തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. സ്പർജൻ കുമാറിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ആയി നിയമിച്ചു. ഇത് രണ്ടാം തവണയാണ് സ്പർജൻ കുമാർ സിറ്റി പൊലീസ് കമീഷണറാകുന്നത്. നാഗരാജുവിനെ കേരളാ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായി നിയമിച്ചു.
ദക്ഷിണ മേഖല ഐജിയുടെ ചുമതലയും സ്പർജൻ കുമാറിന് നൽകി. സഞ്ജീബ് കുമാർ പട്ജോഷി മനുഷ്യാവകാശ കമ്മിഷൻ ഡിജിപിയായി നിയമിച്ചു. പഠനാവധിയിലുണ്ടായിരുന്ന സതീഷ് ബിനോയെ അഡ്മിനിസ്ട്രേഷൻ വിഭാഗം ഡി.ഐ.ജിയായി നിയമിച്ചു.
അങ്കിത് അശോകനെ സ്പെഷ്യൽ ബ്രാഞ്ച് ടെക്നിക്കൽ ഇന്റലിജൻസ് എസ്പിയായി നിയമിച്ചു. തൃശൂർ പൂര നടത്തിപ്പിലെ പോലീസ് വീഴ്ച്ചയ്ക്ക് പിന്നാലെ അങ്കിത്തിനെ സ്ഥലം മാറ്റിയിരുന്നു. പി പ്രകാശിനെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും കോഴിക്കോട് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി നിയമിച്ചു.
സി. ബാസ്റ്റിൻ ബാബുവിനെ വനിതാ ശിശു സെൽ എ.ഐ.ജിയായും നിയമിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ അന്വേഷണ വിഭാഗം ഡി.ജി.പി എന്ന പുതിയ തസ്തിക സൃഷ്ടിച്ചതിന്റെ ഭാഗമായാണ് സ്ഥലംമാറ്റങ്ങൾ എന്നാണ് വിശദീകരണം.