അഭിമാനവും സ്ത്രീത്വവും ചോദ്യം ചെയ്യപ്പെട്ടപ്പോൾ തന്റെ കണ്ണീരാൽ ഒരു നഗരം മുഴു വൻ ചുട്ടുകരിച്ച പെണ്ണ് , കണ്ണകി . തമിഴ് മക്കളുടെ വീരനായിക കണ്ണകിക്ക് തമിഴ്നാട്ടിൽ മാത്രമല്ല, ഇവിടെ നമ്മുടെ കേരളത്തിലും ഒരു ക്ഷേത്രമുണ്ട്.ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ മംഗളാദേവി ക്ഷേത്രം. മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്ന ഐതീഹ്യം. സംഘകാലത്തിൽ രചിക്കപ്പെട്ട ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലാണ് ദേവി പരിവേഷമുള്ള കണ്ണകിയെക്കുറിച്ചും അവളുടെ ഭർത്താവായ കോവലനെക്കുറിച്ചും പറയുന്നത്. ഒരു സാധാരണ സ്ത്രീയുടെ പ്രതികാരം ഒരു നഗരത്തെ ചാമ്പലാക്കിയ കഥ, ഒരു സ്ത്രി ദേവിയായ കഥ. പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രത്തിന് 15 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടല്‍നിരപ്പില്‍ നിന്ന് ശരാശരി 1337 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. വർഷത്തിൽ ഒരിക്കൽ, ചൈത്ര മാസത്തിലെ പൗർണമിക്ക് മാത്രം തുറന്ന് പൂജ നടക്കുന്ന അമ്പലം.
കേരളീയ – തമിഴ് ആചാരങ്ങൾ ഒന്നിച്ചു നടക്കുന്ന ഏക ക്ഷേത്രമായിരിക്കും മംഗളാദേവി ക്ഷേത്രം. ഇവിടുത്തെ ശിവ പ്രതിഷ്ഠയുള്ള ശ്രീകോവിലിൽ പൂജ ചെയ്യുന്നത് കേരളീയനായ പൂജാരിയാണ്. എന്നാൽ തൊട്ടടുത്ത മംഗളാദേവിയുടെ ശ്രീകോവിലിലെ പൂജാദികർമങ്ങൾ നടത്തുന്നത് തമിഴരാണ്. പത്തടിയോളം ഉയരത്തിൽ ചതുരാകൃതിയിലാണ് തൂണുകൾ. നാല് ക്ഷേത്രസമുച്ചയത്തിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പ്രധാന പൂജ നടക്കുന്നത്. ഇതിൽ ഒന്നിൽ മംഗളാദേവിയും മറ്റൊന്നിൽ ശിവനുമാണ് പ്രതിഷ്ഠ.പലഭാഗത്തും തകർ ന്നു കിടപ്പാണ്. ഏറ്റവും ആകർഷണം നാല് കൂറ്റൻ തൂണുകളാണ് . മനുഷ്യവാസമില്ലാത്ത, കൊടുംകാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായതു സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകളൊന്നുമില്ല. ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങള്‍ പോലും തകര്‍ന്ന നിലയിലായതിനാല്‍ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്. വരുന്ന ജനങ്ങളിൽ ഭൂരിഭാഗവും തമിഴരാണ്. സ്ത്രീകളും കുട്ടികളും മുതിർന്നവരുമായ തമിഴ് വിശ്വാസികൾ കണ്ണകി ദേവിയെ കണ്ട് തൊഴാൻ വരും.
കണ്ണകി ദേവിയെ തൊഴുന്നതിനൊപ്പം കാനനപാതയിലെ സാഹസിക യാത്ര അനുഭവിക്കാൻ വേണ്ടിയാണ് വർഷത്തിൽ ഒരിക്കൽ തുറക്കുന്ന ഇവിടേക്ക് മലയാളികൾ വരുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഇവിടുത്തെ ശ്രീകോവിൽ. നടപ്പന്തലുകളോ ഗോപുര വാതിലുകളോ ഒന്നുമില്ലാത്ത ഒറ്റമുറി ശ്രീകോവിൽ. പ്രതിഷ്ഠയ്ക്ക് വളരെ അടുത്തു നിന്ന് ഭക്തർക്ക് പ്രാർഥിക്കാം. കൈയെത്തുന്ന ദൂരെയാണ് വിഗ്രഹമെങ്കിലും ഭക്തരെയും പ്രതിഷ്ഠയെയും തമ്മിൽ വേർതിരിക്കുന്നൊരു കൽപടവുണ്ട്. ഇതു പോലെ തന്നെയാണ് കണ്ണകിയുടെ ശ്രീകോവിലും. വെള്ളിയിൽ തീർത്ത വിഗ്രഹമാണ് കണ്ണകി അഥവാ മംഗളാ ദേവിയുടേത്. ഈ വിഗ്രഹം ചൈത്രമാസത്തിലെ പൗർണമി ദിവസം കമ്പത്തിൽ നിന്നും ഇവിടെ കൊണ്ടുവന്നാണ് പൂജിക്കുന്നത്. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തില്‍ 1980-കളില്‍ തമിഴ് നാട്ടുകാര്‍ അവകാശവാദം ഉന്നയിച്ചതോടെ, ഭൂമിശാസ്ത്രപരമായി നിസ്സംശയം കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഇവിടം തര്‍ക്കഭൂമിയായി.
പിന്നീട് ചിത്രപൗര്‍ണ്ണമി ദിവസം ക്ഷേത്രങ്ങളില്‍ ഒന്നില്‍ കേരളത്തിലെയും മറ്റൊന്നില്‍ തമിഴ്‌നാട്ടിലെയും പൂജാരിമാര്‍ക്ക് പൂജയ്ക്ക് അനുവാദം നല്‍കാന്‍ തീരുമാനിച്ചു.കൊടും വനത്തിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ആരോരുമറിയാതെ അജ്ഞാതമായിക്കിടന്ന ഈ കല്ലു ക്ഷേത്രം എങ്ങനെയാകും പുറം ലോകമറിഞ്ഞത് എന്ന സംശയം ഇവിടെയെത്തുന്ന ഏതൊരാൾക്കുള്ളിലും മിന്നിമായുമെന്നുറപ്പാണ്. മംഗളാദേവിയിലെ ചിത്രപൗര്‍ണമി ഉത്സവം പ്രശസ്തമാണ്. 25,000- ത്തോളം ആളുകള്‍ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണിവരെ പ്രത്യേക പൂജകള്‍.ഹാക്ഷേത്രങ്ങളിൽ കണ്ടു വരുന്ന ഭക്തിയുടെ ആറാട്ട് ഇവിടെയില്ല. ആനയും അമ്പാരിയുമില്ല. മംഗളാദേവിയുടെ ഉത്സവം പ്രകൃതിയുടെ ഉത്സവമാണ്. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയില്ല. പ്രത്യേക അനുമതി ലഭിച്ച ടാക്‌സി ജീപ്പുകളിലോ അല്ലെങ്കില്‍ 15 കിലോമീറ്റര്‍ നടന്നോ ഈ ഒരു ദിവസം ഭക്തന്മാര്‍ക്ക് മംഗളാദേവിയില്‍ എത്തിച്ചേരാം. മംഗളാദേവി ഉള്‍പ്പെടുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനം വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. കണ്ണകി ട്രസ്റ്റ്, തമിഴ്നാട് – ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവരാണ് ഉത്സവസംഘാടകര്‍.