇംപ്രൂവ്‌മെന്റ് സഹക രണ സംഘവുമായി ബന്ധപ്പെട്ട് കോടി ക്കണക്കിന് രൂപയുടെ അഴിമതി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും നടപടിയെ ടുക്കാത്തത് കടകംപള്ളി സുരേന്ദ്രന്‍ സഹകരണ മന്ത്രിയായിരുന്ന സമയത്താണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ബി.എച്ച്. വിഷ്ണു പറഞ്ഞു. ബാങ്ക് പ്രസിഡന്റിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും നിക്ഷേപകരുടെ പണം തിരികെ നല്‍കിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. ബിജുകുമാര്‍ മരിച്ച ദിവസം ബാങ്കിന്റെ എല്ലാ ശാഖയും പൂട്ടി ജീവനക്കാര്‍ സ്ഥലം വിട്ടിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞു ജീവനക്കാര്‍ നേരത്തെ ബാങ്ക് പുട്ടി പോയിരുന്നത്. രാവിലെ പോലീസ് ചെമ്പഴന്തിയിലെ സഹകരണ സംഘത്തില്‍ പരിശോധന നടത്തിയപ്പോള്‍ 11,85,220 രൂപ യുടെ ബാധ്യത ബിജുകുമാറിനു ഉണ്ടെന്നാണ് സെക്രട്ടറി എഴുതി നല്‍കിയത്. ഇതു തെറ്റാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവം അറിഞ്ഞ് നിരവധി ഇടപാടുകാര്‍ ബാങ്കില്‍ എത്തി. നിക്ഷേപിച്ച തുക ആവശ്യപ്പെ ട്ടിട്ടും മാസങ്ങളായി നല്‍കുന്നി ല്ലെന്ന് കാണിച്ച് പരാതികള്‍ എഴുതി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും തഹസില്‍ദാര്‍ക്കും നല്‍കി. നാല്‍പതിലേറെ ജീവനക്കാരുള്ള ഈ സംഘത്തില്‍ ഒരു വര്‍ഷമായി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നില്ല എന്ന് ജീവനക്കാരും പറയുന്നു.

തന്റെ ഭര്‍ത്താവിനെ കബളി പ്പിച്ചു അണിയൂര്‍ ജയകുമാര്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത് തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് ബിജുവിന്റെ ഭാര്യ കുമാരി. അണിയൂര്‍ ജയകുമാറിന്റെ നിര്‍ദേശപ്രകാരം സംഘത്തിന്റെ ജീവനക്കാരനായി പോയാണ് സമീപത്തെ ബാങ്കില്‍ സ്വര്‍ണം പണയംവെച്ച് 2,52000 രൂപ നല്‍കിയത്. ഇളയ മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു പണം ചോദിച്ചത്. പലതവണ കയറിയിറങ്ങിയെങ്കിലും, പല ഒഴിവുകള്‍ പറഞ്ഞ് തന്ത്രപൂര്‍വ്വം ബിജുകുമാറിനെ പറഞ്ഞയച്ചതായി ഭാര്യ കുമാരി പറഞ്ഞു. തുടര്‍ന്ന് ഞാനും എന്റെ രണ്ടു പെണ്‍ മക്കളുമായി ജയകുമാറിന്റെ വീട്ടില്‍ പോയപ്പോള്‍ പണം തനിക്ക് കിട്ടിയിട്ടില്ലെന്നും അതിനാല്‍ പണം നല്‍കില്ലെന്നും പറഞ്ഞു. 10 ലക്ഷം രൂപയു ടെ ചിട്ടിയില്‍ ബിജുകുമാര്‍ ചേര്‍ന്നിരുന്നു. നാലു മാസം മുമ്പ് 10 ലക്ഷം രൂപയുടെ ചിട്ടി ബിജുകുമാറിന് ലഭിച്ചു. അതോടെ ലോണെടുത്തതും സ്വര്‍ണം പണയം വച്ചെടുത്തതുമായ തുക തിരിച്ചടയ്ക്കുകയും ചെയ്തു. സംഘം പ്രസിഡന്റ് ജയകുമാര്‍ ഈ സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയംവയ്പിച്ച് രണ്ടു ലക്ഷം രൂപ ബിജുവില്‍ നിന്ന് വാങ്ങി. രണ്ടു മാസത്തിനു ശേഷം തിരികെത്തരാമെന്നും അതില്‍ പലിശ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് പണം വാങ്ങിയതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

Sreekariyam Chempazhanthy Agricultural Improvement Cooperative Society Scam