ലോകത്ത് ഏഴ് അത്ഭുതങ്ങൾ ഉണ്ടെന്ന് നമുക്കറിയാം , എന്നാൽ എട്ടാമത് അത്ഭുതം എന്നറിയപ്പെടുന്ന ഒരിടമുണ്ട് . ടണ്‍ കണക്കിന് സ്വർണവും രത്നങ്ങളും മഞ്ഞക്കുന്തിരിക്കവും ഉപയോഗിച്ചു നിർമിച്ച ഒരു മുറിയാണത് – ആംബർ റൂം ,അതാണ് ആ അത്ഭുതത്തിന്റെ പേര് .ഇന്നത്തെ വിലയനുസരിച്ചു നോക്കിയാൽ ഈ മുറിയുടെ മൂല്യം ഏകദേശം 250 ദശലക്ഷം പൗണ്ട് അതായത് 2000 കോടി രൂപ വരും. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സാർ ചക്രവർത്തിയുടെ കൊട്ടാരമായ കാതറിൻ പാലസിലാണ് ആർഭാടത്തിന്റെ മറ്റൊരു പേരായ ഈ അംബർ റൂം ഉണ്ടായിരുന്നത് . പ്രഷ്യയുടെ ഭരണാധികാരി ഫ്രഡറിക് ഒന്നാമനു വേണ്ടിയാണ് അപൂർവ വസ്തുക്കൾ കൊണ്ട് ഈ സുവർണ മുറി നിർമിച്ചത്. ആംബറെന്ന അമൂല്യ വസ്തുവായിരുന്നു ഇതിൽ പ്രധാനം. പിന്നീട് ഇത് റഷ്യയിലെ സാർ പീറ്റർ ദ് ഗ്രേറ്റിന് സമ്മാനമായി നൽകുകയായിരുന്നു.
11 അടി ഉയരമുള്ള മുറിയിൽ സ്വർണ ഫ്രെയിമുകളിൽ ഘടിപ്പിച്ച കൂറ്റൻ നിലക്കണ്ണാടികളും ശോഭ കൂട്ടാൻ രത്നക്കല്ലുകളും. മെഴുകുതിരിയുടെ തിളക്കത്തിൽ ഈ രത്നക്കല്ലുകളുടെ ശോഭ പത്തിരട്ടിയാകും. എന്നാൽ ഹിറ്റ്‌ലറുടെ നാസി പട്ടാളം 1941ൽ കരയിൽ നിന്നും ആകാശത്തു നിന്നും അക്രമിച്ച് ആംബർ റൂം സ്ഥിതി ചെയ്തിരുന്ന നഗരം തകർത്തു . ശേഷം ആംബർ റൂം സൂക്ഷിച്ചിരുന്ന സെന്റ് പീറ്റേഴ്സ്ബർഗിലെ കാതറിൻ കൊട്ടാരത്തിലേക്ക് ഹിറ്റ്‌ലറുടെ നാസി പട്ടാളം മാർച്ച് ചെയ്തു. റൂമിനെ പല കഷ്ണങ്ങളാക്കി ജർമ്മനിയിലേക്ക് കടത്തി. അകത്തെന്താണെന്നറിയാത്ത വിധം മൂടിയിട്ടായിരുന്നു വാഗണുകൾ പോയത്. വൈകാതെ യുദ്ധത്തിൽ ജർമനി പരാജയപ്പെടുകയും ചെയ്തു. അപ്പോഴും ആംബർ റൂമിനെപ്പറ്റി ആർക്കും വിവരമുണ്ടായിരുന്നില്ല. ജർമനി അതു നശിപ്പിച്ചുകളഞ്ഞെന്നായിരുന്നു ഭൂരിപക്ഷവും വിശ്വസിച്ചത്. പക്ഷേ കോടിക്കണക്കിനു രൂപ മൂല്യമുള്ള സ്വർണവും രത്നവുമെല്ലാം നിറഞ്ഞ ആ മുറി എല്ലാക്കാലത്തും നിധിവേട്ടക്കാരുടെ സ്വപ്നമായിരുന്നു.
ഹിറ്റ്‌ലർ ഇല്ലാതായതിനു ശേഷം ചരിത്രകാരന്മാർ ആദ്യം അന്വേഷിച്ചവയിൽ ആംബർ റൂമുമുണ്ടായിരുന്നു. എന്നാൽ എത്ര അലഞ്ഞിട്ടും കണ്ടെത്താനായില്ല. എന്നാൽ ദശകങ്ങൾക്ക് ശേഷം പോളണ്ടിലെ മമെർകി ബങ്കർ മ്യൂസിയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ആംബർ റൂം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തി . ജിയോ–റഡാർ സാങ്കേതികതയാണ് ഇക്കാര്യത്തിൽ സഹായിച്ചത്. ഭൂമിയെ തുളച്ചു കടന്നുപോകുന്ന തരം റഡാർ രശ്മികളാണിത് . അത്തരത്തിൽ നടത്തിയ പരിശോധനയിൽ ഭൂമിക്കടിയില്‍ ഒരു ചെറുവാതിൽ കണ്ടെത്തി . അതിന്റെ തൊട്ടുമുകളിലാകട്ടെ ഒരു വമ്പൻ മരവും വളർന്നിരിക്കുന്നു. മണ്ണിന്റെ ആ ഭാഗം കുഴിച്ചു നോക്കിയാൽ മാത്രമേ താഴെ എന്താണെന്ന് അറിയാനാകൂ. മരത്തിന് ഏകദേശം 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അത്രയും കാലം ആരും വാതിൽ തുറക്കാതിരുന്നതിനാലാണു മരം പടർന്നു പന്തലിച്ചതെന്നും നിധിവേട്ടക്കാർ പറയുന്നു. എന്നാൽ അതല്ല ബാൾട്ടിക് കടലിന്റെ അടിത്തട്ടിൽനിന്ന് ആംബർ റൂം കടത്തിയെന്നു കരുതുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് മറ്റൊരു ഡൈവർ സംഘം അവകാശമുന്നയിച്ചിരുന്നു .
സോവിയറ്റ് യുദ്ധവിമാനങ്ങൾ ആക്രമണം ശക്തമാക്കിയതോടെ നിൽക്കക്കള്ളിയില്ലാതെ ജർമൻ സൈന്യം രക്ഷപ്പെട്ടത് ജർമനിക്കു കീഴിലുണ്ടായിരുന്ന തുറമുഖ നഗരമായ കോണിങ്സ്‌ബെർഗ് വഴിയായിരുന്നു. ഓപറേഷന്റെ ഭാഗമായിരുന്ന കാൾസ്റ എന്ന ആവിക്കപ്പലിലാണ് അന്ന് നാസികൾ രക്ഷപെട്ടത് . കിട്ടിയതെല്ലാമെടുത്തു സ്ഥലംവിടുന്നതിനു പകരം നാസികൾ പ്രാധാന്യം നൽകിയത് ആംബർ റൂം ഉണ്ടായിരുന്ന പെട്ടികൾക്കായിരുന്നു . കപ്പൽ അധികദൂരം സഞ്ചരിച്ചില്ല. സോവിയറ്റ് വിമാനങ്ങൾ പോളണ്ട് തീരത്തുവച്ച് കാൾസ്റയെ കടലിന്റെ ആഴങ്ങളിലേക്കു മുക്കി. ആംബർ റൂമിന്റെ രഹസ്യവും അതോടെ എന്നന്നേക്കുമായി മറയുകയായിരുന്നു. 2020 സെപ്റ്റംബറിൽ നിധിവേട്ട സംഘം അത് കണ്ടെത്തി. കാര്യമായ കേടുപാടുകളൊന്നും കൂടാതെയായിരുന്നു കപ്പലിന്റെ സ്ഥാനം. കടലിന്റെ ആഴങ്ങളിൽ നിന്ന് പെട്ടികൾ കരയിലെത്തിക്കുന്നതിന് സമയമെടുക്കും. കടലിനടിയിൽവച്ച് പെട്ടികൾ തുറന്നു നോക്കാനുമാകില്ല. അവശിഷ്ടങ്ങൾ കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ഡൈവർ സംഘമിപ്പോള്‍. 1716ലാണ് ആംബർ റൂം പണി പൂർത്തിയായത് . കണ്ടെത്തിയാൽ 304 വർഷത്തെ പഴക്കമുണ്ടാകും അതിന് . അതൊരു ചരിത്രസംഭവമാകുമെന്നതും ഉറപ്പാണ് .