സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി ആരോപണം. 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് നടന്റെ ആരാധിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഫാന്‍ പേജ് വഴിയാണ് തനിക്ക് പണം നഷ്ടപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു. സംഭവത്തില്‍ പ്രതികരണവുമായി സിദ്ധാര്‍ഥ് രംഗത്തെത്തിയിട്ടുണ്ട്.
തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴിയാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര നിലപാട് വ്യക്തമാക്കിയത്. സംഭവത്തില്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ അഭ്യര്‍ഥനകള്‍ ലഭിച്ചാല്‍ അധികാരികളെ തന്നെ ധരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരാധകരാണ് ശക്തി എന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സിദ്ധാര്‍ഥ് മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.’ആരാധകരാണ് എന്ന് അവകാശപ്പെട്ട് പണത്തിനായി തട്ടിപ്പുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത്. ഞാനോ എന്റെ കുടുംബമോ ടീമോ ഇത് പിന്തുണയയ്ക്കുന്നില്ലെന്ന് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സംശയാസ്പദമായ അഭ്യര്‍ഥനകള്‍ ലഭിച്ചാല്‍ അധികാരികളെ തന്നെ ധരിപ്പിക്കണം. ആരാധകരാണ് ശക്തി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്’, സിദ്ധാര്‍ഥ് മല്‍ഹോത്ര അഭ്യര്‍ഥിച്ചു.
കരണ്‍ ജോഹറിന്റെ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ (2012) എന്ന ചിത്രത്തിലാണ് സിദ്ധാര്‍ഥ് തന്റെ ആദ്യ നായക വേഷം ചെയ്തത്. റൊമാന്റിക് കോമഡി ഹസീ തോ ഫേസി (2014), ഏക് വില്ലന്‍ (2014), കപൂര്‍ & സണ്‍സ് (2016) തുടങ്ങിയ വാണിജ്യപരമായി വിജയിച്ച സിനിമകളില്‍ മല്‍ഹോത്ര അഭിനയിച്ചിട്ടുണ്ട്. 2016 മുതല്‍ 2018 വരെ അദ്ദേഹം ഫോര്‍ബ്‌സ് ഇന്ത്യയുടെ ആദ്യ 100 സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടം നേടിയ നടനാണ് സിദ്ധാര്‍ഥ്. തന്റെ അഭിനയ ജീവിതത്തിന് പുറമേ, നിരവധി ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങളുടെയും അംബാസിഡറായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. നടി കിയാര അദ്വാനിയെയാണ് മല്‍ഹോത്ര വിവാഹം കഴിച്ചത്.