വീട്ടില്‍ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി. റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം പുരപ്പുറത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കാണ് ഏറെ ഗുണം ചെയ്യുക. അതായത്, കഴിഞ്ഞ് മെയ്മാസം 9ന് മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്ക് KSEB അങ്ങോട്ട് പൈസ നല്‍കുമെന്ന് സാരം. വീട്ടില്‍ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിക്ക് യൂണിറ്റിന് 46 പൈസ അധികം നല്‍കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. നേരത്തെ യൂണിറ്റിന് 2.69 രൂപയാണ് നല്‍കിയിരുന്നത്. ഇത് 3.15 രൂപയാക്കിയാണ് റെഗുലേറ്ററി കമ്മീഷന്‍ ഉയര്‍ത്തിയത്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ നല്‍കിയ വൈദ്യുതിക്കാണ് ഇത് ബാധകമാകുക.
സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടണമെന്ന ഉല്‍പ്പാദകരുടെ നീണ്ടകാലമായുള്ള ആവശ്യമാണ് റെഗുലേറ്ററി കമ്മീഷന്‍ പരിഗണിച്ചത്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മുന്‍കാല പ്രാബല്യത്തോടെ കൂട്ടിയ നിരക്ക് ഉല്‍പ്പാദകര്‍ക്ക് കൈമാറും. നേരത്തെ കെ.എസ്.ഇ.ബി നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ഉയര്‍ന്ന വൈദ്യുതി ബില്‍ വരുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. വീടുകളില്‍ ഉല്‍പ്പാദിപ്പിച്ച് ഉപഭോഗ ശേഷം വരുന്ന സൗരോര്‍ജ്ജം കെ.എസ്.ഇ.ബിയുടെ ഗ്രിഡുകളിലേക്ക് നല്‍കുമ്പോള്‍ സോളാര്‍ വൈദ്യുതി നിരക്കും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ കെ.എസ്.ഇ.ബിയില്‍ നിന്നും നേരിട്ടുള്ള വൈദ്യുതി ഉപയോഗിക്കുമ്പോള്‍ കെ.എസ്.ഇ.ബി താരിഫും നല്‍കേണ്ടി വരുന്നത് കൊണ്ടാണ് ഉയര്‍ന്ന വൈദ്യുതി നിരക്ക് എന്നായിരുന്നു ആക്ഷേപം.
ഇതിന് പരിഹാരമെന്നോണവും സോളാര്‍ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് റെഗുലേറ്ററി കമ്മീഷന്റെ നടപടി. കെ.എസ്.ഇ.ബിക്ക് ഇതിലും കുറഞ്ഞ നിരക്കില്‍ സോളാര്‍ വൈദ്യുതി പുറത്തുനിന്ന് ലഭിക്കും. എന്നാല്‍ പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്ക് കൂട്ടുന്നതിനോട് അനുകൂല നിലപാടാണ് കെ.എസ്.ഇ.ബി സ്വീകരിച്ചിരിക്കുന്നത്. റെഗുലേറ്ററി കമ്മനിഷന്റെ തീരുമാനത്തിന് മുന്‍കാല പ്രാബല്യമുള്ളതിനാല്‍ ഡി.ജി.പി ശ്രീലേഖയുടെ പുരപ്പുറത്ത് സോളാര്‍ പാനലില്‍ നിന്നും എടുത്ത വൈദ്യുതിക്ക് KSEB എത്ര രൂപ നല്‍കണം എന്നാണ് വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും കൂലങ്കഷമായി ആലോചിക്കുന്നത്.
അതോ ഓഫ്ഗ്രിഡ് ഓണ്‍ഗ്രിഡ്, താരിഫ്, മോഡറേഷന്‍, കോഷന്‍ ഡിപ്പോസിറ്റ്, എന്നൊക്കെയുള്ള തന്ത്രപ്രധാനമായ (സാധാരണക്കാര്‍ക്ക് എത്ര ആലോചടിച്ചാലും മനസ്സിലാകാത്ത) തന്ത്രങ്ങള്‍ വീണ്ടും പയറ്റുമോ. കഴിഞ്ഞ മേയ് 9നാണ് ഡി.ജി.പി ആര്‍. ശ്രീലേഖ KSEBയുടെ കൊള്ളയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അതും, തനിക്ക് വന്ന കറണ്ട് ബില്ല് കണ്ട് കണ്ണുതള്ളിയപ്പോള്‍. എന്നാല്‍, വകുപ്പു മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞത്, സോളാര്‍ വച്ചിട്ടും ഉയര്‍ന്ന വൈദ്യുതി ബില്‍ വന്നതുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ അബദ്ധമെന്നാണ്. അമിത ബില്ല് കെ.എസ്.ഇ.ബി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ശ്രീലേഖയുമായി പരസ്യ സംവാദത്തിന് കെ.എസ്.ഇ.ബി തയാറാണ്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ കെ.എസ്.ഇ.ബി ചെയര്‍മാനെ അയക്കാം. ഉയര്‍ന്ന ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ച ശ്രീലേഖ ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കണമായിരുന്നു. പ്രശ്‌നപരിഹരത്തിന് പകരം സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചത് ശരിയായില്ലെന്നുമാണ് മന്ത്രി അന്ന് പറഞ്ഞത്.
എന്നാല്‍, സോളര്‍ പാനല്‍ സ്ഥാപിച്ച് കെ.എസ്.ഇ.ബിക്ക് വൈദ്യുതി അങ്ങോട്ട് നല്‍കിയിട്ടും ബില്‍ കുത്തനെ ഉയര്‍ന്നപ്പോഴാണ് അവര്‍ പ്രതികരിച്ചത്. വീട്ടില്‍ സോളാര്‍ വയ്ക്കുമ്പോള്‍ ഓണ്‍ ഗ്രിഡ് ആക്കല്ലെ കെ.എസ്.ഇ.ബി കട്ടോണ്ട് പോകും എന്ന തലക്കെട്ടില്‍ ആയിരുന്നു അവരുടെ കുറിപ്പ്. ഇത് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയതോടെ ബോര്‍ഡ് വിശദീകരണവുമായി എത്തുകയും ചെയ്തു. ഇതിനു പിന്നാലെ വീണ്ടും ശ്രീലേഖ രംഗത്തെത്തി. വീടുകളിലെ സോളാര്‍ ബില്ലിംഗിനെ കുറിച്ച് കെ.എസ്.ഇ.ബി നല്‍കിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീലേഖ വീണ്ടും രംഗത്തെത്തിയതോടെ KSEB ഉദ്യോഗസ്ഥര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയിലൂടെ ശ്രീലേഖയ്ക്കു മറുപടിയും ജനങ്ങളുടെ സംശയ നിവാരണവുമൊക്കെ നടത്താന്‍ തയ്യാറായി. ആകെ ആശയക്കുഴപ്പത്തിനിടയിലും ജനങ്ങളുടെ വൈദ്യുത ബില്ലില്‍ കുറവൊന്നും വന്നില്ല എന്നതു മാത്രമാണ് വസ്തുത.
ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത തരത്തിലാണ് കെ.എസ്.ഇ.ബി വൈദ്യുതിക്ക് വില നിശ്ചയിക്കുന്നത്. മീറ്റര്‍ റീഡിംഗിന് വരുന്ന പയ്യനാണ് അങ്ങോട്ട് നല്‍കുന്ന സൗരോര്‍ജ്ജത്തിന്റെ വില തീരുമാനിക്കുന്നത്. ഇതൊക്കെ കാരണമാണ് വിശദീകരണത്തില്‍ വിശ്വാസമില്ലാത്തതെന്ന് ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് മറുപടിയുമായാണ് വകുപ്പുമന്ത്രി തന്നെ രംഗത്തെത്തിയത്. എന്നിട്ടും, ആശയക്കുഴപ്പവും, KSEBയുടെ വിശദീകരണവും ജനങ്ങള്‍ക്ക് ദഹിച്ചില്ല. KSEBയുടെ ഫേസ്ബുക്ക് പേജുകളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പൊങ്കാലയുമിട്ടു.
ആര്‍ ശ്രീലേഖ മെയ് 9ന് ഫേസ്ബിക്കില്‍ ഇട്ട കുറിപ്പിന്റെ പൂര്‍ണരൂപം
വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!
രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ് ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!
അതായത് solar വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.
പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.
മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ!
എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ?
അനധികൃത പവർ കട്ട് സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ് ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ് ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.
അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ!
ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ!
കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!
കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?
ഇപ്പോള്‍ റൈഗുലേറ്ററി കമ്മിഷന്‍ വീട്ടില്‍ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടിയതോടെ ആര്‍. ശ്രീലേഖയ്ക്ക് എത്ര രൂപ കൊടഡുക്കേണ്ടി വരുമെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. അന്ന്, ശ്രീലേഖ പറഞ്ഞതാണ് ശരിയെന്ന് തിരുത്തേണ്ടി വരുമെന്നും, ഇനി ഇതിനു ന്യായം പറഞ്ഞ് KSEB ഇറങ്ങിയാല്‍ ക്ലച്ച് പിടിക്കില്ലെന്നുമാണ് വിമര്‍ശം.
content highlights; So why KSEB sirs; Will the money be given to DGP R. Srilekha, who was turned away by Billakand? Or will the robbery continue?