സ്വർണ്ണം എന്നും മനുഷ്യനെ പിശാചാക്കുന്ന മഞ്ഞലോഹം . സ്വന്തം/ ജീവൻ പോലും നൽകി സ്വർണ്ണത്തിനും , പണത്തിനുമായി പോരാടിയ എത്രയോപേർ . ജീവനും , ജീവിതവും നഷ്ടപ്പെട്ട് ജീവശവമായി മാറിയവരും ഏറെ.ഇന്ന് ദേവാലയ എന്ന തമിഴ്നാട് അതിർത്തിയിലെ വനത്തിലും നടക്കുന്നത് സ്വർണ്ണത്തിനായുള്ള ഭാഗ്യ പരീക്ഷണങ്ങളാണ് . വയനാട് അതിര്‍ത്തിയോടു ചേര്‍ന്നു പന്തല്ലൂര്‍ താലൂക്കിലെ ദേവാലയിലും പരിസരപ്രദേശങ്ങളിലും ‘മഞ്ഞലോഹം’ തേടി ഇന്നും ഭാഗ്യാന്വേഷികള്‍ എത്തുന്നു. രണ്ടുനൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ദേവാലയുടെ സുവര്‍ണകഥയ്ക്ക്. രാജഭരണകാലഘട്ടം മുതലേ നീലഗിരിയിലെ സ്വര്‍ണനിക്ഷേപത്തില്‍ പലരും കണ്ണുവച്ചു തുടങ്ങി. ബ്രിട്ടിഷ് ആധിപത്യത്തിനു കീഴിലായപ്പോഴാണു വ്യാവസായികാടിസ്ഥാനത്തില്‍ നീലഗിരിയില്‍ സ്വര്‍ണഖനനം തുടങ്ങിയത്. ഏറെ ദുര്‍ഘടം പിടിച്ച പണിയാണു സ്വര്‍ണം തേടിയുള്ള തുരങ്കമുണ്ടാക്കല്‍. കാടിനോടടുത്തുള്ള ഗ്രാമങ്ങളിലെ താമസക്കാര്‍ക്ക് ഖനികളില്‍ പണി കിട്ടാന്‍ എളുപ്പമാണ്. ഇവര്‍ക്കു പ്രദേശത്തെ ഭൂഘടനയെപ്പറ്റി വലിയ അറിവുണ്ടാകുമെന്നതാണു കാരണം. ചിലയിടങ്ങളില്‍ ഇരുപതോ മുപ്പതോ അടി കുഴിക്കുമ്പോഴേക്കും വെള്ളമെത്തും. പിന്നീട് ഇതു പമ്പ് ചെയ്തു കളഞ്ഞുവേണം ‘സ്വര്‍ണശേഖര’ത്തിനടുത്തെത്താന്‍.
വന്‍തുരങ്കങ്ങളില്‍നിന്ന് ചാക്കിലേറ്റി പുറത്തെത്തിച്ചു കാട്ടരുവികളില്‍ അരിച്ചെടുത്ത സ്വര്‍ണം വിദേശരാജ്യങ്ങളിലേക്ക് കപ്പലിൽകയറ്റി അയച്ചിരുന്നു.സായിപ്പിനു വേണ്ടി സ്വര്‍ണം കുഴിച്ചെടുക്കാന്‍ തടവുകാരായ അടിമകളെ ചൈനയില്‍നിന്നു പോലും കൊണ്ടുവന്നു. കേരളത്തില്‍നിന്ന് ഒട്ടേറെ ജന്മികളും സ്വര്‍ണം കുഴിക്കാനെത്തിയിരുന്നു. 1827ല്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അനുമതി നല്‍കി. നിലമ്പൂര്‍ രാജകുടുംബത്തിന് 10 ശതമാനം റോയല്‍റ്റിയായിരുന്നു വ്യവസ്ഥ.ആല്‍ഫാ ഗോള്‍ഡ് മൈനിങ് കമ്പനി, ഇന്ത്യന്‍ ഗ്ലെന്‍റോക്ക് കമ്പനി തുടങ്ങി ഒട്ടേറെ ഖനി ഭീമന്മാര്‍ ദേവാലയിലെത്തി. കുഗ്രാമായിരുന്ന ദേവാലയും പന്തല്ലൂരും പട്ടണങ്ങളായി വളര്‍ന്നു. മലയും കാടും മുഴുവന്‍ കുഴിച്ചുനടന്നിട്ടും മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ളത്രയും സ്വര്‍ണം കിട്ടിയില്ല.1798ല്‍ ബോംബെ സര്‍ക്കാര്‍ മേപ്പാടിയില്‍ സ്വര്‍ണഖനനത്തിന് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. ഖനനം നഷ്ടമായപ്പോള്‍ പലരും ഖനികള്‍ ഉപേക്ഷിച്ചു മടങ്ങി. സ്വര്‍ണഖനി കമ്പനികളുടെ ഷെയറുകള്‍ കുത്തനെ ഇടിഞ്ഞു. 1893ല്‍ ദേവാലയിലെ അവസാനത്തെ സ്വര്‍ണഖനിക്കമ്പനിയും പൂട്ടിപ്പോയി.ദേവാലയില്‍ മാത്രം ചുരുങ്ങിയത് 50 തുരങ്കങ്ങളെങ്കിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അധികൃതരുടെ കണ്ണുവെട്ടിച്ച് ദേവാലയിലെ കാടുകളില്‍ ഇപ്പോഴും സ്വര്‍ണ ഖനനം നടക്കുന്നു. കാട്ടിടവഴികളിലെ വന്‍തുരങ്കങ്ങളില്‍ മൃഗങ്ങളോ മനുഷ്യരോ വീഴുമ്പോള്‍ മാത്രമാണു ഖനനവിശേഷം പുറത്തറിയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ദേവാലയിലെ സ്വര്‍ണ ഖനികളിലൊന്നില്‍ ഒരു മാസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടി കുടുങ്ങിയിരുന്നു. സ്വർണത്തിനായി കുഴിക്കുകയും ഒന്നും കിട്ടാതാകുമ്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്ന തുരങ്കങ്ങളിൽപ്പെട്ട് വന്യജീവികൾ ചാകുന്നതും ഇവിടെ പതിവാണ്
ദേവാലയിലും പരിസരത്തും സ്വര്‍ണം വേര്‍തിരിക്കുന്ന ‘മില്ലുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്. അയിരുകളടങ്ങിയ പാറക്കഷണങ്ങള്‍ ഇടനിലക്കാര്‍ മുഖേന ഈ മില്ലുകളിലെത്തിച്ചു നല്‍കും. സ്വര്‍ണത്തിന്റെ ഗുണ നിലവാരത്തിനനുസരിച്ചാണു പണം കിട്ടുക.പാറകളില്‍ സ്വര്‍ണത്തിന്റെ അംശം കണ്ടെത്തുന്നതുവരെ കുഴിച്ചുകൊണ്ടേയിരിക്കണം. പിന്നീട് ഇതു പ്രത്യേക തരത്തില്‍ മുറിച്ചെടുത്തു തുരങ്കത്തിനു പുറത്തെത്തിച്ച് മെര്‍ക്കുറിയില്‍ കഴുകിയെടുക്കും.
എന്നാല്‍, സ്വർണം കുഴിച്ചെടുക്കാനുള്ള കഷ്ടപ്പാടിന്റെ തോത് വച്ചുനോക്കുമ്പോള്‍ ഖനനം നഷ്ടം തന്നെയാണ്. നീലഗിരിയിലെ ഭൂനിയമങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതിനാല്‍ അനധികൃത ഖനനത്തിനെതിരെ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ വനം-റവന്യു വകുപ്പുകള്‍ക്കും കഴിയാറില്ല. ഉപേക്ഷിക്കപ്പെട്ട ഖനികള്‍ വലിയ അപകടവും വരുത്തിവയ്ക്കുന്നുണ്ട്. വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുമ്പോള്‍ അടിത്തറ ഇടിഞ്ഞു തുരങ്കത്തിലേക്കു പതിച്ച സംഭവങ്ങള്‍ വരെ ഇവിടെയുണ്ടായിട്ടിട്ടുണ്ട്. ആരോരുമറിയാത്ത ഒട്ടേറെ തുരങ്കങ്ങളാണു ഇവിടെ ഇന്നും മണ്ണുമൂടിക്കിടക്കുന്നത്.