തിരുവനന്തപുരം: കൈക്കൂലി കേസില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ആന്റണി എം. വട്ടോളിയാണ് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായത്. കൊടകര ബ്ലോക്കിന്റെ പരിധിയിലുള്ള അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിലെ നിർമാണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരനാണ് പരാതി നൽകിയത്.
2023-2024 സാമ്പത്തിക വാർഷത്തെ പദ്ധതി തുകയിൽ നിന്നും അനുവദിച്ച കോൺവെന്റ് റോഡിന്റെ ഓട നിർമാണത്തിന്റെ പ്രവർത്തി ഏറ്റെടുത്ത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പൂർത്തികരിച്ചിരുന്നു. ഈ പ്രവർത്തിയുടെ അവസാന ബിൽ തുകയായ 3,21,911രൂപയുടെ ബില്ല് അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിലെ അസി. എഞ്ചിനീയർ തയാറാക്കി മാറി നൽകുന്നതിന് കൊടകര ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറായ ആന്റണി എം. വട്ടോളിക്ക് കൈമാറി.
തുടർന്ന് പരാതിക്കാരനായ കരാറുകാരനെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ വിളിച്ച് ബില്ല് മാറി നൽകണമെങ്കിൽ രണ്ട് ശതാമനം തുകയായ 6,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് ഇന്ന് ഉച്ചക്ക് 2:30 ഓടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് കരാറുകാരനിൽ നിന്നും 6,000 രൂപ കൈക്കൂലി വാങ്ങവെ ആന്റണി എം വട്ടോളിയെ കൈയോടെ പിടികൂടുകയാണുണ്ടായത്. തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സ്വകാര്യ കാർ പരിശോധിച്ചപ്പോൾ മറ്റൊരു കരാറുകാരൻ നൽകിയതെന്ന് പറയപ്പെടുന്ന 50,000 രൂപ കൂടി വിജിലൻസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.