കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസ് ആക്രമണത്തിലെ പ്രതികളുടെ വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് അജ്മലിന്റെ പിതാവും മാതാവും കെ.എസ്.ഇ.ബി ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു.
പ്രതിഷേധത്തിനിടെ അജ്മലിന്റെ ഉപ്പ റസാഖ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു.
അജ്മലിന്റെ ഉപ്പ റസാഖിന്റെ പേരിലാണ് വൈദ്യുതി കണക്ഷന്. പ്രായമായ ഉപ്പയും ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. റസാഖ് ഒരുഭാഗം തളര്‍ന്ന രോഗിയാണെന്നും തങ്ങള്‍ക്ക് വെള്ളവും വെളിച്ചവും ഇല്ലെന്നും ഉമ്മ നേരത്തേ പറഞ്ഞിരുന്നു.
ഓഫീസ് ആക്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇവരുടെ വീടുകളിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചുകൊണ്ടുള്ള കെ.എസ്.ഇ.ബിയുടെ പ്രതികാര നടപടി. സി.എം.ഡി. ബിജു പ്രഭാകറിന്റെ ഉത്തരവ് പ്രകാരമാണ് വൈദ്യുതി കണക്ഷന് വിച്ഛേദിച്ചത്.
ഓഫീസ് ആക്രമണത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കെ.എസ്.ഇ.ബി പറയുന്നത്. കെഎസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അക്രമത്തിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് വീട്ടിൽ ഫ്യൂസ് ഊരാനെത്തിയ ലൈൻമാനെ യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ ആദ്യം ആക്രമിച്ചത്. പിന്നീട് ഇന്ന് രാവിലെ സഹോദരനൊപ്പം തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി കമ്പ്യൂട്ടർ അടക്കമുള്ള സാധനങ്ങൾ തല്ലി തകർക്കുകയും അസിസ്റ്റൻ്റ് എൻജിനീയറായ പ്രശാന്തിനെ മർദിക്കുകയും ചെയ്തു.
തുടർന്ന് ഇന്ന് വൈകീട്ടാണ് അജ്മലിൻ്റെയും കൂടെയുണ്ടായിരുന്ന ഷഹദാദിൻ്റെയും വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ കെഎസ്ഇബി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഉത്തരവിട്ടത്.