മുംബൈ: മുംബൈ നഗരത്തെ ഇളക്കി മറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ റോഡ് ഷോ. ട്വന്റി 20 ലോകകിരീടം നേടിയ രോഹിതും സംഘവും പ്രത്യേകം തയാറാക്കിയ തുറന്ന ബസിലാണ് ലോകകപ്പ് ട്രോഫിയുമായാണ് നഗരം ചുറ്റിയത്.
പതിനായിരങ്ങളുടെ ഹർഷാരവങ്ങൾക്കിടെ മുംബൈ മറൈൻ ഡ്രൈവിൽ നിന്നും ആരംഭിച്ച വിക്ടറി പരേഡ് വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്. റോഡ് ഷോ തുടങ്ങിയ ഉടൻ നായകൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോഹ്ലിയും ചേർന്ന് ലോകകപ്പ് ട്രോഫി ആരാധകർക്ക് മുന്നിൽ ഉയര്‍ത്തിക്കാണിച്ചു. മഴയെ പോലും അവഗണിച്ച് ജനസഹസ്രങ്ങളാണ് വിക്ടറി പരേഡില്‍ പങ്കെടുത്ത്. പിന്നാലെ വാങ്കഡെ സ്റ്റഡിയത്തില്‍ നടന്ന ചടങ്ങില്‍ ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപ പാരിതോഷികം ബിസിസിഐ കൈമാറി.
സ്‌നേഹവായ്പുകളേകാന്‍ മുംബൈ മറൈന്‍ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലും പതിനായിരക്കണക്കിന് പേരാണ് എത്തിയത്. ആരാധകരുടെ തിക്കുംതിരക്കുംമൂലം ടീം നരിമാന്‍ പോയിന്റിലെത്താന്‍ മണിക്കൂറുകളോളം വൈകി. ഒരുഘട്ടത്തില്‍ ഇനിയാരും മെൈറന്‍ ഡ്രൈവിലേക്ക് എത്തരുതെന്ന് മുംബൈ പോലീസിന് അറിയിപ്പ് നല്‍കേണ്ടിവന്നു. ഒടുവില്‍ ആരാധകരുടെ സ്‌നേഹക്കടലിലേക്ക് ചാമ്പ്യന്മാരെത്തി. തുറന്ന ബസില്‍ ആരാധകരോടൊപ്പം ലോകകപ്പ് വിജയം ആഘോഷമാക്കി ടീം ഇന്ത്യ നീങ്ങി.
വിക്ടറി പരേഡിന് ശേഷം ടീമിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ബിസിസിഐ ആദരം നല്‍കി. അഭിമാന നിമിഷമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ആരാധക പിന്തുണയ്ക്ക് പരിശീലകന്‍ ദ്രാവിഡും വിരാട് കോലിയും ജസ്പ്രിത് ബുംറയുമെല്ലാം നന്ദി അറിയിച്ചു. ഗ്രൗണ്ടിന് പുറത്തേക്ക് പോകുന്നതിന് മുന്‍പായി പന്തുകളില്‍ ഒപ്പിട്ടുനല്‍കുകയും സെല്‍ഫിയെടുക്കുകയും ഓട്ടോഗ്രാഫുകള്‍ നല്‍കുകയും ചെയ്തു.
അതിനിടെ കിരീടം സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എയര്‍ലൈന്‍ വിസ്താര ആദരം നല്‍കി. ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ ടീമംഗങ്ങളെയും വഹിച്ച് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ നമ്പര്‍ യു.കെ.1845 എന്നതായിരുന്നു. വിരാട് കോലിയുടെ ജഴ്‌സി നമ്പറായ പതിനെട്ടും രോഹിത് ശര്‍മയുടെ ജഴസി നമ്പറായ നാല്‍പ്പത്തഞ്ചും പ്രതിനിധാനം ചെയ്യുന്നു ഇത്. വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയും ആദരമര്‍പ്പിച്ചു.