പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗത്തിന് രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നിരാശാജനകമാണെന്നും എ.എ.റഹിം എംപി. 2014ല്‍ അധികാരത്തില്‍ വരാനും അതിനുശേഷം അധികാരത്തില്‍ തുടരാനും നരേന്ദ്ര മോദി സര്‍ക്കാരിന് ഒരേയൊരു ഇന്ധനമേ ഉണ്ടായിരുന്നുള്ളൂ. അത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ്. ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ മാത്രമാണ് ഈ സര്‍ക്കാരിന്റെ സുഹൃത്തുക്കള്‍. കഴിഞ്ഞ 10 വര്‍ഷമായി, ഇന്ത്യയിലെ സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇവരെ ഒരിക്കല്‍പോലും അലട്ടിയിട്ടില്ല. 2024ലെ തിരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ അതിനു നല്കിയ മറുപടിയാണ്. എന്നിട്ടും ഈ നാട്ടിലെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവര്‍ തയ്യാറായിട്ടില്ല. എന്‍സിആര്‍ബിയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരു ലക്ഷം പേരാണ് ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചത്. റെയില്‍വേയില്‍ 2.5 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. 18,999 അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളുമുണ്ട്. ആവശ്യത്തിന് നിയമനം നടത്താതെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെയുമുള്ള കേന്ദ്രസര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളുടെ ഫലമാണ് രാജ്യത്തെ എല്ലാ തീവണ്ടി ദുരന്തങ്ങളും. ആവശ്യത്തിന് നിയമനം നടത്താതെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെയുമുള്ള കേന്ദ്രസര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളുടെ ഫലമാണ് രാജ്യത്തെ എല്ലാ തീവണ്ടി ദുരന്തങ്ങളും. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ തൊഴിലില്ലായ്മയെക്കുറിച്ച് പരാമര്‍ശമേയില്ല. രാജ്യത്ത് തൊഴിലില്ലായ്മ ക്യാന്‍സര്‍ പോലെ പടരുകയാണ് . 2023 ജൂലൈ 26ന് രാജ്യസഭയില്‍ മന്ത്രി ജിതേന്ദ്ര സിംഗ് നല്കിയ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ഏജന്‍സികളിലുമായി 9 ലക്ഷത്തി 64 ആയിരത്തി,മുന്നൂറ്റി അമ്പത്തിയൊമ്പത് തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത് . സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി നല്കിയ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് 8.01% ആയി ഉയര്‍ന്നു.
മഹാത്മാഗാന്ധി ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞിരുന്നു. എന്നാല്‍ ആത്യന്തികമായി, അദ്ദേഹം ഇന്ത്യന്‍ മതേതരത്വത്തിന്റെ അംബാസഡറാണ്, ഇന്ത്യന്‍ ബഹുസ്വരതയുടെ അംബാസഡറാണ്. ഗാന്ധിയുടെ യഥാര്‍ത്ഥ ആത്മാവ് മതേതരത്വമാണ്, കക്കൂസല്ല സര്! ഈശ്വര്‍ അല്ലാഹ് തേരാ നാം എന്നതായിരുന്നു അദ്ദേഹത്തിന്റെ മന്ത്രങ്ങള്‍. മതേതര ഇന്ത്യക്ക് വേണ്ടിയാണ് ഗാന്ധി ജീവിച്ചതും രക്തസാക്ഷിയായതും. ഒരു വശത്ത്, നിങ്ങള്‍ ഗാന്ധിയുടെ പേരില്‍ കക്കൂസുകള്‍ പണിയുന്നു, മറുവശത്ത് നിങ്ങള്‍ മതേതര ഇന്ത്യ എന്ന ഗാന്ധിയുടെ സ്വപ്നത്തിന് മേല്‍ ബുള്‍ഡോസര്‍ പായിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരവധി അക്രമങ്ങളാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്. ഇതാണോ മഹാത്മാഗാന്ധിയുടെ യഥാര്‍ത്ഥ ആത്മാവ്? ഈശ്വരല്ലാഹ് തേരാ നാം ഗാന്ധിയുടെ മന്ത്രമായിരുന്നു, എന്നാല്‍ കാശി മധുരൈ ബാക്കി ഹേ നിങ്ങളുടെ മന്ത്രമാണ്. വര്‍ഗീയത മാത്രമാണ് ഈ സര്‍ക്കാരിന്റെ ഇന്ധനം, ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് മാത്രമാണ് നയം. ചുരുക്കത്തില്‍, രാഷ്ട്രപതിയുടെ പ്രസംഗം എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശാജനകമാണ്. കാരണം പ്രസംഗത്തിന് രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.
President Draupadi Murmu’s speech Parliament has nothing to do with the social and political realities of the country.