Health

ഉപ്പൂറ്റി വിണ്ട് കീറുന്നുണ്ടോ? അറിയാം കാരണങ്ങളും, പരിഹാരവും- Major causes of cracked feet

പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ചര്‍മ്മത്തനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ പല വിധത്തിലാണ് നമ്മെ ബാധിക്കുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. എന്നാല്‍ പാദങ്ങള്‍ വിണ്ടു കീറുന്നത് അത്ര നിസാരമായി കാണേണ്ട. കാലുകളിലെ ചര്‍മ്മത്തിലെ ഈര്‍പ്പം മുഴുവനായി നഷ്ടപ്പെടുന്ന അവസ്ഥയാണ് കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നത്. കാല്‍പ്പാദം വിണ്ടുകീറുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്നോ..

  • കൂടുതല്‍ നേരം നില്‍ക്കുന്നത്
  • നിലത്തിന്റെ കാഠിന്യം
  • അമിതവണ്ണം
  • ചില ചെരിപ്പുകള്‍
  • കൂടുതല്‍ നേരം വെള്ളത്തില്‍ ചവിട്ടി നില്‍ക്കുന്നത്
  • പ്രായം
  • കൂടുതല്‍ സമയം കുളിക്കുന്നത്
  • ചില വിറ്റാമിന്റെ അഭാവം
  • സോപ്പ് ഉപയോഗിക്കുന്നത്
  • കൂടുതല്‍ ഉരക്കുന്നത്
  • വെള്ളം കുടിക്കാത്തത്

കാലുകള്‍ വിണ്ടുകീറുന്നത് തടയുന്നതിനായി വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു..

  • വെളിച്ചെണ്ണ

എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കാല് മസാജ് ചെയ്യുന്നത് ഉത്തമമാണ്. രാത്രി സമയങ്ങളില്‍ മസാജ് ചെയ്യുക. രാവിലെ വെളിച്ചെണ്ണ കഴുകി കളയാം.

 

  • പഞ്ചസാര

പഞ്ചസാര ഒലിവ് ഓയലുമായി ചേര്‍ത്ത് മിക്‌സ് ചെയ്ത് വിണ്ടു കീറിയ സ്ഥലങ്ങളില്‍ മസാജ് ചെയ്യുന്നത് ഉത്തമമാണ്. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യാം.

  • വാഴപ്പഴം

വീട്ടില്‍ ഏറ്റവും സുലഭമായി കിട്ടുന്നൊന്നാണ് വാഴപ്പഴം. പഴം പേസ്റ്റ് രൂപത്തിലാക്കി കാലിലെ വിണ്ടു കീറിയ ഭാഗത്ത് തേക്കുക. പത്തു മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ദിവസേന ചെയ്യുന്നത് ഫലപ്രദമാണ്.

  • നാരങ്ങാനീര്

കാല് വിണ്ടു കീറുന്നത് തടയാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാ നീര്. നാരങ്ങയുടെ നീര് കാലില്‍ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇതാവര്‍ത്തിക്കുന്നത് ഫലപ്രദമാണ്.

  • തേന്‍

ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയ തേന്‍ പാദങ്ങള്‍ മോയ്സ്ചറൈസ് ചെയ്യാന്‍ ഉത്തമമാണ്. ഒരു കപ്പ് തേന്‍, അര ബക്കറ്റ് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. 10-20 മിനിറ്റു വരെ ഇതില്‍ കാലുകള്‍ മുക്കി വെക്കാം.

  • മഞ്ഞളും തുളസിയും

മഞ്ഞളും തുളസിയും കര്‍പ്പൂരവും തുല്യ അളവിലെടുത്ത് അതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് ഉപ്പൂറ്റിയില്‍ തേക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

  • ആര്യവേപ്പില

ആര്യവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി വിള്ളലുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ഇതു 10 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ആവര്‍ത്തിക്കാം…