പത്തനംതിട്ട : ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത റിക്കോർഡ് ചെയ്ത പ്രതിയുടെ സംഭാഷണം കോടതി കേൾക്കുന്നതിനിടെയാണ് സംഭവം.
ആറന്മുളയിൽ കോവിഡ് ബാധിതയായിരുന്ന പെൺകുട്ടിയെയാണ് രാത്രി ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസ് ഡ്രൈവറായ നൗഫൽ പീഡിപ്പിച്ചത്. പീഡനത്തിനിരയാക്കിയതിനു ശേഷം ആംബുലൻസിൽവച്ച് പ്രതി അതിജീവിതയോട് മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖയാണ് കേട്ടത്.
ബോധരഹിതയായ പെൺകുട്ടിയെ ഉടൻ അഭിഭാഷകരും കോടതി ജീവനക്കാരും ചേർന്ന് പുറത്തെത്തിച്ചു. പെൺകുട്ടിക്ക് ബോധം തെളിഞ്ഞശേഷം ഒന്നരമണിക്കൂർ കഴിഞ്ഞാണ് വിചാരണ പുനരാരംഭിച്ചത്. ഈ സമയം പ്രതി നൗഫലും കോടതിയിലുണ്ടായിരുന്നു.