Tech

റോബോട്ട് സ്വയം ജീവനൊടുക്കി! അന്വേഷണവുമായി ദക്ഷിണ കൊറിയ | South Korea investigates robot suicide

മനുഷ്യനെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന റോബോട്ടുകൾ ഇന്ന് നമുക്കിടയിലുണ്ട്. എന്നാൽ മനുഷ്യ സഹജമായ എല്ലാ വികാരങ്ങളും ഈ യന്ത്രങ്ങൾക്ക് സാധിക്കുമോ… ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രശ്നം നേരിട്ടാൽ ജീവിതം അവസാനിപ്പിച്ച് കളയാം എന്ന് ചിന്തിക്കുന്ന മനുഷ്യരെ കുറിച്ച് നാം കേട്ടിട്ടുണ്ടാകും. എന്നാൽ അങ്ങനെ ചിന്തിക്കുന്നത് ഒരു റോബോർട്ട് ആണെങ്കിലോ… കൗതുകൾ ലേശം കൂടി പോയി എന്ന് തോന്നുന്നുണ്ടോ എന്നാൽ സംഗതി സത്യമാണ്. റോബോട്ട് സ്വയം ജീവനൊടുക്കി എന്ന കൗതുകകരമായ വാര്‍ത്തയാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ നിന്നും വരുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തുകയാണ് ഇപ്പോള്‍ ദക്ഷിണ കൊറിയ. അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന സൈബോര്‍ഗിന്റെ ‘മരണത്തെ’ തുടര്‍ന്നാണ് ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്‍സില്‍ ആത്മഹത്യയെക്കുറിച്ച്‌ അന്വേഷിക്കുന്നത്.

റോബോര്‍ട്ടുകള്‍ക്കും ജോലി സമ്മര്‍ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ 26നാണ് ഗുമി സിറ്റി കൗണ്‍സില്‍ തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സൈബോര്‍ഗ് സ്‌റ്റെപ്പില്‍ നിന്നും വീണു ‘മരിച്ചു’വെന്ന് പ്രഖ്യാപിക്കുന്നത്. എന്നാല്‍ സൈബോര്‍ഗിന്റെ മരണം ആത്മഹത്യയാണെന്നാണ് ഇപ്പോള്‍ ഗുമി സിറ്റി കൗണ്‍സില്‍ സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിറ്റി കൗണ്‍സില്‍ ഓഫീസറായി സൈബോര്‍ഗിനെ നിയമിക്കുന്നത്. എലവേറ്റര്‍ ഉപയോഗിച്ച്‌ സ്വയം പല നിലകളിലൂടെയും സഞ്ചരിക്കാന്‍ സാധിക്കുന്നതായിരുന്നു സൈബോര്‍ഗ് . അതേസമയം സൈബോര്‍ഗിന്റെ മരണത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. എന്തിനാണ് സൈബോര്‍ഗ് ആത്മഹത്യ ചെയ്തതെന്നാണ് ഏറ്റവും പ്രധാനമായും ഉന്നയിക്കപ്പെടുന്ന ചോദ്യം. സൈബോര്‍ഗിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഗുമി സിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

കാലിഫോര്‍ണിയ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബിയര്‍ റോബോട്ടിക്‌സ് വികസിപ്പിച്ച ഈ സൈബോര്‍ഗ് സിറ്റി കൗണ്‍സിലറായി നിയമിക്കപ്പെടുന്ന ആദ്യത്തെ റോബോട്ട് ആയിരുന്നു. ഡോക്യുമെന്റ് വിതരണം, സിറ്റി പ്രൊമോഷന്‍, വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ ഇത് ചെയ്തിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മറ്റുള്ള തൊഴിലാളികളെ പോലെ തന്നെ രാവിലെ ഒമ്ബത് മണി മുതല്‍ വൈകുന്നേരം ആറ് വരെയായിരുന്നു സൈബോര്‍ഗിന്റെയും തൊഴില്‍ സമയം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ രേഖയും സൈബോര്‍ഗിനുണ്ടായിരുന്നു. നിലവില്‍ മറ്റൊരു റോബോട്ടിക് ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഗുമി സിറ്റി കൗണ്‍സില്‍ തീരുമാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. റോബോട്ടിക് സാങ്കേതിക വിദ്യ വലിയ രീതിയില്‍ സ്വീകരിക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. അന്താരാഷ്ട്ര റോബോട്ടിക്‌സ് ഫെഡറേഷന്‍ പ്രകാരം ലോകത്തിലെ ഏറ്റവും റോബോട്ടിക് സാന്ദ്രതയുള്ള രാജ്യം കൂടിയാണ് ദക്ഷിണ കൊറിയ. ഓരോ പത്ത് തൊഴിലാളികള്‍ക്കും ഒരു വ്യാവസായിക റോബോട്ട് എന്ന രീതിയിലാണ് ദക്ഷിണ കൊറിയയിലെ പ്രവര്‍ത്തനം.