ഹൈദരാബാദ്: തെലങ്കാനയിൽ ബി.ആർ.എസ് എം.എൽ.എ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഗഡ്‌വാൾ എം.എൽ.എ ബന്ദ്ല കൃഷ്ണമോഹൻ റെഡ്ഡിയാണ് കോൺഗ്രസിലെത്തിയത്. മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി തന്റെ വസതിയിൽ വച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഇതോടെ, കോൺഗ്രസിൽ ചേരുന്ന ഏഴാമത്തെ ബി.ആർ.എസ് എം.എൽ.എയാണ് ബന്ദ്ല കൃഷ്ണ മോഹൻ റെഡ്ഡി.
നേരത്തെ ബി.ആർ.എസിന്റെ ആറ് എം.എൽ.എമാർ പാർട്ടിവിട്ട് കോൺഗ്രസിൽ എത്തിയിരുന്നു. കഡിയം ശ്രീഹരി, ദാനം നാഗേന്ദർ, തെല്ലം വെങ്കട്ട് റാവു, പോചരം ശ്രീനിവാസ് റെഡ്ഡി, സഞ്ജയ് കുമാർ, കാലെ യാദയ്യ എന്നിവരാണ് കോൺഗ്രസിൽ ചേർന്നിരുന്നത്. കഴിഞ്ഞദിവസം ആറ് എം.എൽ.സിമാരും ഒരുമിച്ച് കോൺഗ്രസിലെത്തിയിരുന്നു.
ദാണ്ഡെ വിട്ടൽ, ഭാനുപ്രസാദ് റാവു, എം.എസ് പ്രഭാകർ, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന ബി.ആർ.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവുവും കഴിഞ്ഞദിവസം കോൺഗ്രസിൽ ചേർന്നിരുന്നു.