ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയ്ക്ക് ഉയർന്ന് വന്ന നടനാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷം എത്തിയ ചില പ്രഭാസ് ചിത്രങ്ങൾക്ക് തിയേറ്ററിൽ അത്ര മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ പ്രഭാസ് നായകനായ എത്തിയ ‘കല്‍ക്കി 2898 എഡി’ തിയേറ്ററുകളില്‍ വലിയ വിജയം കാഴ്ചവയ്ക്കുകയാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമല്‍ഹാസൻ, ദീപിക പദുകോണ്‍, ശോഭന, ദിഷ പഠാനി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കല്‍ക്കിയുടെ വിജയത്തിന് പിന്നാലെ വീണ്ടും പ്രഭാസ് പ്രേക്ഷകർക്കിടയില്‍ ചർച്ചയാകാൻ തുടങ്ങി. 44കാരനായ പ്രഭാസ് ഇതുവരെ വിവാഹിതനായിട്ടില്ല. വിവാഹത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കുമ്ബോള്‍ എപ്പോഴും താരം ഒഴിഞ്ഞ് മാറാറാണ് പതിവ്. ഇപ്പോഴിതാ പ്രഭാസ് വിവാഹിതനാകാത്തതിനെക്കുറിച്ച് ഒരിക്കല്‍ സംവിധായകൻ രാജമൗലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പ്രഭാസ് വലിയ മടിയനാണെന്നാണ് രാജമൗലി അന്ന് പറഞ്ഞത്. മടി കാരണമാണ് നടൻ വിവാഹം പോലും ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പെണ്‍കുട്ടിയെ കണ്ടെത്തുക, അവളുടെ മാതാപിതാക്കളോട് സംസാരിക്കുക തുടങ്ങിയവയെല്ലാം പ്രഭാസിനെ സംബന്ധിച്ച് വലിയ ജോലിയാണെന്നാണ് രാജമൗലി പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പ്രഭാസും ഇക്കാര്യം സമ്മതിച്ചിരുന്നു. മടിയനാണെന്നും പുതിയ ആളുകളെ കാണാൻ മടിയാണെന്നും പ്രഭാസ് പറഞ്ഞു. എങ്ങനെ താൻ സിനിമാ രംഗത്തെത്തിയെന്ന് ചിലപ്പോള്‍ തനിക്ക് തോന്നാറുണ്ടെന്നും പ്രഭാസ് അന്ന് വ്യക്തമാക്കിയിരുന്നു. പ്രഭാസ് വിവാഹിതനാകുമെന്ന് നേരത്തെ നടന്റെ കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ പ്രഭാസ് ഇതുവരെ വിവാഹത്തിന് സമ്മതം മൂളിയിട്ടില്ല. നേരത്തെ നടി അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതേസമയം ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസിൽ 625 കോടിയുമായി കുതിക്കുകയാണ്. കേരളത്തിൽ 320 സ്ക്രീനുകളിലായ് പ്രദർശനം തുടരുന്ന ഈ ചിത്രം 190 സ്ക്രീനുകളും ത്രീഡിയാണ്. മികച്ച അഭിപ്രായമാണ് 3 ഡിയ്ക്ക് ലഭിക്കുന്നത്.വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്.
2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്. മികച്ച ദൃശ്യവിരുന്നും കിടിലൻ സൗണ്ട് ട്രാക്കും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമാണ് ഹൈലൈറ്റ്.അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന, ദീപിക പദുക്കോൺ, അന്ന ബെൻ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന ‘കൽക്കി 2898 എഡി’ ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്ര ദൃശ്യാവിഷ്കരിക്കുന്ന ‘കൽക്കി 2898 എഡി’യിൽ ‘ഭൈരവ’യായ് പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ ‘സുമതി’യെ ദീപിക പദുക്കോണും മറ്റ് സുപ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവ്’നെ അമിതാഭ് ബച്ചനും ‘യാസ്കിൻ’നെ കമൽ ഹാസനും ‘ക്യാപ്റ്റൻ’നെ ദുൽഖർ സൽമാനും ‘റോക്സി’യെ ദിഷാ പടാനിയും അവതരിപ്പിക്കുന്നു.