ന്യൂഡല്‍ഹി : ട്വന്റി-20 ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനം ലോകനെറുകയിലെത്തിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡല്‍ഹിയിലെത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇന്ത്യന്‍ ടീമുമായുള്ള ചാര്‍ട്ടേഡ് വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനില്‍ക്കുന്നത്. താരങ്ങള്‍ പുറത്തുവരുന്നതും കാത്ത് അക്ഷമരായി തുടരുകയാണ് ആരാധകര്‍.
ബാര്‍ബഡോസ് ഗ്രാന്റ്ലി ആദംസ് വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി കാണും. 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഇതിനുശേഷം സ്വീകരണത്തിനും റോഡ് ഷോയ്ക്കുമായി ടീം മുംബൈയിലേക്കുപോകും.
താരങ്ങള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, കുടുബാംഗങ്ങള്‍ എന്നിവര്‍ക്കായി ബി.സി.സി.ഐ. പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. ബുധനാഴ്ച അതിരാവിലെ തന്നെ വിമാനം ബാര്‍ബഡോസ് വിമാനത്താവളത്തില്‍ എത്തി.
കിരീടനേട്ടത്തിനുശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ‘ബെറില്‍’ ചുഴലിക്കാറ്റ് ആഞ്ഞടിഞ്ഞത്. ഇതോടെ ബാര്‍ബഡോസിലെ വിമാനത്താവളവും അടച്ചു. കാറ്റഗറി നാലില്‍പ്പെടുന്ന ചുഴലിക്കാറ്റും മഴയും കാരണം ടീമിന് മൂന്നുദിവസമായി ഹോട്ടലില്‍ തുടരേണ്ടിവന്നു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. ബി.സി.സി.ഐ. ഇടപെട്ടാണ് പ്രത്യേകവിമാനം ഏര്‍പ്പാടാക്കിയത്.
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടവുമായി എത്തുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍ സ്വീകരണങ്ങള്‍. എയര്‍ ഇന്ത്യ ചാമ്പ്യന്‍സ് 24 ലോകകപ്പ് (എ.ഐ.സി.24.ഡബ്ല്യു.സി.) വിമാനത്തില്‍ രാവിലെ ഡല്‍ഹിയിലാണ് ടീമെത്തുക. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ടീമംഗങ്ങളെ കാണും. അഭിനന്ദനം നേരിട്ട് അറിയിക്കും. അദ്ദേഹത്തോടൊപ്പമാണ് താരങ്ങളുടെ പ്രഭാതഭക്ഷണമെന്നാണ് വിവരം.
ബാര്‍ബഡോസില്‍നിന്ന് വിമാനം പുറപ്പെടുന്നതിനുമുന്പ് ട്രോഫിയുമായി നില്ക്കുന്ന ചിത്രം ക്യപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്തിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ ടീം മുംബൈയിലേക്കുപോകും. ട്രോഫിയുമായി താരങ്ങള്‍ മുംബൈ നഗരത്തില്‍ റോഡ് ഷോ നടത്തും. നരിമാന് പോയിന്റ്, മറൈന്‍ഡ്രൈവ്, വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസിലാണ് റോഡ് ഷോ. വൈകീട്ട് അഞ്ചുമുതലാണ് വിക്ടറി പരേഡെന്നും എല്ലാവരും എത്തിച്ചേരണമെന്നും രോഹിത് ശര്‍മ എക്സില്‍ കുറിച്ചു.
വാംഖഡേ സ്റ്റേഡിയത്തില്‍ സ്വീകരണപരിപാടി ഒരുക്കിയിട്ടുണ്ട്. ടീമിന് പ്രഖ്യാപിച്ച 125 കോടി ചടങ്ങില്‍ ബി.സി.സി.ഐ. കൈമാറും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും ടീം കൂടിക്കാഴ്ച നടത്തിയേക്കും.
ആഘോഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ താരങ്ങള്‍ സിംബാബ്വേയിലെ ഹരാരയിലെത്തും. ടീമിലുള്‍പ്പെട്ടവരാണ് അങ്ങോട്ടേക്കുപോകുക. സ്വീകരണച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന സഞ്ജു സാംസണ്, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവരെ സിംബാബ്വേക്കെതിരേയുള്ള ആദ്യ രണ്ട് ടി 20 മത്സരങ്ങളില്‍നിന്ന് ഒഴിവാക്കിയത്.