Saudi Arabia

ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സാന്നിധ്യം, ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം

സൗദിയിലെ ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സാന്നിധ്യമായ നൂണിന്റെ സിഇഒ ഫറാസ് ഖാലിദിന് സൗദി പൗരത്വം

റിയാദ് : ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം. സൗദിയിലെ ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സാന്നിധ്യമാണ് അദ്ദേഹം. നൂണിന്റെ സിഇഒ ഫറാസ് ഖാലിദിന് സൗദി പൗരത്വം നൽകി റോയൽ കോർട്ട് ഉത്തരവ് പുറത്തിറക്കി. വിവിധ മേഖലകളിലെ പ്രതിഭകൾക്ക് സൗദി പൗരത്വം നൽകുന്നതിന്റെ ഭാഗമായാണ് ഫറാസ് ഖാലിദിനും പൗരത്വം നൽകുന്നത്. പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ കോളജിൽനിന്ന് സംരംഭകത്വ മാനേജ്‌മെന്റിൽ എംബിഎ നേടിയ ഫറാസ് ഖാലിദ് നേരത്തെ നംഷിയുടെ മാനേജിങ് ഡയറക്ടറായി സേവനം ചെയ്തിരുന്നു.

നംഷിയുടെ സഹസ്ഥാപകൻ കൂടിയാണ് ഫറാസ് ഖാലിദ്. 2012-ലാണ് ഓൺലൈൻ ഫാഷൻ റീട്ടെയിലർ സ്ഥാപനമായ നംഷി സ്ഥാപിച്ചത്. പിന്നീട് സൗദി അറേബ്യയിലെ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൂണിന്റെ സിഇഒ ആയി ചുമതലയേൽക്കുകയായിരുന്നു. നൂണിന്റെ ഇൻഫ്രാസ്ട്രക്ചറും അതിന്റെ ടെക് പ്ലാറ്റ്‌ഫോം നിർമിക്കുന്നതിനും ഫറാസ് നേതൃത്വം നൽകി.

കമ്പനികളെ ഇൻകുബേറ്റ് ചെയ്യുന്ന നിക്ഷേപ കമ്പനിയായ റോക്കറ്റ് ഇന്റർനെറ്റ് എസ്ഇയുടെ മാനേജിങ് ഡയറക്ടറായ ഹിഷാം സർഖ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും പേരുകേട്ട മവൂദ്3.കോം (Mawdoo3.com) ന്റെ സിഇഒ റാമി അൽ ഖവാസ്മി, സൗദി അറേബ്യയിലെ വാണിജ്യ, വിപണി സംവിധാനത്തെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള ബ്രിട്ടിഷ് പൗരൻ ജോനാഥൻ എബ്രഹാം മാർഷലിനും സൗദി പൗരത്വം അനുവദിച്ചു.

ചികിത്സാ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്ന ഹെവല്യൂഷന്‍ ഫൗണ്ടേഷന്‍ സിഇഒയും അമേരിക്കന്‍ പൗരനുമായ മഹ്മൂദ് ഖാന്‍, സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എന്‍ജിനീയങ് ആൻഡ് നാനോ ടെക്‌നോളജി സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറായി 2003 മുതല്‍ 2018 വരെ സേവനമനുഷ്ഠിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞ ജാക്കി യി റു യിംഗ്, ലെബനീസ് ശാസ്ത്രജ്ഞയായ നെവിന്‍ ഖശാബ്, 1995 ല്‍ മോണ്ട്‌പെല്ലിയര്‍ സര്‍വകാലാശാലയില്‍ നിന്ന് മെംബ്രണ്‍ വേര്‍തിരിക്കല്‍ സാങ്കേതികവിദ്യയിൽ ഡോക്ടറേറ്റ് നേടിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായ നൂറുദ്ദീന്‍ ഗഫൂർ, എംബിസി ഈജിപ്ത് ചാനല്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍മുഅ്താൽ എന്നിവർക്കും പൗരത്വം നൽകി. വിവിധ മേഖലകളില്ലുള്ള പ്രതിഭകൾക്ക് പൗരത്വം നൽകാനാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടിരിക്കുന്നത്.