തിരുവനന്തപുരത്തെ മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കേന്ദ്രമന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷം മത്സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ ഒരു ഉറപ്പും മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യോഗം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രിയുടെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ പോലീസ് ഇടപെട്ടാണ് വാഹനം കടത്തിവിട്ടത്. ഇതിനിടെ പോലീസ് മര്‍ദ്ദിച്ചുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചു.
ഫിഷറീസ് വകുപ്പില്‍ സഹമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്നെ മുതലപ്പൊഴി സന്ദര്‍ശിക്കുമെന്ന് ജോര്‍ജ് കുര്യന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി ഉദ്യോഗസ്ഥ സംഘവുമായി ഇന്നെത്തിയത്. മുതലപ്പൊഴിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി സമീപത്തെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസില്‍ മത്സ്യതൊഴിലാളികളുമായി കൂടിക്കാഴ്ചയും നടത്തി. ഈ യോഗത്തിലേക്ക് കഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് ആദ്യം പ്രതിഷേധിച്ചത്. പിന്നാലെ ഇവരേയും മന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. മുതലപ്പൊഴിയില്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അടക്കം ഒരു ഉറപ്പും കേന്ദ്രമന്ത്രി നല്‍കിയില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആലോചിച്ച് തീരുമാനിക്കാം എന്നാണ് മന്ത്രി പറഞ്ഞത്. ഒന്നര വര്‍ഷം മുമ്പും ഇത്തരത്തില്‍ ഒരു കേന്ദ്രമന്ത്രി എത്തി ഉറപ്പ് നല്‍കിയിതാണെന്നും ഒന്നും നടപ്പായില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നും ആലോചിക്കാമെന്നു മാത്രമാണ് പറഞ്ഞതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. 23 മത്സ്യത്തൊഴിലാളികളുടെ മരണത്തിനു മന്ത്രി മറുപടി പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി.