തിരുവനന്തപുരം: ലോക്സഭയിലെ രാഹുൽഗാന്ധിയുടെ പ്രസംഗം ദേശാഭിമാനി അവഗണിച്ചതിനെ ന്യായീകരിച്ച് കെ ടി ജലീൽ എംഎൽഎ. കേരളത്തിലെ മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ച ആളാണ് രാഹുൽഗാന്ധി. ആ രാഹുൽഗാന്ധിയുടെ വാർത്തയാണ് ദേശാഭിമാനി കൊടുക്കാതിരുന്നതെന്ന് ജലീല്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട എത്ര കോണ്‍ഗ്രസ് എംഎല്‍എമാരുണ്ടെന്ന് നിയമസഭയില്‍ ചോദിച്ച ജലീല്‍, കശ്മീര്‍ വിഷയത്തില്‍ പൗരത്വ രജിസ്റ്ററിനെതിരെ പോസ്റ്റിട്ട എത്ര പേരുണ്ട്. ഒന്ന് എഴുന്നേറ്റ് നില്‍ക്കാമോ എന്നും ചോദിച്ചു.
ആര്‍എസ്എസ് എന്ന വാക്ക് രാഹുല്‍ഗാന്ധി പ്രസംഗത്തില്‍ എവിടെയെങ്കിലും ഉപയോഗിച്ചോ?. സിഎഎ എന്നൊരു വാക്ക് രാഹുല്‍ ഗാന്ധി ഉപയോഗിച്ചോ. ഇന്ത്യയിലെ ഒരു വിഭാഗം ഒരുപാട് വേദനിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് മിണ്ടിയില്ല. പൗരത്വ രജിസ്റ്ററിനെ കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചോ. ഇതൊന്നും വലിയ വിഷയമായി രാഹുല്‍ ഗാന്ധിക്ക് തോന്നിയിട്ടില്ല. രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തിന്റെ ആശങ്കകള്‍ എന്തുകൊണ്ട് മിണ്ടിയില്ല. കോണ്‍ഗ്രസ് ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെ എതിര്‍ത്തിട്ടില്ല. സവര്‍ക്കറെ സംബന്ധിച്ച് ഒന്നും കോണ്‍ഗ്രസ് ഉരിയാടാത്തതെന്നും ജലീല്‍ ചേദിച്ചു.
മുസ്ലിം ലീഗ് അംഗങ്ങള്‍ വലിയ ആവേശത്തില്‍ കോണ്‍ഗ്രസിന്റെ കൂടെ കൂടി വാദിക്കേണ്ട. യുപിയില്‍ അഞ്ച് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ജയിലിലാണ്. കോണ്‍ഗ്രസ് മിണ്ടിയിട്ടില്ല. നിങ്ങള്‍ ജയിലില്‍ പോയാല്‍ വാദിക്കാന്‍ ഇടതുപക്ഷമേ കാണൂ. ലീഗ് എംഎല്‍എമാര്‍ വലിയ ആവേശം കൊള്ളേണ്ട. രാഹുല്‍ഗാന്ധി യൂസുഫ് നബി ആണെന്നാണ് ലീഗ് പറയുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണയും സ്നേഹവും ഒന്നും ലീഗ് എംഎല്‍എമാര്‍ക്ക് കിട്ടിയെന്ന് വരില്ലെന്നും ജലീല്‍ പറഞ്ഞു.
സി.പി.ഐ പത്രമായ ജനയുഗമടക്കം മലയാളത്തിലെ മുഴുവൻ പത്രങ്ങളും ലോക്സഭയിലെ രാഹുലിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രകടനം ഒന്നാം പേജിൽ കൊടുത്തപ്പോൾ ദേശാഭിമാനി രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് പ്രസംഗിച്ചത് മാത്രമായിരുന്നു കൊടുത്തിരുന്നത്. ലോക്സഭയിൽ നടന്നതൊന്നും ദേശാഭിമാനിയിൽ ഉണ്ടായിരുന്നില്ല.
പോരാട്ടം തുടരണം എന്ന സിപിഎം ആഹ്വാനമാണ് ദേശാഭിമാനി ലീഡാക്കിയത്. പാർലമെന്റ് വാർത്തകളിൽ പ്രധാന വാർത്തയാക്കിയത് ബ്രിട്ടാസിന്റെ പ്രസംഗമാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഒരു വരി പോലും നൽകിയില്ലെങ്കിലും രാഹുൽ ഹിന്ദുക്കളെ അവഹേളിച്ചെന്ന ബി.ജെ.പി യുടെ ആരോപണം പ്രത്യേക വാർത്തയായി ദേശാഭിമാനി നൽകിയിരുന്നു.