കാലാവസ്ഥ വ്യതിയാനം നല്ലരീതിയില്‍ അഭിമുഖികരിക്കുന്നതിനാല്‍ സംസ്ഥാനത്തെ റോഡുകള്‍ വേഗത്തില്‍ നശിച്ചുപോകുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ റോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കണ്ട് താപനില വ്യതിയാനമനുസരിച്ച് ഡിസൈന്‍ ചെയ്യുന്ന റോഡുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ഇതിനായിട്ടുള്ള പഠനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. ഇതിനായി റോഡിലെ താപനിലയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന പ്രത്യേക ബിറ്റുമെന്‍ (പെര്‍ഫോമന്‍സ് ഗ്രേഡ്) ഉപയോഗിക്കുന്നു. കൂടാതെ പതിവായിട്ടുണ്ടാകുന്ന മഴമൂലം കേരളത്തിലെ റോഡുകള്‍ തകരുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിനും അതിനുള്ള പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം നടന്നു വരുകയാണ്.
റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റലുകളുടെ അമിത ആസിഡിറ്റിയാണ് റോഡുകളുടെ തകരാറുകള്‍ക്ക് ഒരു കാരണം എന്ന് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തുകയും, പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുയും ചെയ്‌തെന്നും മന്ത്രി അറിയിച്ചു. ജിയോ സെല്‍, ജിയോ സിന്തെറ്റിക് സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള നിര്‍മ്മാണത്തിന് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. നിരവധി ഗവേഷണങ്ങളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് ഈ മാനദണ്ഡം നടപ്പിലാക്കുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. അത് അനുസരിച്ചാണ് ഉപയോഗപ്പെടുത്തുന്നത്. കേരളത്തിലും ഈ സാങ്കേതിക വിദ്യ ഫലപ്രദമായി പൊതുമരാമത്ത് വകുപ്പ് ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ഇതിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കി വരുന്നെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ പാറകളില്‍ സിലിക്കയുടെ അതിപ്രസരമുണ്ടെന്നും ഇത് പാറകളുടെ അമ്ല സ്വഭാവം കൂട്ടുമെന്നും കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനനത്തില്‍ കണ്ടെത്തിയിരുന്നു. റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന മെറ്റലിലെ അമ്ല സാന്നിധ്യം കാരണം മെറ്റലുമായി ചേര്‍ക്കുന്ന ബിറ്റുമിനസ് മിശ്രിതത്തെക്കാള്‍ ആകര്‍ഷണം വെള്ളത്തോട് ഉണ്ടാകുന്നു. അത് കൂടുതല്‍ ഈര്‍പ്പം തങ്ങിനില്‍ക്കാനും അതുവഴി റോഡ് തകരാനും കാരണമാകും. അമ്ലസ്വഭാവം കുറച്ച് റോഡിനെ കരുത്തുറ്റതാക്കാന്‍ ഹൈഡ്രൈറ്റഡ് ലൈം (കുമ്മായം), സിമന്റ് എന്നിവ ചേര്‍ത്ത് റോഡ് നിര്‍മിക്കണം. റോഡ് നിര്‍മാണത്തിന് ബിറ്റുമിന്‍ മിക്സ് തയ്യാറാക്കുമ്പോള്‍ അതില്‍ ആകെ ഉപയോഗിക്കുന്ന പാറയുടെ രണ്ട് ശതമാനം ഹൈഡ്രേറ്റഡ് ലൈം, മൂന്ന് ശതമാനം സിമന്റ് എന്നിവ ചേര്‍ക്കണം.
ഇത് റോഡിന്റെ ആയുസ് കൂട്ടും. നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ഈര്‍പ്പത്തെ പ്രതിരോധിക്കുമോ എന്ന പരിശോധന (ടിഎസ്ആര്‍ ) നിര്‍ബന്ധമാക്കണമെന്നും പഠനം പറയുന്നു. ആദ്യഘട്ട പഠനത്തില്‍ കേരളത്തിലെ തെക്കന്‍ ജില്ലകളിലെ വിവിധ ക്വാറികളില്‍ നിന്നുള്ള സാമ്പിളുകളാണ് ശേഖരിച്ചത്. പഠനത്തിന്റെ രണ്ടാം ഘട്ടത്തില്‍ മറ്റ് ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കും. കൂടുതല്‍ വിശദമായ പഠനം തുടര്‍ന്നും നടത്തും. കേരള സര്‍വകലാശാല ജിയോളജി വിഭാഗത്തിന്റെ കൂടി സഹകരണത്തോടെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 10 പേരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.