India

ഹാഥ്റസ് ദുരന്തം: ആറ് പേർ അറസ്റ്റിൽ, മുഖ്യപ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം

ഹാഥ്റസ്: ഉത്തർപ്രദേശിലെ ഹാഥ്റസിൽ സത്സംഗ് പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരണപ്പെട്ട കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്‌തു. മുഖ്യപ്രതിയായ പ്രകാശ് മധുകറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി അലിഗഡ് ഐജി പറഞ്ഞു.

പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭോലെ ബാബയുടെ മുഖ്യ അനുയായിയാണ് മധുകർ. സർക്കാർ ഉദ്യോഗസ്ഥനായ ഇയാളാണ് സത്സംഗിന്റെ മുഖ്യസംഘാടകൻ. കുടുംബത്തോടൊപ്പം ഒളിവിലാണ് ഇയാൾ. മധുകറുൾപ്പെടെ 78 പേരാണ് പരിപാടിയുടെ സംഘാടകസമിതിയിൽ ഉണ്ടായിരുന്നത്.

സംഭവത്തിൽ ആൾദൈവം നാരായൺ സകർ ഹരി ഭോലെ ബാബയുടെ ആശ്രമത്തിൽ പൊലീസിന്റെ പ്രത്യേക സംഘം തിരച്ചിൽ നടത്തി. എന്നാൽ ആശ്രമത്തിനുള്ളിൽ ഇയാളെ കണ്ടില്ലെന്നു പൊലീസ് പറഞ്ഞു. ബാബയുമായി ബന്ധപ്പെട്ട ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ആശ്രമത്തിന്റെ ലിങ്ക് റോഡിൽ പൊലീസ് സംഘം കാവൽ നിൽക്കുകയാണ്.

ഭോലെ ബാബയുടെ ക്രിമിനൽ ചരിത്രത്തെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്നും ആവശ്യമുണ്ടായാൽ ഇയാളെ ചോദ്യംചെയ്യുമെന്നും അലിഗഡ് റെയ്ഞ്ച് ഐജി ശലഭ് മാഥുർ പറഞ്ഞു. ഈ അപകടം എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ എന്നും അന്വേഷിക്കുമെന്നും ഐജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വന്തമായി സംഘാടകത്വം നിർവ്വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പരിപാടി നടന്ന സ്ഥലത്തേക്ക് പൊലീസിനെ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.

ഹഥ്റാസ്‌ ദുരന്തത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.