ഒരുകാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്നു ഇന്ത്യ. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യാക്കാരാണ് ഏറെയും. ഇന്ത്യാക്കാരില്ലാത്ത ബ്രിട്ടീഷ് പാര്‍ലമെന്റിനെ കുറിച്ച് ബ്രിട്ടീഷ് ജനതയ്ക്ക് ചിന്തിക്കാനാവില്ലെന്നായിരിക്കുന്നു. യു.കെയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിലാണ് ലേബര്‍ പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് കെയര്‍ സ്റ്റാര്‍മര്‍. ഇദ്ദേഹത്തിനൊപ്പം പാര്‍ലമെന്റിലേക്ക് ഇന്ത്യാക്കാരായ നിരവധി പേരാണ് എത്തുന്നത്. പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്ന ഋഷി സുനകും ഇന്ത്യന്‍ വംശജനാണ്.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍, 680 സീറ്റുകളിലേക്ക് 107 ബ്രിട്ടീഷ്-ഇന്ത്യന്‍ വംശജരാണ് മത്സരിച്ചിരുന്നത്. പുതിയ ഹൗസ് ഓഫ് കോമണ്‍സില്‍ സ്ഥാനമൊഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ എം.പിമാര്‍ ഇത്തവണ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യെ കാലങ്ങളോളം കോളനിയാക്കി വെട്ടിരുന്ന സൂര്യനസ്തമിക്കാത്ത നാടിന്റെ പരമോന്നത പാര്‍ലമെന്റില്‍ ഇരിക്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്. ഋഷി സുനകിന്റെ മന്ത്രിസഭയിലും ഇന്ത്യന്‍ വംശജര്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് എംപിമാര്‍ ആരൊക്കെയാണെന്ന് നോക്കാം.
ഋഷി സുനക്
ആദ്യത്തെ ബ്രിട്ടീഷ് ഏഷ്യന്‍ പ്രധാനമന്ത്രി എന്ന ഖ്യാതിയോടെയാണ് അദ്ദേഹം പദവിലെത്തുന്നത്. ബോറിസ് ജോണ്‍സന്റെ കീഴില്‍ 2020 മുതല്‍ 2022 വരെ ചാന്‍സലര്‍ ഓഫ് ദി എക്സ്ചീക്കര്‍ ഉള്‍പ്പെടെ രണ്ട് കാബിനറ്റ് പദവികള്‍ സുനക് വഹിച്ചിരുന്നു. 2015 മുതല്‍ 2024 വരെ റിച്ച്മണ്ടിന്റെ (യോര്‍ക്ക്) പാര്‍ലമെന്റ് അംഗമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ റിച്ച്മണ്ട് കൂടാതെ, നോര്ത്തല്ലെര്ട്ടണിന്റെയും എം.പിയാണ് അദ്ദേഹം. ദൗര്‍ഭാഗ്യവശാല്‍ സുനകിന്റെ പാര്‍ട്ടിക്ക് വന്‍ പരാജയം ഏറ്റു വാങ്ങേണ്ടി വന്നതോടെ സ്ഥാനം നഷ്ടപ്പെട്ടു. തോല്‍വി ഏറ്റു പറയുകയും ജനങ്ങളോട് മാപ്പു പറയുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ കാലങ്ങളില്‍ യു.കെയുടെ അമരത്ത് എത്താന്‍ ഒരു ഇന്ത്യന്‍ വംശജന് കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. സുനക് നോര്‍ത്ത് ഇംഗ്ലണ്ട് സീറ്റില്‍ വിജയിച്ചെങ്കിലും 378 സീറ്റുകള്‍ നേടി വിജയകുതിപ്പ് നടത്തിയ ലേബര്‍ പാര്‍ട്ടിക്കു മുമ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പരാജയം സമ്മതിക്കേണ്ടി വരികയായിരുന്നു.
ലിസ നന്തി
ലേബര്‍ പാര്‍ട്ടി അംഗമായ ലിസ നന്തി 19,401 വോട്ടുകള്‍ക്കാണ് വിഗാന് സീറ്റില്‍ അനായാസം വിജയിച്ചത്. 2010 മുതല്‍ അവര്‍ ഈ സീറ്റിനെ പ്രതിനിധീകരിക്കുന്നുണ്ട്. റിഫോം യുകെയില്‍ നിന്നുള്ള ആന്‍ഡി ഡോബര് ആണ് 9,852 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി ഹെന്റി മിറ്റ്സണ് 4,310 വോട്ടുകളും നേടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഈ പരാജയം കനത്ത തിരിച്ചടിയായിരുന്നു. ബ്രിട്ടനിലെ വംശീയ ബന്ധങ്ങളില്‍ പ്രവര്‍ത്തനത്തിലൂടെ പ്രശസ്തനായ കൊല്‍ക്കത്തയില്‍ നിന്നുള്ള അക്കാദമിക് ദീപക് നന്തിയുടെ മകളാണ് ലിസ.
സോജന് ജോസഫ്
ആഷ്ഫോര്‍ഡില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 49 കാരനായ സോജന് ജോസഫ് കോട്ടയം സ്വദേശിയാണ്. കഴിഞ്ഞ 139 വര്‍ഷമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് ആഷ്ഫോര്‍ഡ് നിയന്ത്രിക്കുന്നത്. 74,000 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ മറ്റ് അഞ്ച് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിക്കൊണ്ടാണ് സോജന്റെ വിജയം
നവേന്ദു മിശ്ര
ലേബര്‍ പാര്‍ട്ടി അംഗമായ നവേന്ദു മിശ്ര സ്റ്റോക്ക്പോര്‍ട്ട് മണ്ഡലത്തില്‍ നിന്ന് വീണ്ടും വിജയിച്ചു. 2019ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നേരത്തെ സീറ്റ് ഉറപ്പിച്ചിരുന്നു. മിശ്രയുടെ അമ്മ ഗോരഖ്പൂര്‍ സ്വദേശിയും പിതാവ് ഉത്തര്‍പ്രദേശിലെ കാണ്പൂരുമാണ്. 21,787 വോട്ടുകള്‍ക്കാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റോക്ക്പോര്‍ട്ട് മണ്ഡലം 1992 മുതല്‍ തുടര്‍ച്ചയായി ലേബര്‍ പാര്‍ട്ടിയുടെ കോട്ടയാണ്.
ഗഗന് മൊഹീന്ദ്ര
പഞ്ചാബി ഹിന്ദു കുടുംബത്തില്‍ ജനിച്ചതും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവുമായ ഗഗന് മൊഹീന്ദ്ര യുകെ പൊതുതെരഞ്ഞെടുപ്പില്‍ സൗത്ത് വെസ്റ്റ് ഹെര്‍ട്സില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 16,458 വോട്ടുകള്‍ക്ക് അദ്ദേഹം വിജയിച്ചപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റ് സാലി സിമിംഗ്ടണ് 12,002 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മൊഹീന്ദ്രയുടെ മാതാപിതാക്കള്‍ പഞ്ചാബില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരാണ്, അദ്ദേഹത്തിന്റെ മുത്തശ്ശന് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചുച്ചിട്ടുണ്ട്.
ശിവാനി രാജ
മുന്‍ എംപിമാരായ ക്ലോഡ് വെബ്, സ്വതന്ത്രരായി മത്സരിച്ച കീത്ത് വാസ് എന്നിവരെ പരാജയപ്പെടുത്തിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ശിവാനി രാജ ലെസ്റ്റര്‍ ഈസ്റ്റില്‍ വിജയം ഉറപ്പിച്ചത്. ലെസ്റ്ററില്‍ ജനിച്ച രാജ, ഹെറിക് പ്രൈമറി, സോര്‍ വാലി കോളേജ്, വിഗ്സ്റ്റണ്‍ ആന്‍ഡ് ക്വീന്‍ എലിസബത്ത് കക കോളേജ് എന്നിവിടങ്ങളിലാണ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. ഡി മോണ്ട്ഫോര്ട്ട് യൂണിവേഴ്സിറ്റിയില്‍ നിന്ന് കോസ്മെറ്റിക് സയന്‍സില്‍ ഫസ്റ്റ് ക്ലാസ് ഓണേഴ്സോടെ ബിരുദവും നേടിയിട്ടുണ്ട്.
പ്രീത് കൗര്‍ ഗില്‍
ലേബര്‍ പാര്‍ട്ടി അംഗമായ പ്രീത് കൗര്‍ ഗില്‍ ബര്‍മിംഗ്ഹാം എഡ്ജ്ബാസ്റ്റണില് നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ പ്രാഥമിക ശുശ്രൂഷയുടെയും പൊതുജനാരോഗ്യത്തിന്റെയും ഷാഡോ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കനിഷ്ക നാരായണന്
ലേബര്‍ പാര്‍ട്ടിയുടെ നേതാവായ കനിഷ്ക നാരായണന്, ന്യൂനപക്ഷ പശ്ചാത്തലത്തില്‍ നിന്നുള്ള വെല്‍ഷ് വംശജനായ ആദ്യ എംപിയായി ചരിത്രം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പില്‍ മുന്‍ വെല്‍ഷ് സെക്രട്ടറി അലന് കെയിന്സിനെയാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയില്‍ ജനിച്ച നാരായണ്‍ 12-ആം വയസ്സിലാണ് കാര്‍ഡിഫിലേക്ക് താമസം മാറുന്നത്. ”പഴയ എറ്റോണിയന്‍ സ്കോളര്‍ഷിപ്പ് സ്വീകര്‍ത്താവും ഗ്ലാമോര്‍ഗനിലെ ഉദ്യോഗസ്ഥനും” എന്നാണ് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ഒരു സുപ്രധാന നാഴികക്കല്ലായാണ് കണക്കാക്കുന്നത്.
പ്രീതി പട്ടേല്‍
മുന്‍ ആഭ്യന്തര സെക്രട്ടറികൂടിയായ പ്രീതി പട്ടേല്‍ എസെക്സിലെ വിതാമില്‍ 37.2 ശതമാനം വോട്ട് നേടി. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ രണ്ടാം സ്ഥാനത്തെക്ക് പിന്തള്ളി ഉജ്വല വിജയമാണ് നേടിയത്. ഗുജറാത്തില്‍ നിന്നുള്ള പ്രീതി, 2019 മുതല്‍ 2022 വരെ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. 2010 മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും വിതാമിന്റെ എംപിയുമാണ്.
സുല്ല ബ്രാവര്മാന്
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് സുല്ല ബ്രാവര്മാന് ഫെയര്‍ഹാം, വാട്ടര്‍ലൂവില്‍ സീറ്റില്‍ നിന്നാണ് വിജയിച്ചത്. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ക്യാബിനറ്റിലെ ഏറ്റവും പുതിയ മാറ്റങ്ങളില്‍ ഇന്ത്യന്‍ പൈതൃകമുള്ള ബ്രാവര്‍മാനെ മാറ്റി ജെയിംസ് ക്ലെവര്‍ലി ആഭ്യന്തര മന്ത്രിയാക്കിയിരുന്നു. വെല്ലുവിളിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്നും അവരെ പുറത്താക്കുകയും ചെയ്തു.
CONTENT HIGHLIGHTS;Indian Parliament in Britain?: From Malayalam to Gujarati Here: Who Are They?