മലയാറ്റൂർ : വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് അപമര്യാദയായി പെരുമാറി. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.വി വിനോദിനെതിരെയാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.
കാലടി പൊലീസ് വിനോദിനെതിരെ കേസെടുത്തിട്ടുണ്ട്. ഏപ്രിൽ 14ന് രാവിലെ 7.30നു ഫോറസ്റ്റ് സ്റ്റേഷന്റെ സ്റ്റാഫ് ക്വാർട്ടേഴ്സിൽവച്ച് വിനോദ് ദുരുദ്ദേശ്യത്തോടെ പിന്നിൽ നിന്നു തോളത്തു പിടിച്ചെന്നു വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പരാതിയിൽ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിക്കു പരാതി കൊടുത്തതിനെ തുടർന്ന് വിനോദ് അപകീർത്തിപ്പെടുത്തിയെന്നും പരാതിയുണ്ടായിരുന്നു.
വനിതാ ഓഫിസറുടെ പരാതി കാലടി ഡിവിഷൻ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി പരിശോധിച്ചു. പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു നടപടി.