Qatar

പാരീസ് ഒളിമ്പിക്‌സിനുള്ള അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ച് ഖത്തർ

പാരീസ് ഒളിമ്പിക്‌സിനുള്ള അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ച് ഖത്തർ അത്‌ലറ്റിക് ഫെഡറേഷൻ. ആറംഗ ടീമിനെ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് മുഅതസ് ബർഷിമാണ് നയിക്കുക. ടോക്യോ ഒളിമ്പിക്‌സിലെ സുവർണ താരം മുഅതസ് ബർഷിം തന്നെയാണ് ഇത്തവണയും ഖത്തറിന്റെ പ്രതീക്ഷ.

ഹൈജംപ് പിറ്റിൽ മുഅ്തസ് ഒരിക്കൽ കൂടി ഖത്തർ ദേശീയ ഗാനം മുഴക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മുഅതസ് അടക്കം അഞ്ച് ഖത്തരി അത്‌ലറ്റുകളാണ് ഇത്തവണ ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നത്. ഇവർക്കൊപ്പം വൈൽഡ് കാർഡ് എൻട്രിയുമായി വനിത സ്പ്രിന്റർ ഷഹദ് മുഹമ്മദും ടീമിലുണ്ട്. 800 മീറ്ററിൽ അബൂബക്കർ ഹൈദർ അബ്ദുല്ല ട്രാക്കിലിറങ്ങും. 400 മീറ്റർ ഹർഡിൽസിൽ മൂന്നുപേരാണ് ഖത്തറിനായി മത്സരിക്കുക. രണ്ടുതവണ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ അബ്ദുറഹ്‌മാൻ സാംബയെ കൂടാതെ ബാസിം ഹമീദ, ഇസ്മായിൽ ദാവൂദ് എന്നിവരും ഈയിനത്തിൽ മത്സരിക്കും.

നേരത്തെ 400 മീറ്റർ ഓടിയിരുന്ന ഷഹദ് മുഹമ്മദ് ഇത്തവണ 100 മീറ്ററിലാണ് മത്സരിക്കുക. 12.79 സെക്കൻഡ് ആണ് 100 മീറ്ററിലെ മികച്ച സമയം.ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്സിലെ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ആരംഭിക്കുന്നത് ആഗസ്റ്റ് ഒന്നിനാണ്. ഒളിമ്പിക്‌സ് ലക്ഷ്യമാക്കി തീവ്ര പരിശീലനത്തിലാണ് താരങ്ങൾ..