പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. ഉപതിരഞ്ഞെടുപ്പിലെ വിജയം തൃശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘നിങ്ങള്‍ പാലക്കാട് തന്നോളൂ, കേരളം ഞങ്ങള്‍ ഇങ്ങെടുക്കും. ട്രോളുകള്‍ വന്നാല്‍ ബിജെപി വിജയിക്കും. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സെമി ഫൈനലാണ് ഈ ഉപതിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കണം’, സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള ബി ജെ പി ഒരുക്കം തുടങ്ങിയ പ്രചരണ പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമുള്ള സ്വീകരണത്തോടെയാണ് പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി ജെ പി തുടക്കം കുറിച്ചത്.
പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി, വയനാട് വിട്ടതോടെ ഇവിടെയും ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
തൃശൂരിലെ ജയം പാലക്കാടും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. മാത്തൂർ, കണ്ണാടി, പിരായിരി പഞ്ചായത്തുകളിലും പാലക്കാട് നഗരസഭാ പരിധിയിലും അടിത്തട്ടിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ ഇറക്കി ഇഞ്ചോടിഞ്ച് മത്സരം കാഴ്ച വെച്ച ബി ജെ പി ഇത്തവണ വിജയം ഉറപ്പിച്ചാണ് പോരിനിറങ്ങുന്നത്.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാ സജീവ പരിഗണനയിലുള്ളത്.
അതേസമയം, കേരളത്തിലെ ബി.ജെ.പിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കറെ വീണ്ടും തെരഞ്ഞെടുത്തു. വി മുരളീധരന് വീണ്ടും ദേശീയ നേതൃത്വത്തിലെത്തി. ഏഴ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ സഹചുമതലയാണ് വി. മുരളീധരന് നല്‍കിയത്. അനില്‍ ആന്റണിയെ മേഘാലയയുടെയും നാഗാലാൻഡിന്റെയും ചുമതലയുള്ള പ്രഭാരിയായും നിയമിച്ചു.