മലയാളചലച്ചിത്ര രംഗത്തെ ഒരു നിറ സാന്നിധ്യമായിരുന്നു എം ജി രാധാകൃഷ്ണന്‍. 1940 ജൂലൈ 29-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്നുമാണ് കലാലയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നും ഗാനഭൂഷണം കരസ്ഥമാക്കി. പ്രശസ്തനായ പിന്നണിഗായകന്‍ യേശുദാസ് അവിടെ അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യനായിരുന്നു. ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന പേരിലറിയപ്പെടുന്ന കലാകാരനായിരുന്നു എം.ജി.രാധാകൃഷ്ണന്‍. ആകാശവാണിക്ക് വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ലളിത ഗാനങ്ങള്‍ ചലച്ചിത്ര ഗാനങ്ങളോളം തന്നെ ജനപ്രിയവും കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപിക്കപ്പെടുന്നവയും ആണ്.
ഗായകനായാണ് സിനിമയിലേക്ക് വന്നതെങ്കിലും സംഗീതസംവിധാനരംഗത്താണ് ഏറെ പ്രശസ്തനായത്. കള്ളിച്ചെല്ലമ്മയിലെ ‘ഉണ്ണീ ഗണപതിയെ’ എന്നതായിരുന്നു സിനിമയില്‍ ആദ്യമായി ആലപിച്ച ഗാനം. 1978ല്‍ പുറത്തിറങ്ങിയ ജി അരവിന്ദന്റെ പ്രശസ്തമായ ‘തമ്പ്’ എന്ന ചലച്ചിത്രത്തിനാണ് എം ജി രാധാകൃഷ്ണന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. തുടര്‍ന്ന് തകര, ആരവം, ഞാന്‍ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോള്‍, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്‌നിദേവന്‍ തുടങ്ങി നാല്‍പ്പതിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി.
കെ എസ് ചിത്ര, ജി.വേണുഗോപാല്‍, കെ എസ് ബീന, അരുന്ധതി തുടങ്ങി ഒട്ടേറെ പ്രഗത്ഭ ഗായകരെ മലയാള സംഗീത ശ്രോതാക്കള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഗായകനായ എം ജി ശ്രീകുമാര്‍, കര്‍ണ്ണാടക സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്. 1975ല്‍ ശ്രീമതി പത്മജയെ വിവാഹം കഴിച്ചു. രാജകൃഷ്ണന്‍, കാര്‍ത്തിക എന്നിവരാണ് മക്കള്‍. ചെന്നെയില്‍ സൗണ്ട് എഞ്ചിനീയറായ മകന്‍ രാജകൃഷ്ണന്‍ മലയാള സിനിമകളില്‍ ഓഡിയോഗ്രാഫി, സൗണ്ട് ഡിസൈനിംഗ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്യുന്നു. കരള്‍രോഗത്തെ തുടര്‍ന്നു ദീര്‍ഘകാലം ചികിത്സയില്‍ ആയിരുന്ന അദ്ദേഹം 2010 ജൂലൈ 2ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.