ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹഥ്റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന മതപരമായ ചടങ്ങിന്റെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേരുടെ ജീവനാണ് ഇന്ന് നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
‘സത്സംഗ്’ എന്ന പേരിലുള്ള ചടങ്ങിലാണ് ദുരന്തമുണ്ടായത്. സാധാരണയായി അർദ്ധരാത്രിയില്‍ നടക്കുന്ന ഹിന്ദുവിഭാഗക്കാരുടെ മതചടങ്ങാണ് സത്സംഗ്. സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ ‘സത്സംഗി’ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്.
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂര്‍ ഗ്രാമവാസിയാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ട്. 26 വർഷം മുമ്പ് ഉൾവിളി തോന്നി ഭക്തിമാർഗം സ്വീകരിച്ചുവെന്നും ജോലി ഉപേക്ഷിച്ചുവെന്നും ഇയാൾ ഭക്തരെ വിശ്വസിപ്പിച്ചിരുന്നു. ഇന്ത്യയിലുടനീളം പത്ത് ലക്ഷത്തിലധികം അനുയായികൾ ഇയാൾക്കുണ്ട്. അനുയായികൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്ന ഇയാൾ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ സ്ഥിരമായി സത്സംഗുകളും സംഘടിപ്പിച്ച് വന്നിരുന്നു.
മറ്റ് ആൾദൈവങ്ങളെ പോലെ അത്ര മോഡേൺ ആയിരുന്നില്ല ഭോലേ ബാബ.. സോഷ്യൽ മീഡിയയോട് ഇദ്ദേഹം അകലം പാലിച്ചിരുന്നു. അനുയായികളായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പ്രചാരകർ. സാധാരണ ആൾദൈവങ്ങളിൽ കണ്ടുവരുന്ന വസ്ത്രധാരണ രീതിയും ഭോലേ ബാബ പിന്തുടർന്നിരുന്നില്ല. കുങ്കുമ വസ്ത്രത്തിന് പകരം വെള്ള സ്യൂട്ടും ടൈയുമായിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ടവസ്ത്രം. ചിലപ്പോഴൊക്കെ പൈജാമയിലും കുർത്തിയിലും പ്രത്യക്ഷപ്പെടും. സത് സംഗുകളിൽ ലഭിക്കുന്ന സംഭാവനകളൊന്നും സ്വന്തം ആവശ്യങ്ങൾക്കായല്ല, ഭക്തർക്ക് വേണ്ടിയാണ് ചെലവഴിക്കുന്നതെന്നായിരുന്നു പ്രഭാഷണങ്ങളിൽ ഇയാൾ ആവർത്തിച്ചിരുന്നത്.
അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ പരിപാടികളിൽ പ്രതേക പ്രാർത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകാറുണ്ട്. കോവിഡ് കാലത്താണ് ഇദ്ദേഹം കൂടുതല്‍ പ്രസിദ്ധനാകുന്നത്.
‘സത്സംഗ്’ സമാപന ചടങ്ങിന്റെ അവസാനത്തിലാണ് ഇന്ന് അപകടം നടന്നത്. പ്രാർത്ഥന പരിപാടിക്ക് ശേഷം ആളുകൾ മടങ്ങാനൊരുങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ വാഹനം കടന്ന് പോകാൻ വേണ്ടി ആളുകളെ തടഞ്ഞെന്നും തുടർന്നുണ്ടായ തിരക്കാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് ഇപ്പോൾ നൽകുന്ന പുതിയ വിവരം. ചടങ്ങുകൾ പൂർത്തിയായി ആളുകൾ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മതപരമായ പരിപാടി അവസാനിച്ചപ്പോൾ എല്ലാവരും മടങ്ങാൻ തിരക്കുകൂട്ടി. സ്ഥലത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. പ്രഭാഷകന്റെ വാഹനം കടന്നുപോകുന്നതുവരെ ജനങ്ങളെ കടത്തിവിടാതെയിരുന്നത് വലിയ തിരക്ക് രൂപപ്പെടാൻ ഇടയാക്കി. തിങ്ങിഞെരുങ്ങി പുറത്തുകടക്കുന്നതിനിടയിൽ പലരും വീണു. ശ്വാസം ലഭിക്കാതെ പലരും പ്രയാസപ്പെട്ടു. പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ വാഹനങ്ങളും തടസ്സംസൃഷ്ട്ടിച്ചു. ശ്വാസം കിട്ടാതെയും വീണിടത്തുനിന്ന് എഴുന്നേൽക്കാൻ കഴിയാതെയും വന്നതോടെ പലരുടെയും ജീവൻ പൊലിഞ്ഞുവെന്നും ദുരന്തത്തിൽ നിന്ന് അതിജീവിച്ചയാൾ പ്രതികരിച്ചു.
120 പേർ മരിച്ചതായാണ് നിലവിൽ പുറത്തുവരുന്ന വിവരം. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. അറുപതോളം പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ജില്ലാ കളക്ടർ അഭിഷേക് കുമാർ പറഞ്ഞു.
സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സമിതി രൂപീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.