പത്തനംതിട്ട : ഡ്യൂട്ടിക്കിടെ മദ്യപിച്ച കോന്നി അഗ്നിശമന സേന നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജ്യനല്‍ ഫയര്‍ ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍മാരായ വി ആര്‍ അഭിലാഷ്, എസ് ശ്യാംകുമാര്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്. ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസ് ഡയറക്ടര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ മദ്യവുമായി കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നിന് വൈകിട്ട് ഫയർ ആൻഡ് റെസ്‌ക്യു സർവീസ് ഡയറക്ടർ (ഭരണം) അരുൺ കോന്നി അഗ്നിരക്ഷാ നിലയത്തിലെത്തുമ്പോൾ ശ്യാംകുമാർ ഒരു ഗ്ലാസിൽ മദ്യവുമായി നിൽക്കുന്നതാണ് കണ്ടത് എന്നാണ് വിവരം . അന്ന് നിലയത്തിന്റെ ചുമതലയുള്ള അഭിലാഷുമായി ചേർന്ന് മദ്യപിക്കുകയായിരുന്നുവെന്ന് ഇയാൾ ഡയറക്ടർക്ക് മൊഴി നല്‍കിയിരുന്നു .
ഇതിന്റെ അടിസ്ഥാനത്തിലാണ് റീജിയണൽ ഫയർ ഓഫീസർ എ.ആർ. അരുൺ കുമാർ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഡയറക്ടറുടെ മിന്നൽ പരിശോധന സമയത്ത് നാലോളം പേർ അനധികൃതമായി ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിന്നിരുന്നുവെന്നും ഇവർക്കെതിരേ നടപടിയുണ്ടായിട്ടില്ലെന്നും പറയുന്നു. ഇങ്ങനെ മുങ്ങിയവരിൽ ഒരാൾ ഉന്നത ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ബന്ധുവായതാണ് നടപടി ഒഴിവാകാൻ കാരണമായിരിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു .
ഇപ്പോൾ സസ്‌പെൻഷനിലുള്ള രണ്ടു പേർ കൂടാതെ മറ്റു ചിലരും മദ്യപാന സദസിൽ ഉണ്ടായിരുന്നുവേണന്നു റിപ്പോർട്ടുകൾ . സ്ഥലം മാറിപ്പോയ ഒരു ജീവനക്കാരന്റെ ചെലവായിരുന്നു അന്ന് നടന്നത്. രണ്ടു പേർക്കെതിരേ മാത്രം നടപടിയുണ്ടാവുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തതിൽ ഒരു വിഭാഗം ജീവനക്കാര്‍ക്ക് അമർഷമുണ്ട് .